രാജ്യത്തെ ആദ്യ ഇലക്ട്രിക് ബസ് ബാംഗ്ലൂരില്‍
ബാംഗ്ലൂര്‍: അങ്ങനെ നമ്മുടെ രാജ്യത്തും ഇലക്ട്രിക് ബസ് ഓടാന്‍ തുടങ്ങുന്നു. ഇലക്ട്രിക് കാറുകളും ബൈക്കുകളും നേരത്തെ തന്നെ ഇറങ്ങിയിട്ടുണ്ടെങ്കിലും വൈദ്യുതി കൊണ്ട് ഓടുന്ന ബസ് രാജ്യത്ത് ആദ്യമാണ്. ഫെബ്രുവരി 27 വ്യാഴാഴ്ചയാണ് ബസ് ആദ്യമായി പുറത്തിറക്കിയത്.
ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് (ബിഎംടിസി) രാജ്യത്തെ ആദ്യ ഇലക്ട്രിക് ബസ് സര്‍വ്വീസ് ആരംഭിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് . മൂന്ന് മാസം ഓടിച്ച് നോക്കി സംഭവം ലാഭകരമാണെങ്കില്‍ കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കാനാണ് പദ്ധതി.
12 മീറ്ററാണ് ഈ വൈദ്യുതബസിന്റെ നീളം. ഫുള്ളി എയര്‍ കണ്ടീഷന്റ് ആണ്. 32 പേര്‍ക്ക് ഇരുന്ന് യാത്ര ചെയ്യാം. ഡ്രൈവറെ കൂടി ഉള്‍പ്പെടുത്തിയാണ് ഇത്. വീല്‍ ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കായി ഒരു പ്രത്യേക സീറ്റ് ബസ്സില്‍ ഉണ്ടായിരിക്കും.

നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ ചാര്‍ജ്ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ വരെ ഈ ഇലക്ട്രിക് ബസ് ഓടും. ഒരു ചൈനീസ് കമ്പനിയാണ് ബിഎംടിസിക്ക് വേണ്ടി ബസ് നിര്‍മിച്ച് നല്‍കിയിരിക്കുന്നത്.
സാധാരണ വോള്‍വോ എസി ബസ്സുകളേക്കാള്‍ വില കൂടുതലാണ് ഈ ഇലക്ട്രിക് ബസ്സിന്. സാധാരണ വോള്‍വോകള്‍ക്ക് 1.7 കോടി രൂപ വരെ വില വരുമ്പോള്‍ ഇലക്ട്രിക് ബസ്സിന്റെ വില 2.7 കോടി രൂപയാണ്.
വില കൂടുതലാണെങ്കിലും വണ്ടിക്ക് ഇന്ധന ചെലവ് കുറവാണ്. സാധാരണ എസി വോള്‍വോ ബസ്സിന് കിലോമീറ്ററിന് 18 രൂപ ചെലവ് വരുമ്പോള്‍ ഇലക്ട്രിക് ബസ്സിന് വെറും ഏഴ് രൂപ മാത്രമേ വരൂ. കൂടാതെ അന്തരീക്ഷ മലിനീകരണവും കുറവായിരിക്കും.












Click it and Unblock the Notifications