മെഡിക്കൽ കോളേജിനെ മാതൃകാ ആശുപത്രിയാക്കും
ആലപ്പുഴ; മെഡിക്കൽ കോളേജിനെ മാതൃകാ ആശുപത്രിയാക്കിമാറ്റാൻ എ.എം. ആരിഫ് എം.പി., എച്ച്. സലാം എം.എൽ.എ. എന്നിവർ പങ്കെടുത്ത ആശുപത്രി അധികൃതരുടെ യോഗത്തിൽ തീരുമാനം. ആരോഗ്യവകുപ്പുമന്ത്രിയെക്കൂടി പങ്കെടുപ്പിച്ച് കൂടുതൽ ചർച്ചനടത്തി ഇതിനുള്ള രൂപരേഖ പൂർത്തിയാക്കും.

കളക്ടർ എ. അലക്സാണ്ടർ, പ്രിൻസിപ്പൽ ഡോ. എം.ടി. വിജയലക്ഷ്മി, സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ, വകുപ്പുമേധാവികൾ എന്നിവരാണ് ഓൺലൈൻ യോഗത്തിൽ പങ്കെടുത്തത്. ഘട്ടംഘട്ടമായി ആശുപത്രിയിൽ സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയാണു ലക്ഷ്യം. വിവിധ വകുപ്പുകൾ അടിയന്തരമായി ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക തയ്യാറാക്കാൻ വകുപ്പുമേധാവികളോടു നിർദേശിച്ചു. തയ്യാറാക്കുന്ന പദ്ധതി വിവിധ ഏജൻസികളുടെ സഹായത്തോടെ ഏകോപിപ്പിക്കും. തുടർന്ന് സർക്കാർസഹായം, വിവിധ സ്ഥാപനങ്ങൾ, എം.പി., എം.എൽ.എ., സി.എ.എസ്.ആർ., ആശുപത്രിവികസന ഫണ്ടുകൾ എന്നിവയും ലഭ്യമാക്കി സമഗ്രവികസനം നടപ്പാക്കും.
സാധാരണക്കാരായ ജനങ്ങളുടെ ആശ്രയകേന്ദ്രമായ ആശുപത്രിയിൽ എല്ലാ ആധുനികചികിത്സയും ലഭ്യമാക്കും. ദീർഘവീക്ഷണത്തോടെയുള്ള കർമപദ്ധതിയാണു നടപ്പാക്കുന്നതെന്ന് എ.എം. ആരിഫ് എം.പി. പറഞ്ഞു. സർക്കാർസഹായമല്ലാതെ മറ്റു ഫണ്ടുകൾകൂടി സമാഹരിച്ച് ആശുപത്രിയുടെ പ്രവർത്തനം കുറ്റമറ്റതാക്കണമെന്നതാണു ലക്ഷ്യമെന്ന് എച്ച്. സലാം എം.എൽ.എ.യും പറഞ്ഞു.












Click it and Unblock the Notifications