വിറ്റ ഭൂമി സര്‍ക്കാരും മറിച്ചുവില്‍ക്കും, കാണണോ?
ബാംഗ്ലൂര്‍: ഒരിക്കല്‍ വിറ്റ ഭൂമി മറിച്ചു വില്‍ക്കുന്ന സ്വകാര്യ വ്യക്തികളെയും ഇടനിലക്കാരെയും കുറിച്ച് കേട്ടിട്ടുണ്ടാകും അല്ലേ. എന്നാല്‍ സര്‍ക്കാരും ഇങ്ങനെ ചെയ്താലോ. ഐ ടി നഗരമായ ബാംഗ്ലൂരിലാണ് ബി ഡി എയുടെ ഈ അക്രമം. പത്ത് വര്‍ഷം മുന്‍പ് 1.16 കോടിക്ക് വിറ്റ സ്ഥലമാണ് ഇപ്പോള്‍ 6.48 കോടി രൂപയ്ക്ക് ബാംഗ്ലൂര്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റി അഥവാ ബി ഡി എ മറിച്ചുവിറ്റിരിക്കുന്നത്.
സൈറ്റുകളുടെ കാര്യത്തില്‍ തട്ടിപ്പിന്റെ അയ്യരുകളിയാണ് ബാംഗ്ലൂരില്‍. സ്വകാര്യവ്യക്തികളില്‍ നിന്നും സ്ഥലം വാങ്ങിയാല്‍ എപ്പോള്‍ വേണമെങ്കിലും പറ്റിക്കപ്പെടാം എന്നതാണ് സ്ഥിതി. ആകെയുള്ള ആശ്രയം ബി ഡി എ ആണ്. സാമാന്യം ഭേദപ്പെട്ട നിരക്കില്‍ ബി ഡി എ സൈറ്റുകള്‍ വാങ്ങാന്‍ കിട്ടും, റിസ്‌കും കുറവ്. എന്നാല്‍ ബി ഡി എയും വിറ്റ ഭൂമി മറിച്ചുവില്‍ക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍, ബാംഗ്ലൂരില്‍ ഒരു സൈറ്റ് എന്ന സ്വപ്‌നം കൊണ്ടുനടക്കുന്നവരെ അമ്പരപ്പിക്കുന്നതാണ്.

2004 ലാണ് റിട്ടയേര്‍ഡ് ഡി വൈ എസ് പി മുനിരത്‌നം നായിഡുവിന്റെ ഭാര്യ ഭാനുമതി ബി ഡി എ ലേലത്തില്‍ ഭൂമി വാങ്ങിയത്. എച്ച് എസ് ആര്‍ ലേ ഔട്ട് സെക്ടര്‍ മൂന്നിലെ പ്ലോട്ട് നമ്പര്‍ 1081 എന്ന സൈറ്റായിരുന്നു ഇത്. 4000 സ്‌ക്വയര്‍ ഫീറ്റായിരുന്നു സ്ഥലം. എന്നാല്‍ ലേലം കഴിഞ്ഞ് തുക അടച്ചെങ്കിലും സ്ഥലം ഇവരുടെ പേരില്‍ ആക്കിയിരുന്നില്ല. ഓരോ കാരണങ്ങള്‍ പറഞ്ഞ് അധികൃതര്‍ രജിസ്‌ട്രേഷന്‍ ഉന്തിത്തള്ളിക്കൊണ്ടുപോകുകയായിരുന്നു.
2013 ഡിസംബറില്‍ നടന്ന ലേലത്തില്‍ ഇതേ സ്ഥലം ഗിരീഷ് എച്ച് എന്‍ എന്നയാള്‍ക്ക് ബി ഡി എ ലേലത്തില്‍ കൊടുത്തു. 6.48 കോടി രൂപയ്ക്കാണ് ഗിരീഷ് ഈ സ്ഥലം വാങ്ങിയത്. ജനുവരി ഒന്നിന് വില്‍പന നടന്നതിന്റെ നോട്ടീസ് നല്‍കി. ജൂണ്‍ ഒമ്പതിന് രജിസ്‌ട്രേഷനും നടന്നു. മുനിരത്‌നം നായിഡുവും ഭാര്യ ഭാനുമതിയും പരാതിയുമായി ബി ഡി എ അധികൃതരുടെ അടുത്തെത്തിയെങ്കിലും സ്ഥലം ഗിരീഷിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തു എന്നായിരുന്നു മറുപടി. പരാതിയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ് ഭാനുമതി.












Click it and Unblock the Notifications