ബെംഗളൂരുവില്‍ ഓഫീസില്‍ വെട്ടിക്കൊന്നത് മലയാളി സിഇഒയെ; പിന്നില്‍ ജോക്കര്‍ ഫെലിക്‌സിന്റെ പക!!
ബെംഗളൂരു: ടെക് കമ്പനിയുടെ എംഡിയെയും സിഇഒയെയും ബെംഗളൂരുവില്‍ വെട്ടിക്കൊന്ന സംഭവത്തില്‍ പിന്നില്‍ കടുത്ത പക. കൊല്ലപ്പെട്ട സിഇഒ വിനുകുമാര്‍ മലയാളിയാണ്. കൊല്ലപ്പെട്ട മറ്റൊരാള്‍ എംഡി ഫണീന്ദ്ര സുബ്രഹ്‌മണ്യയാണ്. ഇന്റര്‍നെറ്റ് സേവന കമ്പനിയാണ് എയറോണിക്‌സ്. ചൊവ്വാഴ്ച്ച വൈകീട്ട് നാല് മണിയോടെയായിരുന്നു ബെംഗളൂരു നഗരത്തെ നടുക്കിയ കൊലപാതകം നടന്നത്.
അമൃതഹള്ളി പമ്പാ എക്സ്റ്റന്‍ഷനിലെ കമ്പനി ഓഫീസില്‍ കടന്നുകയറി രണ്ടുപേരെയും കമ്പനിയിലെ മുന്‍ ജീവനക്കാരനായ ഫെലിക്‌സ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ജോക്കര്‍ ഫെലിക്‌സ് എന്ന പേരിലാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെടുന്നത്.ജോക്കര്‍ ഫെലിക്‌സിനായി പോലീസ് തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുകയാണ്. അതേസമയം വിനുകുമാറും, ഫണീന്ദ്രയും, ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചത്.

എയറോണിക്‌സ് കമ്പനിയില്‍ നിന്ന് പുറത്താക്കിയ ശേഷം ഫെലിക്‌സ് നേരത്തെ മറ്റൊരു സ്റ്റാര്‍ട്ടപ്പ് തുടങ്ങിയിരുന്നു. എന്നാല്‍ തന്റെ കമ്പനിക്ക് എയറോണിക്‌സ് ഭീഷണിയാണെന്ന് ഫെലിക്‌സ് കരുതിയിരുന്നു. ഇതേ തുടര്‍ന്ന് പക കടുത്തു. മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതും കൂടിയായപ്പോള്‍ പക വര്‍ധിച്ചു. തുടര്‍ന്ന് ഇവരെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഫെലിക്‌സ് ഓഫീസിലേക്ക് അതിക്രമിച്ച് കടന്ന ശേഷമാണ് ഇവരെ വെട്ടിക്കൊന്നത്. ഒരു വര്‍ഷം മുമ്പ് മാത്രം സ്ഥാപിച്ച കമ്പനിയാണ് എയ്‌റോണിക്‌സ്.
അതേസമയം എയ്‌റോണിക്‌സ് കമ്പനി ഫെലിക്‌സിന്റെ ബിസിനസില്‍ ഇടപെട്ടതാണ് ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജോക്കര്‍ ഫെലിക്‌സ് ടിക് ടോക്ക് താരം കൂടിയാണെന്നും പോലീസ് പറയുന്നു. ഇതിലെ ഫെലിക്‌സിന്റെ പേരാണ് ജോക്കര്‍. ഫെലിക്‌സ് ഉള്‍പ്പെടെ 4 പേര്‍ അടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയെന്ന് പോലീസ് വെളിപ്പെടുത്തി. ആക്രമണം നടക്കുമ്പോള്‍ കൊല്ലപ്പെട്ടവര്‍ ഒന്നാം നിലയിലും, മൂന്നാം നിലയിലുമായി ജോലി ചെയ്യുകയായിരുന്നു. വാളും കത്തിയുമെല്ലാം ഉപയോഗിച്ചായിരുന്നു ആക്രമണം. ഫെലിക്‌സ് ഇപ്പോഴും ഒളിവിലാണ്.












Click it and Unblock the Notifications