ഗൗരിയമ്മക്ക് പിറന്നാള്‍ ആശംസകളുമായി വിഎസ്; പതിറ്റാണ്ടിന് ശേഷം സൗഹൃദം പങ്കുവെച്ച് നേതാക്കൾ...
ജൻമ ശതാബ്ദി പൂർത്തിയാക്കിയ ഗൗരിയമ്മയ്ക്ക് ആശംസയുമായി വിഎസ് അച്യുതാനന്ദൻ ആലപ്പുഴയിലെ വസതിയിലെത്തി. ഒരു പതിറ്റാണ്ടിന് ശേഷം പഴയ സഹപ്രവർത്തകരായ സഖാക്കൾ തമ്മിൽ കണ്ട് മുട്ടിയപ്പോൾ പറയാൻ ഏറെയുണ്ടായിരുന്നത് കഴിഞ്ഞ കാലത്തെ രാഷ്ട്രീയ ഓർമകൾ തന്നെയായിരുന്നു.
നൂറിന്റെ ചുറുചുറുക്കുളള ഗൗരിയമ്മയെ കാണൻ 96 ന്റെ ചിരിയോടെ വി എസ് ചാത്തനാട്ടെ വീട്ടിലേക്ക് എത്തുകയായിരുന്നു. സന്ദർശനം മുൻകൂട്ടി അറിയിച്ചിരുന്നതിനാൽ കളത്തിൽപ്പറമ്പിൽ വീടിന്റെ സ്വീകരണമുറിയിൽ ഗൗരിയമ്മ ഉണ്ടായിരുന്നു. പിറന്നാൾ ആഘോഷത്തിന് എത്താൻ കഴിയാത്തതിനാലാണ് ഇപ്പോൾ വന്നതെന്ന് വി.എസ് അറിയിച്ചു. സദ്യ ഉണ്ടാകില്ലെന്നായിരുന്നു ഗൗരിയമ്മയുടെ മറുപടി.

വർഷങ്ങൾക്ക് ശേഷമുളള കൂടിക്കാഴ്ച ആയിരുന്നതിനാൽ തന്നെ വിഎസിനെ കണ്ടപ്പോൾ ഗൗരിയമ്മയ്ക്ക് തന്റെ പ്രായത്തിൽ സംശയവും ഉയർന്നു.പാർട്ടിയിൽ ഒരുമിച്ചുണ്ടായിരുന്ന കാലത്ത് വിഎസ് അടക്കം മുൻകൈ എടുത്ത് തന്നെ മുഖ്യമന്ത്രി പദത്തിലെത്തിക്കാൻ ശ്രമിച്ചതും, പാർട്ടിയിലെ ഭിന്നതയിൽ അത് നഷ്ടമായതുമൊക്കെ ഗൗരിയമ്മ ഓർത്തെടുത്തപ്പോൾ ചെറു പുഞ്ചിരിയോടെയാണ് വിഎസ് അത് കേട്ടിരുന്നത്. വി എസിന്റെ വിവാഹ കാലവും, വിഎസ് കളത്തിപ്പറമ്പിൽ വീട്ടിൽ സ്ഥിര സന്ദർശകനായി ഇരുന്ന കാലവും എല്ലാം പറഞ്ഞ് വന്നതോടെ ഇരുവരുടേയും ഓർമ്മകൾക്ക് യുവത്വത്തിന്റെ ചെഞ്ചായ വർണ്ണം തെളിഞ്ഞു.
25 മിനിറ്റുകൾ നീണ്ട കൂടിക്കാഴ്ചയ്‌ക്കൊടുവിൽ ഗൗരിയമ്മ സമ്മാനിച്ച മധുരം സ്വീകരിച്ചാണ് വി എസ് മടങ്ങിയത്. ഇനിയും കാണാം സഖാവെ എന്ന അഭിവാദ്യാർപ്പണം മനസിൽ കുറിച്ച് കൊണ്ടായിരുന്നു വി എസിന്റെ മടക്കയാത്ര.












Click it and Unblock the Notifications