ബാംഗ്ലൂരില്‍ മലയാളി യുവാവിന് പോലീസ് പീഡനം
ബാംഗ്ലൂര്‍: മലയാളിയായ സോഫ്റ്റ് വെയര്‍ എന്‍ജിനീയറെ ബാംഗ്ലൂര്‍ പോലീസ് ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി. മഞ്ചേരി സ്വദേശിയായ യുവാവാണ് പോലീസ് പീഡനത്തിന് ഇരയായത്. സംഭവത്തില്‍ കര്‍ണാടക ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി.
2013 ഒക്ടോബര്‍16 നാണ് സംഭവം നടന്നത്. ബാംഗ്ലൂര്‍ ബന്നര്‍ഘട്ടയില്‍ പോലീസുകാര്‍ ഒരാളെ മര്‍ദ്ദിക്കുന്നത് യുവാവ് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്ന് പറയുന്നു. മാന്യമായി പെറുമാണം എന്ന് പോലീസിനോട് ആവശ്യപ്പെട്ട യുവാവിനെ കാരണമൊന്നും പറയാതെ ബന്നര്‍ഘട്ട പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നുവത്രെ.
സ്‌റ്റേഷനില്‍ ക്രൂര പീഡനങ്ങള്‍ക്കാണ് യുവാവ് ഇരയായത്. പോലീസുകാര്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചു. കന്നഡയില്‍ തയ്യാറാക്കിയ എഫ്‌ഐആറില്‍ എന്താണുള്ളതെന്ന് പോലും പറയാതെ നിര്‍ബന്ധിച്ച് ഒപ്പുവപ്പിച്ചു. പിന്നീട് ഒരു ചികിത്സയും നല്‍കാതെ കോടതിയില്‍ ഹാജരാക്കി.
ക്രിക്കറ്റ് ബാറ്റുകൊണ്ടുള്ള അടിയില്‍ കാലിന് പരിക്കേറ്റിരുന്നുവെങ്കിലും പോലീസ് യാതൊരു ചികിത്സയും നല്‍കിയിരുന്നില്ല. പോലീസ് മര്‍ദ്ദനത്തിന്റെ കാര്യം കോടതിയല്‍ പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീണ് പരിക്കേറ്റതാണെന്നാണ് യുവാവ് മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയത്. പിന്നീട് ഇയാളെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റി.
ജയില്‍ ഡോക്ടര്‍ പരിശോധിച്ചപ്പോഴും വീണ് പരിക്കേറ്റതാണെന്നാണ് യുവാവ് ആദ്യം പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ സത്യം പറയുകയായിരുന്നു. പിന്നീ
ട് ഡോക്ടര്‍ പോലീസ് പീഡനത്തിലാണ് യുവാവിന് പരിക്കേറ്റതെന്ന് റിപ്പോര്‍ട്ട് നല്‍കി.
നാല് ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് യുവാവ് പുറത്തിറങ്ങിയത്. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. തന്റെ ഫോണും പേഴ്‌സും അടക്കമുള്ള സാധനങ്ങള്‍ പോലീസ് പിടിച്ചുവാങ്ങിയെന്നും ആരേയും വിവരം അറിയിക്കാന്‍ സമ്മതിച്ചില്ലെന്നും യുവാവ് പറയുന്നു.
ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഉടന്‍ തന്നെ നടപടി ഉണ്ടായിട്ടുണ്ട്. ബന്നര്‍ഘട്ട സ്റ്റേഷനിലെ എസ്‌ഐയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയണ് ഇപ്പോള്‍. കേസ് പിന്‍വലിപ്പിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും യുവാവ് പറയുന്നു.












Click it and Unblock the Notifications