രാഗിണി ദ്വിവേദി ഫോണ്‍ സ്വിച്ച് ഓഫാക്കി, ഉപയോഗിക്കുന്നത് വേറെ ഫോണ്‍, സംശയങ്ങളുമായി പോലീസ്!!
ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ രാഗിണി ദ്വിവേദിയുടെ പെരുമാറ്റം നിരീക്ഷിച്ച് ക്രൈംബ്രാഞ്ച്. അടിമുടി സംശയാസ്പദമാണ് ഇവരുടെ ഓരോ നീക്കങ്ങളുമെന്ന് പോലീസ് പറയുന്നു. അവരുടെ ഇപ്പോഴും ക്രൈംബ്രാഞ്ച് ചോദ്യ ചെയ്ത് കൊണ്ടിരിക്കുകയാണ്. മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ച് ഇവര്‍ക്ക് അറിവുണ്ടെന്ന് തന്നെയാണ് പോലീസ് കരുതുന്നത്. രാഗിണിയുടെ യെലഹെങ്കയിലുള്ള വീടും ക്രൈംബ്രാഞ്ച് റെയ്ഡ് ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെ ആറരയോടെയാണ് പോലീസ് സംഘം വീട്ടിലെത്തിയത്. വാറന്റുമായി എത്തിയ പോലീസ് സംഘം രാഗിണിയെ കാര്യം അറിയിക്കുകയായിരുന്നു.
റെയ്ഡിന് ശേഷം രാവിലെ പത്തര മണിയോടെയാണ് ഇവരെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോയത്. രണ്ട് ദിവസം മുമ്പ് തന്നെ രാഗിണിയുടെ സുഹൃത്ത് രവിശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം തന്നെ രാഗിണിയെ പോലീസ് ചോദ്യം ചെയ്യാനായി വിളിച്ചിരുന്നെങ്കിലും അവര്‍ ഹാജരായിരുന്നില്ല. അതേസമയം കസ്റ്റഡിയിലെടുത്ത ശേഷം രാഗിണിയുടെ പെരുമാറ്റം സംശയാസ്പദമാണെന്ന് പോലീസ് പറയുന്നു. ഇവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. മറ്റൊരു ഫോണാണ് ഉപയോഗിക്കുന്നത്. അന്വേഷണവുമായി ഇവര്‍ സഹകരിക്കുന്നുണ്ട്.
എവിടെ നിന്നാണ് ഇവര്‍ക്ക് മയക്കുമരുന്ന് കിട്ടിയതെന്നാണ് ചോദിക്കാന്‍ ഒരുങ്ങുന്നത്. പാര്‍ട്ടികളില്‍ മയക്കുമരുന്ന് കണ്ടിട്ടുണ്ടോ എന്നും ഇത് വില്ക്കുന്നവരെ കണ്ടിട്ടുണ്ടോ എന്നുമാണ് അന്വേഷിക്കുന്നത്. അതേസമയം രാഹുല്‍ എന്നയാളെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. കന്നഡയിലെ മുന്‍നിര നടി സഞ്ജന ഗല്‍റാണിയുടെ സുഹൃത്താണ് രാഹുല്‍. എന്നാല്‍ സഞ്ജനയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടില്ല. അതേസമയം മയക്കുമരുന്ന് കേസിന്റെ പേരില്‍ കന്നഡ സിനിമാ ലോകത്തെ അപമാനിക്കാനായി പലരും ഇറങ്ങിയിരിക്കുകയാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു.
പ്രമുഖ നടന് ദൊഡണ്ണ മയക്കുമരുന്ന് വിവാദത്തില്‍ ശക്തമായി പ്രതികരിച്ചു. ഞങ്ങള്‍ ഈ സിനിമാ മേഖലയിലേക്ക് വന്നപ്പോള്‍. ഞങ്ങള്‍ അധ്വാനിച്ചാണ് പണമുണ്ടാക്കിയത്. മറ്റ് കാര്യങ്ങള്‍ക്കൊന്നും ഞങ്ങള്‍ക്ക് സമയമേ ഇല്ലായിരുന്നു. എന്തെങ്കിലുമൊന്നില്‍ തൊടാന്‍ പോലും ഞങ്ങള്‍ക്ക് ഭയമായിരുന്നു. മയക്കുമരുന്നൊന്നും സിനിമാ ലോകത്തിന്റെ ഭാഗമല്ല. ആരെങ്കിലുമൊക്കെ താരങ്ങള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ താന്‍ തയ്യാറല്ലെന്നും ദൊഡണ്ണ പറഞ്ഞു.