കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്രൈസ്തവ സഭകളെ കബളിപ്പിച്ച് മന്ത്രി; പിന്‍വാതിലിലൂടെ ബിയര്‍ പാര്‍ലറുകള്‍ സ്റ്റാര്‍ ഹോട്ടലുകളായി

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: മദ്യനയവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാന്‍ ചര്‍ച്ച നടത്താമെന്ന് പറയുന്ന എക്‌സൈസ് മന്ത്രി പിന്‍വാതിലിലൂടെ ബിയര്‍ പാര്‍ലറുകളെ സ്റ്റാര്‍ ഹോട്ടലുകളാക്കി മാറ്റി. ആശങ്കകള്‍ മാറ്റാന്‍ സഭാ നേതൃത്വത്തെ വിളിച്ചു ചര്‍ച്ച ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുമെന്നു വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ കഴിഞ്ഞ ദിവസവും കോഴിക്കോട്ട് ആവര്‍ത്തിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണ് ഈ നീക്കം.

എന്നാല്‍ നിലവില്‍ വണ്‍, റ്റു സ്റ്റാര്‍ പദവിയുള്ള ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളെ ത്രീസ്റ്റാര്‍ ആക്കാന്‍ ഏപ്രില്‍ മൂന്നിന് തന്നെ എക്‌സൈസ് വകുപ്പ് ഉത്തരവു നല്‍കിയിരുന്നു. ഇതിനായി ചൊവ്വാഴ്ച തന്നെ എല്ലാ ജില്ലകളിലും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാരുടെ നേതൃത്വത്തില്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ യോഗവും വിളിച്ചിരുന്നു. മന്ത്രിയുടെ നേരിട്ടുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യോഗം വിളിച്ചത്. യോഗത്തില്‍ ത്രീസ്റ്റാറാക്കാനുള്ള അപേക്ഷ നല്‍കിയ മുഴുവന്‍ ബാറുടമകള്‍ക്കും ലൈസന്‍സ് നല്‍കാന്‍ തീരുമാനമെടുത്തു. ത്രീ സ്റ്റാര്‍ പദവി ലഭിച്ചതോടെ മദ്യത്തിനായി പെര്‍മിറ്റു നല്‍കിയ ബാറുകള്‍ സംസ്ഥാനത്തെ എല്ലാ ബാറുകളിലും മദ്യവില്‍പ്പന ആരംഭിക്കുകയും ചെയ്തു. സര്‍ക്കാര്‍ ഈ വര്‍ഷം രണ്ടു മദ്യനയം പുറപ്പെടുപ്പിച്ചതാണ് മദ്യലോബിക്കു മദ്യമൊഴുക്കാന്‍ തുണയായത്.

Bar

നിലവിലെ മദ്യനയം രണ്ടുമാസത്തേക്ക് നീട്ടിവെയ്ക്കുന്ന ഉത്തരവും രണ്ടാമത്തെ മദ്യനയത്തില്‍ ത്രീസ്റ്റാര്‍ പദവി നല്‍കാന്‍ പുറപ്പെടുപ്പിച്ച സര്‍ക്കാര്‍ നടപടിയെ കുറിച്ചും എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആശയകുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഏപ്രില്‍ ഒന്നിനു അവധിയും രണ്ടിനു പൊതുപണിമുടക്കും ആയതിനാല്‍ മൂന്നാം തിയ്യതി തന്നെ ഇതുമായി ബന്ധപ്പെട്ട അപേക്ഷ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്കു മുന്നില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ത്രീസ്റ്റാര്‍ പദവി നല്‍കുകയായിരുന്നു. സര്‍ക്കാര്‍ ഉത്തരവു ഏപ്രില്‍ രണ്ടിനു നടപ്പാക്കാന്‍ ബാര്‍ അസോസിയേഷന്‍ ഭാരവാഹികള്‍ വിവിധ ജില്ലയില്‍ യോഗം ചേര്‍ന്ന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് വിവരം. ഇതേ തുടര്‍ന്നാണ് മൂന്നിനു തന്നെ ലൈസന്‍സ് അനുവദിച്ചു നല്‍കിയത്.


ദേശീയ പാതയോരങ്ങളിലെ മദ്യവില്‍പ്പനക്കുള്ള നിയന്ത്രണം സുപ്രീംകോടതി നീക്കിയതും പഞ്ചായത്തുകളില്‍ മദ്യശാലകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതും മദ്യലോബികള്‍ക്ക് അനുകൂലമായതോടെ സംസ്ഥാനത്തെ മദ്യത്തില്‍ മുക്കാന്‍ സര്‍വ്വ സജ്ജീകരണങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്ത് 289 ബാറുകളും 597 ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഈ 597 ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകളില്‍ 450 ബിയര്‍ ആന്റ് വൈന്‍ പാര്‍ലറുകള്‍ക്ക് ത്രീസ്റ്റാര്‍ പദവി നല്‍കിയെന്നാണ് സൂചനകള്‍. ഇതിനു പുറമെ 140 പുതിയ ബാറുകള്‍ക്കു കൂടിയുള്ള അപേക്ഷ സര്‍ക്കാരിനു മുന്നിലെത്തിയിട്ടുണ്ട്. ഇതോടെ ഈ വര്‍ഷം തന്നെ സംസ്ഥാനത്തു ആയിരം ബാറുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനാണ് മദ്യലോബി ശ്രമിക്കുന്നത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ താത്കാലികമായ് മരവിപ്പിച്ച ഈ നീക്കങ്ങള്‍ ഊര്‍ജിതമാകും എന്നാണ് സൂചന. ഇതിനിടെയാണ് മദ്യനയവുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും ആശങ്കയോ തര്‍ക്കമോ അഭിപ്രായവ്യത്യാസമോ ഉണ്ടെങ്കില്‍ അക്കാര്യം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്ന് എക്‌സൈസ് മന്ത്രി ആവര്‍ത്തിക്കുന്നത്. സര്‍ക്കാറിനെ സമീപിച്ചാല്‍ ആരുമായും ചര്‍ച്ച നടത്താന്‍ തയാറാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരേയും സഭയുമായി ബന്ധപ്പെട്ടവരോ മറ്റാരും തന്നെ സമീപിച്ചിട്ടില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മദ്യനയവുമായി ബന്ധപ്പെട്ട ചിലരുടെ പ്രതികരണങ്ങള്‍ കാണുന്നുണ്ട്. എന്നാല്‍ അവരാരും ചര്‍ച്ചയ്ക്കു വന്നിട്ടില്ല. സദുദ്യേശപരമായ നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.

English summary
Backdoor move; bear parlours made starhotels
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X