ബെംഗളൂരു നിവാസികളെ വിറപ്പിച്ച് വീണ്ടും അജ്ഞാത ശബ്ദം; ജനലുകള്‍ക്കും വാതിലിനും ഇളക്കം
ബെംഗളൂരു: ബെംഗളൂരു നഗരത്തെ വിറപ്പിച്ച് വീണ്ടും അജ്ഞാത ശബ്ദം. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15 ഓടെയാണ് ശബ്ദം കേട്ടതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ നിരവധിപേര്‍ പങ്കുവെച്ച വിവരം. എന്നാല്‍ ശബ്ദത്തിന്റെ ഉറവിടം ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. "ഇപ്പോൾ ബംഗളൂരുവിൽ ഒരു വലിയ സ്ഫോടന ശബ്ദം കേട്ടു, അതിന്റെ പ്രകമ്പനത്തില്‍ വാതിലുകളും ജനലുകളും ഇളകി. രാജരാജേശ്വരി നഗറിലെ വീട്ടില്‍ നില്‍ക്കുമ്പോഴാണ് എനിക്ക് ഇത് അനുഭവപ്പെട്ടത്. മറ്റുള്ള ആര്‍ക്കെങ്കില്‍ തോന്നിയോ??"- എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
"ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ജനാലകൾ ഇളകുന്നതിനോടൊപ്പം തന്നെ വലിയ ശബ്ദം വീണ്ടും കേട്ടു. ഇത്തവണ എന്താണ് സംഭവിച്ചത്? സോണിക് ബൂം? ഭൂകമ്പം? ക്വാറി സ്‌ഫോടനമോ?"- എന്നായിരുന്നു ഒരു മാധ്യമപ്രവർത്തകൻ ട്വീറ്റ് ചെയ്തത്. രാജരാജേശ്വരി നഗർ, ബനശങ്കരി, വിജയനഗർ, ഉത്തരഹള്ളി, കെങ്കേരി, ബംഗളൂരു സൗത്തിലെ ചില പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ശബ്ദം കേട്ടതായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിവരങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്. ചിലര്‍ തങ്ങൾക്ക് നേരിയ ഭൂചലനവും അനുഭവപ്പെട്ടതായും അവകാശപ്പെടുന്നുണ്ട്.

നേരത്തേയും നഗരത്തില്‍ ഇത്തരം ശബ്ദങ്ങള്‍ കേട്ട അനുഭവങ്ങളുണ്ടായിരുന്നു. ഈ വർഷം ജൂലൈയിൽ, സർജാപൂർ, ജെപി നഗർ, ബെൻസൺ ടൗൺ, അൾസൂർ, ഐഎസ്ആർഒ ലേഔട്ട്, എച്ച്എസ്ആർ ലേഔട്ട് എന്നിവിടങ്ങളിലെ നിരവധി നിവാസികൾ ഉച്ചത്തിലുള്ള 'ബൂം' ശബ്ദം കേട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്നും വാതിലുകളും ജനലും ഇളകിയിരുന്നു. നഗരത്തിന് മുകളിലൂടെ പറക്കുന്ന ഒരു യുദ്ധവിമാനം സൃഷ്ടിച്ച 'സോണിക് ബൂം' ആവാമെന്ന് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, പോലീസോ വ്യോമസേനയോ ആ സമയത്ത് വിശദീകരണം ഒന്നും നല്‍കുകയും ചെയ്തിരുന്നില്ല.
കഴിഞ്ഞ വർഷം മെയ് മാസത്തിലു ബംഗളുരുവിൽ സമാനമായ 'ബൂം' ശബ്ദം കേട്ടിരുന്നു. ഇതിന് കാരണം സുഖോയ് 30 ആണെന്ന് ഇന്ത്യൻ വ്യോമസേന പിന്നീട് സ്ഥിരീകരിച്ചു. വായുവിൽ സെക്കൻഡിൽ 343 മീറ്റർ വേഗതയിൽ ശബ്ദത്തിന്റെ വേഗതയേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ ഫലമാണ് സോണിക് ബൂം. ഈ പ്രതിഭാസം അന്തരീക്ഷത്തിൽ ഷോക്ക് തരംഗങ്ങൾ സൃഷ്ടിക്കുന്നു, ഇത് ഉച്ചത്തിലുള്ള ശബ്ദമുണ്ടാക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. സുഖോയ് വിമാനം ബെംഗളൂരുവിന് മുകളിലൂടെ പറന്നതോടെയാണ് അന്ന് അത്തരമൊരെ ശബ്ദം ഉണ്ടായത്












Click it and Unblock the Notifications