ജനത്തിന് താങ്ങാന്‍ കഴിയാത്ത ജീവിതച്ചിലവ്: 'ബാംഗ്ലൂർ പീപ്പിൾസ് കൺവൻഷൻ' ഉദ്ഘാടനം ചെയ്ത് അശോക് ധാവ്ലെ
ബെംഗളൂരു: ഇന്ത്യയില്‍ എല്ലാ നഗരങ്ങളിലും ജീവിതച്ചിലവുകള്‍ വലിയ തോതില്‍ കുതിച്ചുയരുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സഖാവ് അശോക് ധാവ്ലെ. സാധാരണക്കാരുടെ ജീവിതം വലിയ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോവുന്നത്. വിലക്കയറ്റം എന്നത് കർഷകരേയും തൊഴിലാളികളേയും മാത്രം ബാധിക്കുന്ന ഒരു വിഷയമല്ല ഇന്ന്, മധ്യവർഗ്ഗത്തിന് പോലും ജീവിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബാംഗ്ലൂർ നഗരത്തിൽ അനുദിനം വർധിച്ചുവരുന്ന ജീവിതച്ചിലവിന്റെ പശ്ചാത്തലത്തിൽ ഫലപ്രദമായ പോരാട്ടം കെട്ടിപടുക്കാനായി സി പി ഐ എം ഐടി ഫ്രണ്ട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ബാംഗ്ലൂർ പീപ്പിൾസ് കൺവൻഷൻ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബെംഗളൂരു ഉള്‍പ്പെടയുള്ള നഗരങ്ങളിലെ ജീവിതച്ചിലവ് ഉയരാന്‍ പ്രധാനമായും നാല് കാരണങ്ങളാണുള്ളത്. ഈ സമ്മേളനം മുന്നോട്ട് വെക്കുന്ന പ്രമേയങ്ങള്‍ ആ വിഷയങ്ങള്‍ ചർച്ച ചെയ്യുന്നു. അതില്‍ ഒന്നാമത്തേത് വീട്ടുവാടകയാണ്. പത്ത് മാസത്തോളം രൂപയാണ് അഡ്വാന്‍സായി നല്‍കേണ്ടി വരുന്നത്. ചിലയിടത്ത് അത് മൂന്ന് വർഷത്തേത് വരേയാണെന്ന് കേള്‍ക്കുന്നു. മുംബൈയില്‍ പരമവാധി അഡ്വാന്‍സ് തുക എന്ന് പറയുന്നത് മൂന്നോ നാലോമാസത്തെ വാടകയാണ്. ഡല്‍ഹിയിലും സമാനമായ രീതിയിലാണ് തുക ഈടാക്കുന്നത്. പക്ഷെ ബാംഗ്ലൂരില്‍ മാത്രം അത് പത്ത് മാസത്തേതാണ്.
രണ്ടാമത്തെ കാരണം എന്ന് പറയുന്നത് ട്രാന്‍സ്പോർട്ട് ചിലവുകളാണ്. പൊതുഗതാഗ സംവിധാനത്തിന് പരിമിതിയുള്ളതിനാല്‍ നമുക്ക് പലപ്പോഴും സ്വന്തം വാഹനങ്ങളും ടാക്സികളും ഉപയോഗിക്കേണ്ടി വരും. പെട്രോള്‍-ഡീസല്‍ വില വർധനവ് ഈ ചിലവുകളും ഉയത്തുന്നു. കുട്ടികളുടെ വിദ്യാഭ്യാസ ചിലവാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ആരോഗ്യ പരിരക്ഷാ രംഗത്തെ ഉയർന്ന് വരുന്ന ചിലവാണ് ഇവിടെ മൂന്നാമതായി ചർച്ച ചെയ്യുന്നത്. അപ്പർ മിഡില്‍ ക്ലാസിലുള്ളവർക്ക് പോലും ആരോഗ്യ ചിലവുകള്‍ താങ്ങാന്‍ പറ്റാത്ത സ്ഥിതിയായി മാറുമ്പോള്‍ സാധാരണക്കാരുടെ സ്ഥിതിയെന്താണ്. സർക്കാർ ഏകദേശം പൂർണ്ണമായും ഈ രംഗത്ത് നിന്ന് പിന്മാറിയെന്നും അശോക് ധാവ്ലെ വ്യക്തമാക്കി.
നിയമസഭ തിരഞ്ഞെടുപ്പില്‍ കർണാടകയിലെ ജനങ്ങള്‍ പുതിയ ചരിത്രം കുറിച്ചു. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ തിരിച്ചടിയാണ് നേരിട്ടത്. കഴിഞ്ഞ അഞ്ച് വർഷമായി ബിജെപി കർണാടകയില്‍ എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് എല്ലാവർക്കും അറിയാം. ഏതൊരു വിഷയത്തെ വർഗ്ഗീയ വത്കരിക്കാനുള്ള ശ്രമമായിരുന്നു നടന്നത്. എവിടേയും അഴിമതിയായിരുന്നു. തിരഞ്ഞെടുപ്പിലേക്ക് വന്നപ്പോള്‍ ഇതിനെല്ലാം ജനം മറുപടി നല്‍കി. ഇത് കർണാടകയില്‍ മാത്രം ഒതുങ്ങുന്ന കാര്യമല്ല, അടുത്ത ഘട്ടത്തില്‍ രാജ്യത്തേക്ക് തന്നെ വ്യാപിക്കുമെന്നും അശോക് ധാവ്ലെ കൂട്ടിച്ചേർത്തു.
ആയിരത്തിലധികം പേർ പങ്കെടുത്ത പരിപാടിയിൽ
സിഐടിയു കർണാടക സംസ്ഥാന ജനറൽ സെക്രട്ടറി മീനാക്ഷി സുന്ദരം, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഗോപാലകൃഷ്ണ, സിപിഎം മുൻ സംസ്ഥാന സെക്രട്ടറി വിജെകെ, സംസ്ഥാന കമ്മിറ്റി അംഗം വസന്തരാജ്, സിപിഎം ബാംഗ്ലൂർ ജില്ലാ സെക്രട്ടറി ബി എൻ മഞ്ജുനാഥ് എന്നിവർ സംസാരിച്ചു.
ബാംഗ്ലൂർ നഗരത്തിൽ വർദ്ധിച്ചു വരുന്ന തമാസ വാടക, യാത്ര ചിലവ്, ആശുപത്രിച്ചിലവ്, വിദ്യാഭ്യാസചിലവ് എന്നിവ നിയന്ത്രിക്കുന്നതിനാവശ്യമായ നടപടികൾ ഉടൻ കൈയ്ക്കൊള്ളണമെന്ന സർക്കാരിനോട് ബാംഗ്ലൂർ പീപ്പിൾസ് കൺവൻഷൻ പ്രേമേയത്തിലൂടെ ആവശ്യപ്പെട്ടു. സി പി എം ഐ ടി ഫ്രണ്ട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരു മാസത്തോളമായി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ജനകിയ കമ്മിറ്റികൾ രൂപീകരിച്ചു കൊണ്ട് വലിയ രീതിയിലുള്ള പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു.












Click it and Unblock the Notifications