വീണ്ടും ബാംഗ്ലൂര്‍; 7 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു
ബാംഗ്ലൂര്‍: മാറത്തഹള്ളിയിലെ വിബ്ജിയോര്‍ പബ്ലിക് സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായതിന് പിന്നാലെ ബാഗ്ലൂരില്‍ വീണ്ടും വിദ്യാര്‍ഥിനി ബലാത്സംഗം ചെയ്യപ്പെട്ടു. പടിഞ്ഞാറന്‍ ബാംഗ്ലൂരിലെ സുങ്കദ്ഗട്ടെയിലെ സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായത്. സ്‌കൂളിലെ ജീവനക്കാരിയുടെ മകനാണ് ഏഴുവയസ്സുകാരിയെ പീഡിപ്പിച്ചത്.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ സ്‌കൂള്‍ ജീവനക്കാരിയുടെ മകന്‍ ശ്രീനിവാസയെ (28) പോലീസ് അറസ്റ്റ് ചെയ്തു. സ്‌കൂളില്‍ വെച്ചല്ല സംഭവം നടന്നത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയും സ്‌കൂളിലെ ജീവനക്കാരിയാണത്രെ. സ്‌കൂളില്‍ നിന്നും പെണ്‍കുട്ടി അമ്മയുടെ കൂട്ടുകാരിയുടെ വീട്ടിലെത്തിയതായിരുന്നു. എന്നാല്‍ അപ്പോള്‍ വീട്ടില്‍ ശ്രീനിവാസ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ട്.

ജൂലൈ 28 ഞായറാഴ്ചയാണ് വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ടത്. മാറത്തഹള്ളിയിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധങ്ങളും അന്വേഷണങ്ങളും ഇനിയും അവസാനിച്ചിട്ടില്ല. പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാരോപിച്ച് ആദ്യം അറസ്റ്റ് ചെയ്ത ആളല്ല ശരിക്കും കുട്ടിയെ ഉപദ്രവിച്ചത് എന്നാണ് പോലീസ് ഇപ്പോള്‍ പറയുന്നത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് വിബ്ജിയോര്‍ സ്‌കൂളിലെ കരാര്‍ ജീവനക്കാരായ രണ്ട് അധ്യാപകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരുവരും കുറ്റം സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്. അന്വേഷണം തുടരുകയാണ് എന്നും സിറ്റി പോലീസ് കമ്മീഷണര്‍ എം എന്‍ റെഡ്ഡി അറിയിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങളില്‍ പ്രതിഷേധിച്ച് ബാംഗ്ലൂരില്‍ ജൂലൈ 31 വ്യാഴാഴ്ച ഹര്‍ത്താല്‍ ആചരിക്കുകയാണ്.












Click it and Unblock the Notifications