വള്ളിക്കുന്നത്ത് വീട് കുത്തിത്തുറന്ന് 70 പവൻ കവർന്നു; നാടിനെ നടുക്കി മോഷ്ടാക്കൾ, സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കും
ആലപ്പുഴ: ആലപ്പുഴയിലെ വള്ളിക്കുന്നത്ത് വീട് കുത്തിത്തുറന്ന് 70 പവനിലധികം സ്വര്‍ണം കവര്‍ന്നു. ഉപ്പുകണ്ടം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി നാടിനെ നടുക്കിയ കവര്‍ച്ച നടന്നത്. വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് മുന്‍ വാതിലിന്റെ പൂട്ടു തകര്‍ത്ത് അകത്തു കയറിയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്.
സദാനന്ദന്റെ ജ്യേഷ്ഠന്‍ വ്യാഴാഴ്ച മരിച്ചിരുന്നു. ഇതേ തുടര്‍ന്ന് വീട്ടില്‍ നിന്ന് നാലു കിലോമീറ്ററോളം ദൂരെയുള്ള ജ്യേഷ്ഠന്റെ വീട്ടിലേക്ക് പോയതായിരുന്നു സദാനന്ദനും കുടുംബവും. പോകുന്ന സമയത്ത് കിടപ്പുമുറികളുടെ വാതിലുകള്‍ പൂട്ടാന്‍ മറന്നു പോയിരുന്നു. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുന്‍ വാതില്‍ കുത്തിത്തുറന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷണം പോയതായി കണ്ടെത്തിയിരുന്നു.

70 പവനിലധികം സ്വർണ്ണം മോഷണം പോയതായാണ് പരാതിയിൽ പറയുന്നത്. വള്ളികുന്നം പോലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കൃത്യമായ പരിശോധനകള്‍ക്ക് ശേഷമേ കൂടുതല്‍ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് പറയാന്‍ സാധിക്കൂവെന്ന് വള്ളികുന്നം പോലീസ് അറിയിച്ചു. പ്രദേശത്തെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.
സമാന കേസുകളിൽ അറസ്റ്റിലായിരുന്നവരെ ചോദ്യം ചെയ്യുകയും ഇത്തരത്തിൽ വിളിക്കുന്നത്ത് മോഷണം നടത്തിയത് സംബന്ധിച്ചും പൊലീസ് അന്വേഷിച്ചു വരികയാണ്. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയെങ്കിലും കാര്യമായ സൂചനകൾ ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്. പ്രതികളെ ഉടൻ പിടികൂടുന്നമെന്ന് വള്ളിക്കുന്നം പൊലീസ് പറഞ്ഞു.












Click it and Unblock the Notifications