Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടിണി കിടക്കുന്ന ആരുമുണ്ടാവില്ല, വിശപ്പുരഹിത മാരാരിക്കുളം നാലാം വർഷത്തേയ്ക്ക്

ആലപ്പുഴ: മാരാരിക്കുളത്ത് പട്ടിണി കിടക്കുന്ന ആരുമുണ്ടാവില്ല എന്നുറപ്പ് വരുത്തുന്ന വിശപ്പുരഹിത മാരാരിക്കുളം പദ്ധതി നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. അതിന്റെ സന്തോഷം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് ധനമന്ത്രി ടിഎം തോമസ് ഐസക്. ധനമന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം:

'' വിശപ്പുരഹിത മാരാരിക്കുളം നാളെ നാലാം വർഷത്തേയ്ക്ക് കടക്കുകയാണ്. പി കൃഷ്ണപിള്ള ഫൌണ്ടേഷനാണ് ഈ ജനകീയ അടുക്കള നടത്തുന്നത്. മൂന്നു വർഷം അതായത്, 1095 ദിവസം നാലു പഞ്ചായത്തുകളിലെ നാനൂറു അഗതികളുടെ വാതിൽപ്പടിയിൽ കാസറോളിൽ ചൂടാറാത്ത ഭക്ഷണമെത്തിക്കുന്നു. ഓരോ കാസറോളിലും രണ്ടുനേരത്തെ ഊണുണ്ടാകും.കാസറോളിൽ നൽകുന്നതു തന്നെ വൈകുന്നേരം വരെ ചൂടു മാറാതിരിക്കാനാണ്. മിക്കവാറും ദിവസം മീനോ ഇറച്ചിയോ ഉണ്ടാകും. ജനകീയ അടുക്കളയിലെ ജോലിക്കാർ മാത്രമല്ല, നൂറിൽപ്പരം സന്നദ്ധപ്രവർത്തകരും കൂടി ചേരുമ്പോഴേ ഈ വാതിൽപ്പടി വിതരണം നടക്കൂ.

വാനിൽ കൃത്യസ്ഥലങ്ങളിൽ കാസറോളുകളെത്തിക്കും, അവിടെ നിന്ന് സന്നദ്ധപ്രവർത്തകർ ഒരു വീഴ്ചയുമില്ലാതെ ഭക്ഷണം വീടുകളിലെത്തിക്കും. അവരിൽ സ്ത്രീകളും പുരുഷന്മാരുമുണ്ട്. ഫാക്ടറിപ്പണിക്കാരും കർഷകത്തൊഴിലാളികളുമുണ്ട്. പണിയൊന്നുമില്ലാത്ത ചെറുപ്പക്കാരുണ്ട്. ഭൂരിപക്ഷവും വിവിധമേഖലകളിലെ സാന്ത്വനപരിചരണ വാളണ്ടിയർമാരാണ്. ഇവരെല്ലാമിങ്ങനെ ഒരു ദിവസം പോലും വീഴ്ചയില്ലാതെ പണിയെടുക്കുന്നത് വിസ്മയത്തോടെയേ കാണാനാവൂ. മൂന്നു വർഷം കൊണ്ട് 8.76 ലക്ഷം ഊണുകൾ ഇങ്ങനെ വിതരണം ചെയ്തു.

TM

ഇതിനോടൊപ്പം പ്രളയകാലത്ത് അഭയാർത്ഥികൾക്കും നാട്ടുകാർക്കും നൽകിയ സൌജന്യഭക്ഷണം, കൊവിഡ് വീടുകളിലെത്തിച്ച ഭക്ഷണം, ആശുപത്രിയിൽ കൊടുക്കുന്നത്, ആഴ്ചയിലൊരിക്കൽ വൃദ്ധസദനങ്ങളിൽ നൽകുന്ന ഊണ് തുടങ്ങിയവ കൂടി ചേർത്താൽ 9.55 ലക്ഷം ഊണ് വിതരണം ചെയ്തു. ഇതുകൂടാതെ, മണ്ണഞ്ചേരിയിലെ ജനകീയ ഹോട്ടൽ, ആലപ്പുഴയിലെ കയർ മെഷീൻ ഫാക്ടറിയിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടൽ, നേരത്തെ റിസർവ് ചെയ്താൽ വീടുകളിലെ ചടങ്ങുകൾക്ക് നൽകുന്ന ഭക്ഷണം എന്നിവയിൽ 2 - 3 ലക്ഷം ന്യായവില ഊണുകളും വിതരണം ചെയ്തിട്ടുണ്ടാകും.

ഇതിനുള്ള പണമെവിടെ നിന്ന്? അടുക്കള ഒരുക്കുന്നതിനും മറ്റും കെഎസ്എഫ്ഇയുടെ സിഎസ്ആർ ഫണ്ട് ഒറ്റത്തവണ സഹായമായി ലഭിച്ചു. ബാക്കി ആവർത്തനച്ചെലവ് മുഴുവൻ സർക്കാരിന്റെ യാതൊരു സഹായവുമില്ലാതെ നാട്ടിൽനിന്നു തന്നെ കണ്ടെത്തി. ഒരു മാസം ഒരു വാർഡു വെച്ച് മുൻകൂട്ടി അറിയിച്ച് സന്നദ്ധപ്രവർത്തകർ വീടുകൾ സന്ദർശിക്കും. അരിയും പലവ്യഞ്ജനങ്ങളുമെല്ലാം സംഭാവനയായി വീട്ടുകാർ വാങ്ങി സൂക്ഷിച്ചിരിക്കും. ഞാനടക്കമുള്ള നേതാക്കന്മാർ ആ ദിവസമുണ്ടെങ്കിൽ പിരിവിന് പോകും. കൊവിഡിനു ശേഷം ഉൽപ്പന്നപ്പിരിവ് പ്രയാസത്തിലാണ്. ഒത്തിരി സുമനസുകൾ അറിഞ്ഞു സംഭാവനയും നൽകുന്നതു കൊണ്ട് മുട്ടില്ലാതെ കാര്യങ്ങൾ നടക്കുന്നു.

അഡ്വ. ആർ റിയാസാണ് ഈ പദ്ധതിയുടെ സൂത്രധാരൻ. കൂടെ പ്രവർത്തിക്കുന്നവരുടെ ഒരു നീണ്ട പട്ടികയുണ്ട്. വി കെ ഉല്ലാസ്, കെ വി രതീഷ്, പി വിനീതൻ, ജോസ്, നൌഷാദ് പുതുവീട്, സുനിൽ, സാബു, താഹിർ, ശ്യാം..... അടുത്ത മാസം, സ്നേഹജാലകത്തിന്റെ ജനകീയ ഭക്ഷണശാലയും നാലാം വർഷത്തേയ്ക്ക് കടക്കുകയാണ്. ഇവർ രണ്ടുപേരും ചേർന്ന് മാരാരിക്കുളത്ത് പട്ടിണി കിടക്കുന്ന ആരുമുണ്ടാവില്ല എന്നുറപ്പു വരുത്തുകയാണ്. കേരളത്തിലെ ഒട്ടേറെ പ്രദേശങ്ങളിൽ ഈ സംരംഭങ്ങൾ പ്രചോദനമായിട്ടുണ്ട് എന്നതിൽ ഈ പ്രവർത്തകർക്ക് അഭിമാനിക്കാം''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+