
ബജ്റംഗ്ദള്‍ പ്രവർത്തകന്റെ കൊലപാതകം: ശിവകുമാറിനെതിരെ വിമർശനവുമായി ബിജെപി മന്ത്രി ഈശ്വരപ്പ
ബെംഗളൂരു: ഞായറാഴ്ച രാത്രി ശിവമോഗ ജില്ലയിൽ 23 കാരനായ ബജ്റംഗ്ദള്‍ പ്രവർത്തകന് കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ വിവാദവും ശക്തമാവുന്നു. ബജ്റംഗ്ദള്‍ പ്രവർത്തകനായ ഹർഷയെ കൊലപ്പെടുത്തിയതിൽ മുസ്ലീം ഗുണ്ടകൾക്ക് പങ്കുണ്ടെന്ന ആരോപണവുമായി സംസ്ഥാനത്തെ മന്ത്രി ഈശ്വരപ്പ രംഗത്ത് എത്തിയതാണ് വിവാദത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചത്. കോൺഗ്രസ് പി സി സി പ്രസിഡന്റായ ഡികെ ശിവകുമാർ മുസ്ലീം ഗുണ്ടകളെ പ്രകോപിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കർണാടകയിലെ ഹിജാബ് നിരയെച്ചൊല്ലിയുള്ള പ്രതിഷേധവും ഇപ്പോൾ നടക്കുന്ന ഹൈക്കോടതി ഹിയറിംഗും കാരണം കർണാടകയിലെ സ്ഥിതിഗതികൾ ഇതിനകം തന്നെ വളരെ അധികം അസ്ഥിരമാണ്. ഈ സാഹചര്യത്തിലാണ് ശിവമോഗ ജില്ലയിലെ കൊലപാതകത്തെ തുടർന്നുള്ള ബി ജെ പി - കോണ്‍ഗ്രസ് പോരും ശക്തമായത്. "മുസ്ലിം ഗുണ്ടകൾ അവനെ കൊന്നു. ദേശീയ പതാക അഴിച്ചുമാറ്റി കാവി പതാക ഉയർത്തിയെന്ന ഡികെ ശിവകുമാർ അടുത്തിടെ നടത്തിയ പ്രസ്താവനയെ തുടർന്നാണിത്. ഡികെയുടെ പ്രകോപനം മുസ്ലീം ഗുണ്ടകളെ പ്രോത്സാഹിപ്പിച്ചു. ഈ ഗുണ്ടാഗിരി പൊറുക്കില്ല. എന്നായിരുന്നു ഈശ്വരപ്പ അഭിപ്രായപ്പെട്ടത്.
ശിവമോഗയിലെ കോളേജിൽ ത്രിവർണ പതാക അഴിച്ച് പകരം കാവി പതാക ഉയർത്തിയെന്ന് ഡികെ ശിവകുമാർ നേരത്തെ ആരോപിച്ചിരുന്നു. എന്നിരുന്നാലും, സംഭവത്തിന്റെ വീഡിയോയിൽ കോൺഗ്രസ് നേതാവ് ആരോപിച്ചതുപോലെ ദേശീയ പതാക അഴിച്ച് മാറ്റുന്നത് കണ്ടിരുന്നില്ല. കാവി പതാക ഉയർത്തിയ സംഭവം സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ഹിജാബ് തർക്കവുമായി ബന്ധപ്പെട്ടതല്ലെന്ന് വ്യക്തമാക്കി കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയും തിങ്കളാഴ്ച രംഗത്ത് എത്തിയിരുന്നു. സംഭവത്തേക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലപ്പെട്ട ഹർഷയുടെ കുടുംബവുമായും അരഗ ജ്ഞാനേന്ദ്ര സംസാരിച്ചു. ഞായറാഴ്ച രാത്രി 9.30ഓടെയായിരുന്നു ഹർഷയെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് ശേഷം മേഖലയില്‍ കല്ലേറും തീവെപ്പും ഉണ്ടായതായി ചില റിപ്പോർട്ടുകളുണ്ട്
കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേർ അറസ്റ്റിലായിട്ടുണ്ട്. 12 പേരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഖാസിഫ്, നദീം, അഫ്സിഫുല്ല ഖാന്, റിഹാന് ശെരീഫ്, നിഹാന്, അബ്ദുല്‍ അഫ്നാന് എന്നിവരാണ് അറസ്റ്റിലായത്. എല്ലാ പ്രതികളും 22 വയസില്‍ താഴെയുള്ളവരാണ്. മൂന്ന് പേര് കൊലപാതക കേസില്‍ നേരത്തെ ഉള്‍പ്പെട്ടവരാണെന്നും പൊലീസ് വ്യക്തമാക്കി.