കേന്ദ്ര പദ്ധതി ഇഴയുന്നു, വന്ദേഭാരതിനായി മറ്റു ട്രെയിനുകൾ പിടിച്ചിടുന്നത് തുടരും
ആലപ്പുഴ : വന്ദേഭാരതിനായി അമ്പലപ്പുഴ- എറണാകുളം റൂട്ടിൽ ട്രെയിനുകൾ പിടിച്ചുടുന്നുവെന്ന പരാതിയ്ക്ക് മാസങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഈയടുത്തൊന്നും ഇതിനൊരു പരിഹാരം ഉണ്ടാവാൻ ഇടയില്ല.
ഒരു ട്രാക്ക് മാത്രമുള്ള ഭാഗത്ത് പാത ഇരട്ടിപ്പിക്കൽ പദ്ധതികൾ ഇഴഞ്ഞു നീങ്ങുന്നതാണ് ഇതിനു കാരണം. ഇക്കാര്യം എ എം ആരിഫ് എം പിയും വ്യക്തമാക്കിയിരുന്നു. തുറവൂർ- അമ്പലപ്പുഴ റൂട്ടിൽ ഡിസംബറോടെ മാത്രമേ നിർമാണ ജോലികൾ തുടങ്ങാനാകൂ എന്നാണ് എം പി പ്രതികരിച്ചത്.

വന്ദേ ഭാരതിന് പാസ് ചെയ്യാനായി പാസഞ്ചർ ട്രെയിനുകളുൾപ്പെടെ പിടിച്ചിടുന്നത് ആലപ്പുഴ- എറണാകുളം റൂട്ടിലെ സ്ഥിരം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുവെന്ന് നേരത്തെ പരാതികൾ ഉയർന്നിരുന്നു. ഓഫീസ് ജീവനക്കാർക്കും വിദ്യാർത്ഥികളുമടക്കം പലർക്കും സമയക്രമം പാലിക്കാൻ പറ്റാതെയായി. ഈ റൂട്ടിൽ സിംഗിൾ ട്രാക്ക് ഉള്ളതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
അതേ സമയം ഇതിന് പരിഹാരമെന്നോണം പാത ഇരട്ടിപ്പിക്കാൻ കേന്ദ്രം തീരുമാനിക്കുകയായിരുന്നു. എന്നാൽ അതും പാതി വഴിയിലാണ്. തുറവൂർ മുതൽ അമ്പലപ്പുഴ വരെ പാത ഇരട്ടിപ്പിക്കുന്നത് പി എം ഗതി ശക്തി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്. ഇതിന് ഈയടുത്താണ് അനുമതി കിട്ടിയത്.
ഫണ്ട് എത്താത്തതാണ് പാത ഇരട്ടിപ്പിക്കൽ വൈകാനുള്ള കാരണമായി കണക്കാക്കുന്നത്. കണക്കുകളനുസരിച്ച് 45 കിലോമീറ്റർ ദൂരത്തിൽ പാത ഇരട്ടിപ്പിക്കാൻ 1262 കോടി രൂപ ചിലവു വരുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ മറ്റു സാങ്കേതിക പ്രശ്നങ്ങളെല്ലാം തീർത്ത് എന്നാണ് ഈ പ്രശ്നത്തിന് പരിഹാരം കാണുക എന്ന ചോദ്യമാണ് യാത്രക്കാർ ഉന്നയിക്കുന്നത്. ഉടനടി ഇതിന് പരിഹാരം കാണണമെന്നും അതിനായി ജനപ്രതിനിധികൾ കാര്യമായി ഇക്കാര്യത്തിൽ സമ്മർദം ചെലുത്തണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം.












Click it and Unblock the Notifications