ആലപ്പുഴയില്‍ ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ്, രണ്ട് പേര് പ്രവാസികള്‍; ജില്ലയില്‍ ആകെ 19 കേസുകള്‍
ആലപ്പുഴ: സംസ്ഥാനത്ത് ഇന്ന് സ്ഥിരീകരിച്ച 49 കൊവിഡ് കേസുകളില്‍ മൂന്ന് പേര് ആലപ്പുഴ ജില്ലക്കാര്‍. വിദേശത്ത് നിന്നെത്തിയ രണ്ട് പേര്‍ക്കും ബംഗളൂരുവില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മെയ് പത്തിന് മാലദ്വീപില്‍ നിന്നും കൊച്ചിയില്‍ കപ്പല്‍ മാര്‍ഗം എത്തിയ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച ഒരാള്‍. മാവേലിക്കര താലൂക്ക് സ്വദേശിയായ ഇദ്ദേഹം ആലപ്പുഴ ജില്ലയില്‍ എത്തിയ ശേഷം കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലായിരുന്നു.
മെയ് 18 - ന് അബുദാബി -- കൊച്ചി വിമാനത്തില്‍ എത്തിയ ചെങ്ങന്നൂര്‍ താലൂക്ക് സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച മറ്റൊരാള്‍. ഇയാളും ജില്ലയിലെ കോവിഡ് കെയര്‍ സെന്ററില്‍ ക്വാറന്റൈനിലായിരുന്നു. ബംഗളൂരുവില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ എത്തിയ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവതിയാണ് കോവിഡ് സ്ഥിരീകരിച്ച മൂന്നാമത്തെ ആള്. ഇവര്‍ ഹോം ക്വാറന്റൈനില്‍ ആയിരുന്നു. മൂന്നുപേരെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇതിനിടെ വിദേശത്തു നിന്നും വന്ന ഏഴ് പേരെ അമ്പലപ്പുഴ താലൂക്കിലെ കോവിഡ് കെയര്‍ സെന്ററില്‍ ഇന്ന് ഉച്ചയോടെ പ്രവേശിപ്പിച്ചു. സാന്‍ഫ്രാന്‍സിസ്ക്കോ- കൊച്ചി ഫ്ലൈറ്റില്‍ നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയവരെയാണ് കോവിഡ് കെയര്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. മൂന്ന് പുരുഷന്മാരും നാല് സ്ത്രീകളുമാണുള്ളത്.
ആലപ്പുഴ ജില്ലയിലെ രാജസ്ഥാനില്‍ നിന്നുള്ള 65 അതിഥി തൊഴിലാളികളെ ഇന്ന് (മെയ് 25) വൈകീട്ട് 9.50ന് കോഴിക്കോട് നിന്ന് പോകുന്ന ട്രെയിനില്‍ തിരിച്ചയയ്ക്കും. ജില്ലയില്‍ നിന്നും കെ.എസ്.ആര്.ടി.സി. ബസിലാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കുക. കാര്‍ത്തികപ്പള്ളി (21), ചേര്‍ത്തല(22), അമ്പലപ്പുഴ(19), കുട്ടനാട്(3) എന്നീ താലൂക്കുകളിലെ അതിഥി തൊഴിലാളികളെയാണ് രാജസ്ഥാനിലേക്ക് തിരിച്ചയയ്ക്കുന്നത്.
അതേസമയം, ഇന്ന് കേരളത്തില്‍ 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കൊല്ലം, കോട്ടയം ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും ഇടുക്കി ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേര് വിദേശത്ത് നിന്നും (യു.എ.ഇ.-13, ഒമാന്‍-2, സൗദി അറേബ്യ-1, മാലി ദ്വീപ്-1, കുവൈറ്റ്-1) 25 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-17, തമിഴ്നാട്-4, ഡല്‍ഹി-2, കര്‍ണാടക-2) വന്നതാണ്. 6 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.