രാഹുൽ ഗാന്ധിക്കെതിരെ വീഡിയോ, ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയ്ക്ക് എതിരെ കേസ്
ബെംഗളൂരു: ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യയ്ക്ക് എതിരെ കേസെടുത്ത് കര്‍ണാടക പോലീസ്. സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുന്നുവെന്നും പ്രകോപനമുണ്ടാക്കുന്നുവെന്നും ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കൊണ്ട് അമിത് മാളവ്യ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോക്ക് എതിരെയാണ് പരാതി. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അംഗമാണ് പരാതി നല്‍കിയ രമേശ് ബാബു. കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയേയും കളിയാക്കുന്ന ആനിമേറ്റഡ് വീഡിയോ ആയിരുന്നു അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നത്.

എഫ്‌ഐആറില്‍ പറയുന്നത് ഇങ്ങനെയാണ്: 'രാഹുല്‍ ഗാന്ധി അപകടകാരിയാണ്, വഞ്ചനാപരമായ കളിയാണ് നടത്തുന്നത്. കടുത്ത ഇന്ത്യാ വിരുദ്ധരായ സാം പിയെ പോലെ രാഹുല്‍ ഗാന്ധിക്ക് പിന്നില്‍ നിന്ന് ചരട് വലിക്കുന്നവരാണ് അതിലും അപകടകാരികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നാണം കെടുത്തുന്നതിന് വേണ്ടി ലോകത്തിന് മുന്നില്‍ ഇന്ത്യയെ താഴ്ത്തിക്കെട്ടാനുളള ഒരവസരവും പാഴാക്കില്ല അവര്‍' എന്ന കുറിപ്പോട് കൂടി അമിത് മാളവ്യ വീഡിയോ ട്വീറ്റ് ചെയ്തു'.
കര്‍ണാടക പോലീസ് കേസെടുത്തതിന് പിന്നാലെ ഈ വീഡിയോ വീണ്ടും ട്വീറ്റ് ചെയ്തിരിക്കുകയാണ് അമിത് മാളവ്യ. ഇത്തവണ ഹിന്ദിയില്‍ ക്യാപ്ഷനിട്ടാണ് ട്വീറ്റ്. രാഹുല്‍ ഗാന്ധി വിദേശശക്തികളുടെ കയ്യിലെ ചട്ടുകമെന്ന് അമിത് മാളവ്യ കുറിച്ചു. ഐപിസി 153 (എ), 120 (ബി), 505 (2), 34 വകുപ്പുകള്‍ പ്രകാരമാണ് അമിത് മാളവ്യയ്ക്ക് എതിരെ കേസെടുത്തിരിക്കുന്നത്. അധികാരത്തിന്റെ ദുരുപയോഗമാണ് ഈ കേസെന്ന് ബിജെപി പ്രതികരിച്ചു. സത്യത്തെ അടിച്ചമര്‍ത്തുകയാണെന്നും ബിജെപി നേതൃത്വം കുറ്റപ്പെടുത്തി.












Click it and Unblock the Notifications