സനാധന ധർമ പരാമർശം: പ്രകാശ് രാജിനെതിരെ വധഭീഷണി, യൂട്യൂബ് ചാനലിനെതിരെ കേസെടുത്തു
ബെംഗളൂരു: നടന്‍ പ്രകാശ് രാജിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ യുട്യൂബ് ചാനലിന് എതിരെ ബെംഗളൂരു പോലീസ് കേസെടുത്തു. പ്രകാശ് രാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തനിക്കെതിരെ വധഭീഷണി മുഴക്കുന്നത് അടക്കമുളള ഉളളടക്കമുളള വീഡിയോകള്‍ ഈ യൂട്യൂബ് ചാനല്‍ പുറത്ത് വിട്ടിരുന്നു എന്നാണ് ആരോപണം.
രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പ്രകാശ് രാജ് അശോക് നഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഞങ്ങള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, സെന്‍ട്രല്‍ ഡിസിപി പറഞ്ഞു. പരാതിക്ക് ഇടയാക്കിയ വീഡിയോയ്ക്ക് യൂട്യൂബില്‍ ആയിരക്കണക്കിന് വ്യൂസ് ആണ് ലഭിച്ചിരിക്കുന്നത്.

ഭാരതീയ ന്യായ സംഹിതയിലെ 506, 505 (2) വകുപ്പുകള്‍ പ്രകാരമാണ് യൂട്യൂബ് ചാനലിന് എതിരെ കേസെടുത്തിരിക്കുന്നത്. നടനും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍ നടത്തിയ സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ പ്രകാശ് രാജ് അടുത്തിടെ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് കൊണ്ടാണ് പ്രകാശ് രാജ് രംഗത്ത് വന്നത്.
ഉദയനിധിക്ക് സമാനമായ സനാധന ധര്‍മ്മത്തെ മലേറിയ, ഡെങ്കിപ്പനി പോലുളള അസുഖങ്ങളുമായി പ്രകാശ് രാജ് താരതമ്യപ്പെടുത്തുകയുണ്ടായി. കര്‍ണാടകയിലെ കലബുര്‍ഗിയില്‍ നടന്ന ഒരു പരിപാടിക്കിടെ ആയിരുന്നു താരത്തിന്റെ പരാമര്‍ശം. ഡെങ്കിപ്പനിയെ പോലെ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടേണ്ട ഒന്നാണിത്. ഏത് തരം രാജ്യത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. ബിആര്‍ അംബേദ്കര്‍ കാരണമാണ് അയിത്തം നിയമവിരുദ്ധമായത്. എന്നാല്‍ ഇപ്പോഴും ആ മനസ്ഥിതിയില്‍ നിന്നും ആളുകള്‍ മുക്തരായിട്ടില്ല, എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. ഈ അഭിപ്രായ പ്രകടനവുമായി ബന്ധപ്പെട്ടായിരുന്നു നടന് എതിരെയുളള വീഡിയോകള്‍.












Click it and Unblock the Notifications