വ്യോമസേന യുദ്ധവിമാനം ഒരുമിച്ച് പറത്തി അച്ഛനും മകളും, കൈയ്യടിച്ച് സോഷ്യല്‍ മീഡിയ, വൈറല്‍!!
ബെംഗളൂരു: വ്യോമസേനയില്‍ പുതിയൊരു നേട്ടം തേടിയെത്തിയത് അച്ഛനെയും മകളെയും. യുദ്ധവിമാനം പറത്തിയാണ് എയര്‍ കമാന്ററായ സഞ്ജയ് ശര്‍മയും ഫ്‌ളൈയിംഗ് ഓഫീസറായ മകള്‍ അനന്യ ശര്‍മയും ചരിത്രം കുറിച്ചത്. യുദ്ധ വിമാനം വ്യോമസേനയില്‍ പറത്തുന്ന ആദ്യ അച്ഛനും മകളുമായിരിക്കുകയാണ് അവര്‍. പിതാവിന്റെ നേട്ടങ്ങള്‍ ഓരോന്നായി കണ്ടാണ് മകള്‍ അനന്യ വളര്‍ന്നത്. വ്യോമസേനയിലെ ഫൈറ്റര്‍ പൈലറ്റാണ് സഞ്ജയ് ശര്‍മ. സഹപൈലറ്റുമാരായി വളരെ അടുത്ത ബന്ധം അദ്ദേഹത്തിനുണ്ട്. മകള്‍ അനന്യ വളര്‍ന്നത് ഈ അന്തരീക്ഷത്തില്‍ വ്യോമസേനില്‍ തന്നെയായിരുന്നു എന്ന് വേണം പറയാന്‍.

അനന്യ വളര്‍ന്ന് വലുതായപ്പോള്‍ ഏത് ജോലി തിരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ യാതൊരു സംശയവുമുണ്ടായിരുന്നില്ല. ഇന്ത്യന്‍ വ്യോമസേനയിലെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റുമാര്‍ 2016 മുതലാണ് വരാന്‍ തുടങ്ങിയത്. അനന്യക്ക് ശരിക്കും തന്റെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സഹായകരമായത് വ്യോമസേന വനിതാ പൈലറ്റുമാരെ നിയമിക്കാന്‍ തുടങ്ങിയതിന് ശേഷമആണ്. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ ബിടെക് ബിരുദം പൂര്‍ത്തിയാക്കിയ അനന്യയെ വ്യോമസേന ഫ്‌ളൈയിംഗ് ബ്രാഞ്ചിന്റെ പരിശീലനത്തിനായി തിരഞ്ഞെടുക്കുകയായിരുന്നു. 2021 ഡിസംബറില്‍ ഫൈറ്റര്‍ പൈലറ്റായി യോഗ്യത നേടുകയായിരുന്നു അനന്യ.
അനന്യയുടെ പിതാവ് സഞ്ജയ് ശര്‍മ ഈ മേഖലയില്‍ ഒരു വിദഗ്ധനാണ്. 1989ലാണ് അദ്ദേഹം വ്യോമസേനയിലെ ഫൈറ്റര്‍ പൈലറ്റാവുന്നത്. ഫൈറ്റര്‍ ഓപറേഷനുകളില്‍ വലിയ പരിചയസമ്പത്തും അദ്ദേഹത്തിനുണ്ട്. മിഗ് 21 വിമാനത്തിന്റെ പൈലറ്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മെയ് 30നാണ് ഇരുവരും ചരിത്രം തീര്‍ത്തത്. ഹോക്ക് 132 യുദ്ധവിമാനമാണ് ഇവര്‍ പറത്തിയത്. വ്യോമസേനയുടെ ബിദാര്‍ സ്‌റ്റേഷനില്‍ വെച്ചായിരുന്നു ഇവര്‍ യുദ്ധ വിമാനം പറത്തിയത്. അനന്യ പരിശീലനത്തിന്റെ ഭാഗമായിട്ടാണ് പൈലറ്റായി എത്തിയത്. പഠനം പൂര്‍ത്തിയായാല്‍ വ്യോമസേനയുടെ കൂടുതല്‍ സൗകര്യങ്ങളുള്ള വിമാനങ്ങളും അനന്യക്ക് പറത്താം.
മകളും അച്ഛനും എന്ന നിലയിലായിരുന്നില്ല, പകരം വിശ്വസ്തരായ സഹപ്രവര്‍ത്തകര്‍ എന്ന നിലയിലായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചതെന്നും വ്യോമസേന പറഞ്ഞു. ഒരു യുദ്ധവിമാനത്തിന്റെ മുന്നില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന സഞ്ജയ് ശര്‍മയുടെയും അനന്യ ശര്‍മയുടെയും ഫോട്ടോയും വ്യോമസേന പുറത്തുവിട്ടു. ബിദാറിലെ വ്യോമസേന കേന്ദ്രത്തിലാണ് അനന്യ പരിശീലനം പൂര്‍ത്തിയാക്കുക. ഇവര്‍ ശരിക്കും പ്രചോദനമാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഇത്തരം പരിശീലനങ്ങള്‍ ഒരുപാട് ഭാവിയില്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നതായി ഒരു യൂസര്‍ കുറിച്ചു.












Click it and Unblock the Notifications