ഡികെ ഹീറോയാവണം; കര്‍ണാടകയില്‍ വൊക്കലിഗ മറിയാനുള്ള സാധ്യത ഇങ്ങനെ, ഇത്തവണ ആ ഫാക്ടറില്ല
ബെംഗളൂരു: കര്‍ണാടകയില്‍ വൊക്കലിഗ വോട്ട് മറിയുമോ? ഇതിനനുസരിച്ചാണ് ആരാകും സംസ്ഥാനത്ത് ഭരണം പിടിക്കുക എന്ന കാര്യം തീരുമാനിക്കുക. വൊക്കലിഗ പരമ്പരാഗതമായി ജെഡിഎസ്സിനെ പിന്തുണയ്ക്കുന്നവരാണ്. എന്നാല്‍ ഇത്തവണ പതിവില്‍ നിന്ന് വിപരീതമായി ബിജെപി ശക്തമായി വൊക്കലിഗ കോട്ടയില്‍ പ്രചാരണത്തിനുണ്ടായിരുന്നു.
ഇതിലൂടെ തന്നെ വ്യക്തമാണ് വൊക്കലിഗ സമുദായത്തിന്റെ പ്രസക്തി. പക്ഷേ ബിജെപി നടത്തിയ ക്യാമ്പയിനുകള്‍ അവരുടെ എല്ലാ മുന്നേറ്റത്തെയും തകര്‍ത്തിരിക്കുകയാണ്. കോണ്‍ഗ്രസിനുള്ള സാധ്യത ഇതിലൂടെ ഇരട്ടിയായി മാറുകയും ചെയ്തു. ഇത്തവണ ഡികെ ശിവകുമാറിലേക്കാണ് എല്ലാ ശ്രദ്ധയും എത്തുന്നത്. അതിന് കാരണങ്ങള്‍ ഏറെയാണ്.

ലിംഗായത്ത് വോട്ടുകളില്‍ ചോര്‍ച്ചയുണ്ടാവുമെന്ന ഭയം ബിജെപിക്കുണ്ട്. അതാണ് മറ്റ് വോട്ടുബാങ്കിലേക്ക് കടന്നുചെല്ലാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. മുംബൈ-കര്‍ണാടക മേഖലയിലുള്ള ലിംഗായത്തുകളില്‍ ഇത്തവണ ബിജെപിക്ക് വലിയ തോതില്‍ ലഭിക്കുന്ന ക്രേസ് ലഭിച്ചിട്ടില്ല.
പ്രധാന കാരണം യെഡിയൂരപ്പ പോലുള്ള ഒരു നേതാവ് മുഖ്യമന്ത്രി പദത്തില്‍ ഇല്ലാത്തതാണ്. അതുകൊണ്ട് വൊക്കലിഗയില്‍ ഫോക്കസ് ചെയ്ത് വോട്ട് പിടിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. അതിനായി ദേശീയ തലത്തിലെ നേതാക്കളെ മൊത്തത്തില്‍ ഇറക്കി രണ്ട് വര്‍ഷം മുമ്പേ ഗെയിം തുടങ്ങിയിരുന്നു ബിജെപി. അത് പല വിഷയങ്ങളിലേക്ക് വരെ എത്തി തുടങ്ങിയിരുന്നു.
ഓള്‍ഡ് മൈസൂര്‍ മേഖലയിലെ പ്രധാന സമുദായമാണ് വൊക്കലിഗ. ഇവിടെ ജെഡിഎസ്സും, കോണ്‍ഗ്രസുമാണ് കാലങ്ങളായി മത്സരിക്കുന്നത്. ഇതിനിടയിലേക്ക് രാഷ്ട്രീയ നേട്ടമുണ്ടാക്കാനായി ബിജെപി വന്നെങ്കിലും ഗുണമുണ്ടായില്ല. 2018ല്‍ വൊക്കലിഗ ജില്ലകളിലുള്ള 59 സീറ്റുകളില്‍ ബിജെപി നേടിയത് വെറും 11 സീറ്റാണ്.

ഒന്‍പത് ജില്ലകളിലായിട്ടാണ് വൊക്കലിഗ വോട്ടുകള്‍ വ്യാപിച്ച് കിടക്കുന്നത്. ജെഡിഎസ്സ് 28 സീറ്റുമായി ഇവിടെ നേട്ടമുണ്ടാക്കി. കോണ്‍ഗ്രസ് ഇരുപത് സീറ്റും ഇവിടെ നേടി. ഇത്തവണ ബിജെപി ഇനിയും താഴേക്ക് പോകുമെന്നാണ് വിലയിരുത്തല്‍. ഉറിഗൗഡ-നഞ്ചേഗൗഡ പ്രചാരണം ബിജെപി ഉയര്‍ത്തിയതാണ് പ്രധാന കാരണം. ഇത് നെഗറ്റീവായ ഇമേജാണ് പാര്‍ട്ടിക്ക് നല്‍കിയത്.
ടിപ്പു സുല്‍ത്താനെ വധിച്ചത് ധീരന്മാരായ ഉറിഗൗഡ-നഞ്ചേഗൗഡ എന്ന വൊക്കലിഗ സമുദായക്കാരാണെന്നായിരുന്നു ബിജെപിയുടെ പ്രചാരണം. എന്നാല്‍ ചരിത്രപരമായ യാതൊരു തെളിവും ഇതിനുണ്ടായിരുന്നില്ല. വൊക്കലിഗ നേതാക്കളായ കുമാരസ്വാമിയും ഡികെ ശിവകുമാറും ഇതിനെതിരെ രംഗത്ത് വന്നു. ഇതോടെ ബിജെപി ശരിക്കും പ്രതിരോധത്തിലായി.
വൊക്കലിഗ പുരോഹിതന്‍ ഈ വിഷയത്തില്‍ ബിജെപിക്ക് ഉപദേശവും നല്‍കി. അതോടെ ഈ വിഷയം ബിജെപി ഉന്നയിച്ചിട്ടില്ല. അത് പാര്‍ട്ടിക്ക് ആകെ നാണക്കേടുണ്ടാക്കി. അമുല്‍-കെഎംഎഫ് വിഷയവും അതുപോലെ ബിജെപിയുടെ കൈവിട്ട് പോയി. അമുല്‍ ബെംഗളൂരുവിലേക്ക് വരുന്നതിനെ ബിജെപി നേതാക്കള്‍ ന്യായീകരിക്കുകയും ചെയ്തു.
പ്രാദേശിക ഭരണകൂടങ്ങളെല്ലാം ക്ഷീര മേഖലയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. നേരത്തെ ശിവമോഗ വിമാനത്താവളത്തിന് കുവേമ്പുവിന്റെ പേരാണ് ബിജെപി നല്‍കിയത്.
ഒപ്പം കെംപഗൗഡയുടെ 108 അടി ഉയരമുള്ള പ്രതിമയും ബിജെപി ബെംഗളൂരു വിമാനത്താവളത്തില്‍ സ്ഥാപിച്ചിരുന്നു. വൊക്കലിഗ സമുദായത്തിന് സംവരണം, ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ, റേസ് കോഴ്‌സ് റോഡിന് നടനും വൊക്കലിഗ വിഭാഗക്കാരനുമായ അംബരീഷിന്റെ പേര് നല്‍കല്‍, തുടങ്ങി നിരവധി കാര്യങ്ങള്‍ ബിജെപി ചെയ്തിരുന്നു. എന്നാല്‍ ഉറിഗൗഡ-നഞ്ചേഗൗഡ വിഷയത്തില്‍ എല്ലാം ബിജെപി കൈവിട്ടു.
ഇനിയുള്ളത് ഡികെ ശിവകുമാറിന്റെ ഊഴമാണ്. തന്റെ കരുത്ത് എത്രയുണ്ടെന്ന് അദ്ദേഹത്തിന് തെളിയിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. വൊക്കലിഗ മുഖ്യമന്ത്രി എന്ന കാര്‍ഡും ഇതോടൊപ്പം ഡികെ ഇറക്കിയിട്ടുണ്ട്. കൂടുതല്‍ സീറ്റ് കിട്ടിയാല്‍ താന്‍ മുഖ്യമന്ത്രിയാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. 2018ല്‍ ജെഡിഎസ്സിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നു.
അത് വൊക്കലിഗ വോട്ടുകള്‍ അവര്‍ക്ക് അനുകൂലമായി ഏകീകരിക്കപ്പെട്ടത് കൊണ്ടാണ്. ഇത്തവണ ആ സൂചനയില്ല. തുമകൂരു, കോലാര്‍, ചിക്കബല്ലാപൂര്‍, ചാമരാജ്‌നഗര്‍ എന്നിവിടങ്ങളിലൊന്നും അനുകൂല തരംഗം പ്രകടമല്ല. മൈസൂരു, മാണ്ഡ്യ ജില്ലകളില്‍ കോണ്‍ഗ്രസ് ട്രാക്കിലാണ്. ശിവകുമാര്‍ ഹീറോയായാല്‍ മാത്രമേ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തിലെത്തൂ.












Click it and Unblock the Notifications