പോളിംഗിന് മണിക്കൂറുകള്‍ മാത്രം; ഗ്യാസ് സിലിണ്ടറിനെ പൂജിച്ച് ഡികെ ശിവകുമാര്‍
ബെംഗളൂരു: കര്‍ണാടകയില്‍ പോളിംഗിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിനിടെ തരംഗമായി കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെ പൂജ. ഗ്യാസ് സിലിണ്ടറിന് മുന്നില്‍ പൂജ നടത്തിയിരിക്കുകയാണ് ശിവകുമാര്‍. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്.
വോട്ടര്‍മാരെ വിലക്കയറ്റത്തെ കുറിച്ച് ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ് വ്യത്യസ്ത രീതിയിലുള്ള പൂജകളുമായി ശിവകുമാര്‍ രംഗത്തെത്തിയത്. ഇന്ന് വൈകീട്ടായിരുന്നു പൂജ. സിലിണ്ടര്‍ ഒരു മേശയുടെ മേല്‍ വെച്ച്, ഒന്ന് അലങ്കരിച്ചിട്ടുണ്ട്. തേങ്ങയും, വാഴപ്പഴവും, അടക്കമുള്ള പഴങ്ങളും ഇതിനൊപ്പം വെച്ചിട്ടുണ്ട്.

ശിവകുമാര്‍ സിലിണ്ടറിന് ആരതി ഉഴിയുന്നതും, പ്രാര്‍ത്ഥിക്കുന്നതുമാണ് പിന്നീട് കാണാന്‍ സാധിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞത്, വോട്ട് ചെയ്യുന്നതിന് മുമ്പ് സിലിണ്ടര്‍ നോക്കുകയെന്നാണ്. അത് തന്നെ പിന്തുടരാനാണ് എനിക്ക് ജനങ്ങളോട് പറയാനുള്ളത്. പോളിംഗ് ബൂത്തിന് നൂറ് കിലോമീറ്റര്‍ അകലെ സിലിണ്ടറുകള്‍ സ്ഥാപിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും ശിവകുമാര്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.
അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസ് വലിയ ശുഭാപ്തി പ്രതീക്ഷയിലാണ്. വിലക്കയറ്റവും, തൊഴിലില്ലായ്മയും അടക്കമുള്ള വിഷയങ്ങള്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസിനുള്ളത്. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് ബിജെപിയുടെ ഹൈടെക്ക് പ്രചാരണത്തെ കര്‍ണാടകയില്‍ പ്രതിരോധിച്ചത്. എന്നാല്‍ ബജ്രംഗ്ദള്‍ വിഷയങ്ങള്‍ അടക്കം തിരിച്ചടിയാവുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്.
ബിജെപിയുടെ പ്രചാരണങ്ങള്‍ക്കായി മുന്നില്‍ നിന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു. എന്നാല്‍ വിചാരിച്ച നേട്ടം ബിജെപിക്കുണ്ടായാല്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനും അത് തിരിച്ചടിയാകും. ബിജെപി സര്‍ക്കാരിന്റെ പേരിലുള്ള നാല്‍പ്പത് ശതമാനം കമ്മീഷന്‍ അഴിമതിയാണ് കോണ്‍ഗ്രസ് പ്രധാന കാര്യമായി ഉന്നയിച്ചത്. എന്നാല്‍ സര്‍വേയില്‍ അടക്കം ഇത് വലിയൊരു പ്രശ്‌നമല്ലെന്ന് കണ്ടെത്തിയിരുന്നു.
അതേസമയം വൊക്കലിഗ സമുദായത്തിനായി ഇത്തവണ കോണ്‍ഗ്രസ് കൂടുതലായി ശ്രമിച്ചിരുന്നു. ഇതിലൂടെ മാത്രമേ കൂടുതല്‍ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് എത്തൂ. 130 സീറ്റില്‍ അധികം നേടിയില്ലെങ്കില്‍ ബിജെപി സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്ന ഭയവും കോണ്‍ഗ്രസിനുണ്ട്. കഴിഞ്ഞ തവണത്തെ പോലൊരു സാഹചര്യം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.
രാഹുല്‍ ഗാന്ധി ജനങ്ങളോട് 150 സീറ്റ് നല്‍കി കോണ്‍ഗ്രസിനെ അനുഗ്രഹിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു. ഇല്ലെങ്കില്‍ ബിജെപി പണം നല്‍കി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. അഞ്ച് സുപ്രധാന വാഗ്ദാനങ്ങളും സര്‍ക്കാര്‍ ഉണ്ടാക്കിയാല്‍ പാലിക്കുമെന്നും രാഹുല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications