സിദ്ധാര്‍ത്ഥിന്റെ വാര്‍ത്താസമ്മേളനത്തിലേക്ക് ഇരച്ചെത്തി കന്നഡ സംഘടനകള്‍, ഇറങ്ങിപ്പോയി താരം
ബെംഗളൂരു: കാവേരി നദി ജല തര്‍ക്കം രൂക്ഷമാകുന്നതിനിടെ നടന്‍ സിദ്ധാര്‍ത്ഥിന് നേരെ കന്നഡ സംഘടനകളുടെ പ്രതിഷേധം. പുതിയ ചിത്രമായ ചിത്തയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രശ്‌നങ്ങളുണ്ടായത്. കന്നഡ അനുകൂല സംഘടനകള്‍ വാര്‍ത്താസമ്മേളനത്തിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് വാര്‍ത്താസമ്മേളനം ഇവര്‍ തടസ്സപ്പെടുത്തി.
സിദ്ധാര്‍ത്ഥ് സംസാരിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രശ്‌നങ്ങളുണ്ടായത്. സിദ്ധാര്‍ത്ഥിനെ ഇവര്‍ സംസാരിക്കാനും അനുവദിച്ചില്ല. തുടര്‍ന്ന് വേദിയില്‍ നിന്ന് എഴുന്നേറ്റ താരം, പ്രതിഷേധങ്ങള്‍ക്കിടെ ഇറങ്ങിപ്പോവുകയും ചെയ്തു. സിദ്ധാര്‍ത്ഥിന്റെ ചിത്ത കന്നഡയില്‍ ചിക്കു എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്. ചടങ്ങ് നടക്കുന്നതിനിടെ കന്നഡ സംഘടനയിലെ അംഗങ്ങള്‍ ഇവിടേക്ക് കടന്നുവരികയായിരുന്നു. സംഘാടകരോട് പ്രമോഷന്‍ പരിപാടികള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

സിദ്ധാര്‍ത്ഥ് ചടങ്ങിനെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ ഇതും തടസ്സപ്പെടുത്തുകയായിരുന്നു. വീഡിയോയില്‍ കാവേരി പ്രശ്‌നം നടക്കുമ്പോള്‍ ഇത്തരമൊരു പരിപാടി നടത്തുന്നത് ശരിയാണോ എന്ന് പ്രതിഷേധക്കാര്‍ ചോദിക്കുന്നുണ്ട്. അതും തമിഴ് സിനിമയില്‍ നിന്ന് വന്ന നടനും, അവിടെ നിന്നുള്ള സിനിമയുടെ പ്രമോഷന്‍ ഇവിടെ നടക്കുന്നത് ശരിയല്ലെന്നും ഇവര്‍ പറയുന്നു.
കര്‍ണാടക കാവേരി നദി ജലത്തിന് വേണ്ടി പോരാടി കൊണ്ടിരിക്കുന്ന സമയത്ത് തമിഴ് സിനിമ കര്‍ണാടകയില്‍ പ്രമോട്ട് ചെയ്യാന്‍ പറ്റിയ സമയമല്ല ഇതെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാണിച്ചു. ഇതേ തുടര്‍ന്ന് സിദ്ധാര്‍ത്ഥിന് സംസാരിക്കാന്‍ പോലും സാധിച്ചില്ല. താരം ചിരിച്ച് കൊണ്ട് ഇവരെ നോക്കിയിരിക്കുന്നത് കാണാം. ഒടുവില്‍ പ്രതിഷേധം കൂടുതല്‍ രൂക്ഷമായതോടെ വേദിയില്‍ നിന്നെഴുന്നേറ്റ സിദ്ധാര്‍ത്ഥ് കൈകൂപ്പി എല്ലാവരോടും നന്ദി പറഞ്ഞ് മടങ്ങുകയായിരുന്നു.
സിദ്ധാര്‍ത്ഥ് തന്നെ നിര്‍മിക്കുന്ന ചിത്രമാണ് ചിക്കു. ബെംഗളൂരുവില്‍ തമിഴ് സിനിമയ്ക്ക് വലിയ പ്രേക്ഷകര്‍ ഉള്ളത് കൊണ്ടാണ് അവിടെ റിലീസ് ചെയ്യുന്നത്. അതേസമയം തമിഴ്‌നാടിന് കാവേരി നദിയില്‍ നിന്ന് മൂവായിരം ക്യൂബിക് അടി ജലം നല്‍കാന്‍ കാവേരി റെഗുലേറ്ററി കമ്മിറ്റി ഉത്തരവിട്ടിരുന്നു. 18 ദിവസത്തേക്കാണ് നല്‍കാനാണ് നിര്‍ദേശം.
കോണ്‍ഗ്രസ് സര്‍ക്കാര്‍ ഈ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കര്‍ണാടകയില്‍ വെള്ളിയാഴ്ച്ച ജല അതോറിറ്റി തീരുമാനത്തിനെതിരെ പ്രതിഷേധ ബന്ദ് നടക്കുന്നുണ്ട്. ദശാബ്ദങ്ങള്‍ പഴക്കമുള്ളതാണ് തമിഴ്‌നാടും കര്‍ണാടകയും തമ്മിലുള്ള കാവേരി നദീ ജല തര്‍ക്കം. എന്നാല്‍ കര്‍ഷകര്‍ അടക്കം കടുത്ത വരള്‍ച്ചയെ നേരിടുന്നതിനാല്‍ വെള്ളം കൊടുക്കാനാവില്ലെന്ന നിലപാടിലാണ് കന്നഡ സംഘടനകള്‍.












Click it and Unblock the Notifications