ആലപ്പുഴയ്ക്ക് ഇന്ന് ആശ്വാസം; പുതിയ കൊവിഡ് കേസുകളില്ല, 3 പേര്‍ക്ക് രോഗമുക്തി
ആലപ്പുഴ: ജില്ലയ്ക്ക് ഇന്ന് ആശ്വാസമായി പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് ഒരു തിരുവനന്തപുരം സ്വദേശി ഉള്‍പ്പടെ ജില്ലയില്‍ മൂന്ന് പേര്‍ക്ക് രോഗം മുക്തി നേടി ആശുപത്രിവിട്ടു. ഇതോടെ ജില്ലയില്‍ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 95 ആയി. ജില്ലയിലെ ആകെ 13223 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ 113 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് മാത്രം 10 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കോട്ടയം, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും, കൊല്ലം, വയനാട്, ജില്ലകളില്‍ നിന്നുള്ള ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇതില്‍ 23 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യു.എ.ഇ.- 13, സൗദി അറേബ്യ- 5, നൈജീരിയ- 3, കുവൈറ്റ്- 2) 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 13, തമിഴ്നാട്- 9, കര്‍ണാടക- 1, ഡല്‍ഹി- 1, ഹരിയാന-1) വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂര്‍ ജില്ലയിലെ 2 പേര്‍ക്കും മലപ്പുറം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ ഒന്നും തൃശൂര്‍ ജില്ലയിലെ രണ്ടും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.












Click it and Unblock the Notifications