രാജ്യത്തെ രക്ഷിക്കാന്‍ മോഡിയും യെഡ്ഡിയും?
ബാംഗ്ലൂര്‍: രാജ്യത്തെ രക്ഷിക്കാന്‍ നരേന്ദ്രമോഡിയും യെഡിയൂരപ്പയും ഒരുമിക്കണം - ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി ബാംഗ്ലൂരിലെത്തുന്നതിന് മുന്നോടിയായി നഗരത്തില്‍ ഉയര്‍ന്നിരിക്കുന്ന അസംഖ്യം ബാനറുകളില്‍ ഒന്നാണിത്. ഇത്തരത്തില്‍ യെഡിയൂരപ്പയും മോഡിയും ഒരുമിക്കണം എന്നാവശ്യപ്പെടുന്ന നിരവധി ബോര്‍ഡുകളും, ബാനറുകളും ഉദ്യാന നഗരിയില്‍ അങ്ങോളമിങ്ങോളം കാണാം.
നരേന്ദ്രമോഡിയും യെഡിയൂരപ്പയും ഒന്നിച്ചുള്ള ഒട്ടേറെ ഫ്ളക്‌സ് ബോര്‍ഡുകള്‍ നിരത്തിലുണ്ട്. എന്നാല്‍ ഇത് ബി ജെ പിയോ കെ ജെ പിയോ ഔദ്യോഗികമായി സ്ഥാപിച്ചതാണോ എന്നതിന് പലതിലും ഉത്തരമില്ല. ഫാന്‍സുകാര്‍ സ്ഥാപിക്കുന്ന തരത്തിലാണ് പല ബോഡുകളും കാണപ്പെടുന്നത്. കോര്‍പ്പറേഷന്‍ സര്‍ക്കിളില്‍ കാണുന്ന ചിത്രമാണ് വാര്‍ത്തയ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്നത്. ഇതിലും ഏതെങ്കിലും പാര്‍ട്ടിയുടെ പേര് പറയുന്നില്ല.

അതേസമയം മോഡിയുടെ സന്ദര്‍ശനം പാര്‍ട്ടിയുടെ സംസ്ഥാനത്തെ നില മെച്ചപ്പെടുത്തും എന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍. യെഡിയൂരപ്പയുടെ നിലപാടും ഇതില്‍പ്പെടാന്‍ ഇടയുണ്ട്. നരേന്ദ്രമോഡിയുടെ അറിയപ്പെുന്ന ഫാനാണ് മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ. എന്നാല്‍ മോഡിയോടുള്ള പ്രതിപത്തിയൊന്നും ആള്‍ക്ക് ബി ജെ പിയോടില്ല താനും.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയില്‍ നരേന്ദ്രമോഡിക്ക് പിന്തുണ കൊടുത്താലും ബി ജെ പിയോട് ഒത്തുപോകുന്ന പ്രശ്‌നമില്ല എന്നാണ് യെഡ്ഡിയുടെ നിലപാട്. എന്നാല്‍ ബി ജെ പി വിട്ട് പുതിയ പാര്‍ട്ടി ഉണ്ടാക്കിയ യെഡിയൂരപ്പയ്ക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ബി ജെ പിയോട് ഒത്തുനിന്നാല്‍ സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിയും എന്ന പ്രതീക്ഷ ഒരു പക്ഷേ യെഡ്ഡിയെ മാതൃസംഘടനയിലേക്ക് മടക്കിക്കൊണ്ടുവരും എന്ന് പ്രതീക്ഷിക്കുന്നവരുമുണ്ട്.












Click it and Unblock the Notifications