ആലപ്പുഴയില്‍ വന്‍ ലഹരി വേട്ട; എംഡിഎംഎയും മാരകായുധങ്ങളുമായി യുവാവ് അറസ്റ്റില്‍
ആലപ്പുഴ: മണ്ണഞ്ചേരിയില്‍ കഞ്ചാവും എം ഡി എം എയും മാരകായുധങ്ങളുമായി യുവാവ് അറസ്റ്റില്‍. ആനക്കല്‍ കളത്തില്‍ച്ചിറ സുജിത്ത് ( 24 ) ആണ് പിടിയിലായത്. നാല് ഗ്രാം എം ഡി എം എയും 90 ഗ്രാം കഞ്ചാവും മൂന്ന് വാളുകളും ഇയാളില്‍ നിന്ന് കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.
ആലപ്പുഴ ജില്ലാപോലീസ് മേധാവി ജി.ജയ്‌ദേവ് ഐ പി എസിന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍, നര്‍ക്കോട്ടിക്‌സെല്‍ ഡി വൈ എസ് പി എം കെ ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡി എ എന്‍ എസ് എഫ് ടീമും ആലപ്പുഴ ഡി വൈ എസ് പി ജയരാജിന്റെ നേതൃത്വത്തിലുള്ള മണ്ണഞ്ചേരി ഐ എസ് എച്ച് ഒ മോഹിത് ഉള്‍പ്പെട്ട പ്രത്യേകസംഘം നടത്തിയ പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മണ്ണഞ്ചേരിയിലുള്ള ഇയാളുടെ വീട്ടില്‍ ചെറുകിടവില്‍പ്പന ലക്ഷ്യം വെച്ച് മണ്ണഞ്ചേരി, ആലപ്പുഴ, പുന്നമട തുടങ്ങിയസ്ഥലങ്ങളിലേയ്ക്ക് കൊടുക്കുവാന്‍ കൊണ്ടുന്ന എം ഡി എം എയും ഗഞ്ചാവുമാണ് പോലിസ് പിടിച്ചത്. ഇയാള്‍ എന്‍ ഡി പി എസ് ഉള്‍പ്പെടെയുള്ള മുന്‍കേസുകളില്‍ ഉള്‍പ്പെട്ടതാണ്.
പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വട്ടേഷന്‍ ടീമില്‍ നിന്നും നേരിട്ട് വാങ്ങി നാട്ടില്‍ വില്‍ക്കാന്‍ കൊണ്ടുവന്നതാണെന്നും, ഗ്രാമിന് രണ്ടായിരം മുതല്‍ അയ്യായ്യിരം രൂപ വരെ വിലയ്ക്കാണ് വില്‍പ്പനനടത്തുന്നതെന്നും പോലീസിനോട് പറഞ്ഞു.
ഇവര്‍ മാസത്തില്‍ രണ്ടു മൂന്നു തവണ ലക്ഷ്വറി കാര്‍ വാടകയ്ക്ക് എടുത്ത് എറണാകുളത്ത് പോയി എം ഡി എം എ വാങ്ങി കൊണ്ടുവന്ന് വില്‍പ്പനനടത്തിവരികയായിരുന്നു. വന്‍ തോതില്‍ എം ഡി എം എയും കഞ്ചാവും ആലപ്പുഴയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍വഴി എത്തുന്നുണ്ട് എന്നറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വിശദ വിവരങ്ങള്‍ പോലീസ് ശേഖരിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഒരു മാസമായി ജില്ലാ ആന്റി നര്‍ക്കോട്ടിക് ടീം ഇവരെ നിരിക്ഷിച്ചു വരികയായിരുന്നു.












Click it and Unblock the Notifications