ഈ സ്‌കൂളിലുണ്ട് ട്രിപ്പിള്‍ ഡബിള്‍ വിദ്യാര്‍ത്ഥികള്‍, ആദ്യദിനം ഒപ്പം ഇരട്ട അമ്മമാരും; അപൂര്‍വ മുഹൂര്‍ത്തം
ആലപ്പുഴ: ആലപ്പുഴ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കഴിഞ്ഞ ദിവസം സാക്ഷിയായത് അപൂര്‍വമായ മുഹൂര്‍ത്തത്തിന്. സ്‌കൂളില്‍ പ്ലസ് വണ്‍ ക്ലാസില്‍ ആദ്യദിനം പഠിക്കാനെത്തിയത് രൂപത്തിലും ഭാവത്തിലും ഒരുപോലെ സാമ്യമുള്ള പെണ്‍കുട്ടികളായ മൂന്ന് ജോഡി ഇരട്ടകളാണ്. ഇവര്‍ക്ക് കൂട്ടായി ഇരട്ടസഹോദരിമാരായ അമ്മമാരും എത്തിയത് കൗതുകമായി.
ആലപ്പുഴ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ ബയോളജി സയന്‍സ് ബാച്ചിലാണ് ഇരട്ടകുട്ടികളും ഇരട്ടകളായ അമ്മമാരും ഒന്നിച്ചെത്തിയത്. ഇത് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ കൗതുകക്കാഴ്ചയായി.

വിദ്യാര്‍ഥികളായ അലീന ഫിലോ വര്‍ഗീസ്, അനീറ്റ മരിയ വര്‍ഗീസ്, ലെന സുജിത്ത്, ലയ സുജിത്ത്, അഞ്ജന, അര്‍ച്ചന എന്നിവരാണ് ഇരട്ടക്കുട്ടികള്‍. അമ്മമാരായ സോബി ടിജോ, സോന സുജിത്ത് എന്നിവരാണ് ഇരട്ടസഹോദരങ്ങള്‍.
സോബിയുടെ മക്കളാണ് അലീനയും അനീറ്റയും. സോന സുജിത്തിന്റെ മക്കളാണ് ലെനയും ലയയും. ഇവര്‍ വീണ്ടും ഒരേ ക്ലാസ് മുറിയില്‍ ഒന്നിച്ചെത്തി എന്നതും മറ്റൊരു കൗതുകമായി. ആലപ്പുഴ തത്തംപള്ളി കണിയാംപറമ്പില്‍ ടിജോ-സോബി ദമ്പതികളുടെ മക്കളായ അലീനക്കും അനീറ്റക്കും എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് ലഭിച്ചിരുന്നു.
വയസാനാലും ഉന്‍ സ്‌റ്റൈലും അഴകും ഉന്നെ വിട്ടുപോകലെ..; കിടിലന്‍ ചിത്രങ്ങളുമായി രമ്യ കൃഷ്ണന്‍
പിതാവ് ടിജോ പലചരക്ക് കടയിലെ ജീവനക്കാരനാണ്. മാതാവ് സോബി ആലപ്പുഴ സി വി ഏജന്‍സീസിലെ ജീവനക്കാരിയും. രണ്ടാം ക്ലാസില്‍ പഠിക്കുന്ന അന്ന റോസ് ആണ് സഹോദരി. ആലപ്പുഴ കളരിക്കല്‍ പറമ്പില്‍ ഹൗസ് പി എ സുജിത്ത്-സോന ദമ്പതികളുടെ മക്കളായ ലെനക്ക് എസ് എസ് എല്‍ സിയില്‍ ഫുള്‍ എപ്ലസ് കിട്ടിയപ്പോള്‍ ലയക്ക് ഒമ്പത് എപ്ലസും ഒരു എയും നേടാനായി.
പിതാവ് സുജിത്തിന് സൗദി അറേബ്യയിലെ റിയാദിലാണ് ജോലി. ബിരുദപഠനത്തിന് തയാറെടുക്കുന്ന ലിഥിയ മൂത്തസഹോദരിയാണ്. ഒരേ കുടുംബത്തിലെ ഇരട്ടകളായ ഇവര്‍ നാല് പേരും ഒന്ന് മുതല്‍ എസ് എസ് എല്‍ സി വരെയുള്ള പഠനം പഴവങ്ങാടി സെന്റ് ആന്റണീസ് സ്‌കൂളിലെ ഒരേ ബെഞ്ചിലായിരുന്നു.
ആലപ്പുഴ വാടയ്ക്കല്‍ അക്ഷയ് നിവാസ് ഡി. ഷിബു-ധന്യ ദമ്പതികളുടെ മക്കളാണ് മൂന്നാമത്തെ ഇരട്ടകളാണ് അഞ്ജനയും അര്‍ച്ചനയും. ഷിബു കൈതവനയില്‍ സ്‌പ്രേ പെയ്ന്റിങ് തൊഴിലാളിയാണ്. മാതാവ് ധന്യ സ്വകാര്യകമ്പനിയിലെ ജീവനക്കാരിയാണ്. സഹോദരന്‍: എസ്. അക്ഷയ്.
ഇരുവരും പറവൂര്‍ പനയക്കുളങ്ങര വി എച്ച് എസ് സ്‌കൂളിലാണ് ഒന്ന് മുതല്‍ പത്താം ക്ലാസ് വരെ പഠിച്ചത്. അഞ്ജന ഫുള്‍ എ പ്ലസും അര്‍ച്ചന ഒമ്പത് എ പ്ലസും ഒരു എയും നേടി മികച്ച വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്.












Click it and Unblock the Notifications