ബെംഗളൂരു: ഓടുന്ന ബസില്‍ 18കാരി നഴ്‌സിനെ ബലാത്സംഗം ചെയ്തു
ബെംഗളൂരു: ഐ ടി നഗരമായ ബെംഗളൂരുവില്‍ ഓടുന്ന ബസ്സില്‍ പതിനെട്ടുകാരിയെ ബലാത്സംഗം ചെയ്തു. റൂറല്‍ ബെംഗളൂരുവിലെ ഹോസ്‌കോട്ടെ ലക്കൊഡനഹള്ളി പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി ഒരു സ്വകാര്യ ബസ്സില്‍ വെച്ചാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. ബെംഗളൂരു സ്വദേശിനിയായ പെണ്‍കുട്ടി ഒരു സ്വകാര്യ നഴ്‌സിംഗ് ഹോമില്‍ ജോലി ചെയ്യുകയാണ്
രാത്രി വീട്ടിലേക്ക് മടങ്ങുന്നതിനായാണ് പെണ്‍കുട്ടി പ്രൈവറ്റ് ബസില്‍ കയറിയത്. ഹോസ്‌കോട്ടെയ്ക്ക് സമീപത്ത് വെച്ചായിരുന്നു ബസ് ഡ്രൈവര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ക്ലീനറോട് ബസ് ഓടിക്കാന്‍ ആവശ്യപ്പെട്ട ശേഷം ഇയാള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിന് ശേഷം പെണ്‍കുട്ടിയെ ബസ്സില്‍ നിന്നും തള്ളി താഴെയിട്ട് കടന്നുകളയുകയായിരുന്നു.

പോലീസില്‍ പരാതി നല്‍കിയ ശേഷം പെണ്‍കുട്ടി ആശുപത്രിയിലെത്തി വൈദ്യസഹായം തേടി. ഇവര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതി കിട്ടിയ ഉടന്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അക്രമികളെ പിടികൂടിയത്. ശിവമോഗ സ്വദേശിയായ ബസ് ഡ്രൈവര്‍ രവി, ചിന്താമണി സ്വദേശിയായ സഹായി മഞ്ജുനാഥ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലായത്.
ഐ പി സി 376 പ്രകാരം ഇരുവര്‍ക്കും എതിരെ പോലീസ് കേസെടുത്തു. ബസ് പോലീസ് കസ്റ്റഡിയിലാണ്. ബെംഗളൂരു പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. പെണ്‍കുട്ടിയില്‍ നിന്നും പോലീസ് മൊഴിയെടുത്തിട്ടില്ല. ഡോക്ടറുടെ അനുമതി കിട്ടിയാല്‍ ഉടന്‍ തന്നെ പെണ്‍കുട്ടിയുടെ മൊഴി എടുക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.












Click it and Unblock the Notifications