പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പം താമസിപ്പിച്ച് പീഡനം;പെണ്‍കുട്ടി ജീവനൊടുക്കിയ കേസില്‍ യുവാവിന് 21 വര്‍ഷം തടവ്
ആലപ്പുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി വീട്ടിൽ ഒപ്പം താമസിപ്പിച്ചു പീഡിപ്പിച്ചതിനെ തുടർന്ന് പെൺകുട്ടി ജീവനൊടുക്കിയെന്ന കേസിൽ യുവാവിനു 21 വർഷം തടവും 3 ലക്ഷം രൂപ പിഴയും. മുട്ടാർ സ്വദേശി സിനോയ് ഫിലിപ്പിനെയാണ് (31) ആലപ്പുഴ ജില്ലാ സ്പെഷൽ പോക്സോ കോടതി ശിക്ഷിച്ചത് .
തട്ടിക്കൊണ്ടുപോകൽ, പീഡനം, ആത്മഹത്യാ പ്രേരണ എന്നിവയ്ക്ക് 7 വർഷം വീതമാണ് തടവെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതിയെന്നു കോടതി പറഞ്ഞു. പിഴ അടച്ചാൽ 2 ലക്ഷം രൂപ പെൺകുട്ടിയുടെ മാതാപിതാക്കൾക്കു നൽകണം. ചെങ്ങന്നൂരിലെ ബന്ധുവീട്ടിൽ നിന്നു ലാബ് ടെക്നിഷ്യൻ കോഴ്സിനു പഠിക്കുകയായിരുന്ന പെൺകുട്ടിയെ പ്രേമം നടിച്ചു തട്ടിക്കൊണ്ടു വന്നു സ്വന്തം വീട്ടിൽ താമസിപ്പിച്ചു. പീഡനം വർധിച്ചതോടെ പെൺകുട്ടി തൂങ്ങി മരിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. 2008ൽ ആയിരുന്നു സംഭവം.

പെൺകുട്ടിയെ പിതാവ് സിനോയുടെ വീട്ടിലെത്തി തിരക്കിയെങ്കിലും അന്വേഷിച്ചു കണ്ടെത്താൻ പറഞ്ഞു മടക്കി അയച്ചു. പെൺകുട്ടി ജീവനൊടുക്കിയ കേസ് ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. പിതാവ് ജില്ലാ പൊലീസ് മേധാവിക്കു നൽകിയ പരാതിയെ തുടർന്നു ഡിവൈഎസ്പി ആയിരുന്ന കെ.എം. ടോമി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പുനരന്വേഷണം നടത്തിയാണ് കുറ്റപത്രം സമർപ്പിച്ചത്. പെൺകുട്ടിയുടെ മനോവിഷമങ്ങൾ രേഖപ്പെടുത്തിയ ഡയറിക്കുറിപ്പുകളും പിതാവിന്റെ മൊഴികളും കോടതി പ്രധാന തെളിവായി സ്വീകരിച്ചു. സിനോയിയുടെ മാതാവ് അന്നമ്മയും കേസിൽ പ്രതിയായിരുന്നെങ്കിലും തെളിവില്ലാത്തതിനാൽ വിട്ടയച്ചിരുന്നു.












Click it and Unblock the Notifications