സിദ്ധരാമയ്യയുടെ 13 മന്ത്രിമാര്‍ പുറത്ത് ,14 പേര്‍ക്ക് മന്ത്രിസ്ഥാനം ;പക്ഷപാതപരമെന്ന് ആരോപണം
ബെംഗളൂരു :കര്‍ണ്ണാടക മന്ത്രിസഭയെ ആകെ അഴിച്ചു പണിതിരിക്കുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. 14 പേര്‍ക്കാണ് മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. 13 പേരെ പുതുതായി ഉള്‍പ്പെടുത്തി. മന്ത്രിസഭ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് മന്ത്രി സഭയിലെ ഈ പുതുക്കല്‍. ഇതോടെ മന്ത്രിസഭയുടെ അംഗബലം 33 ആയി. മന്ത്രി സ്ഥാനം നഷ്ടപ്പെട്ടവരില്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളും നടന്‍ അംബരീഷും ഉള്‍പ്പെടുന്നു. പുതുക്കിയ മന്ത്രി സഭയിലിടം നേടാമെന്നു കരുതിയവരും ഏറെ.
മന്ത്രിസ്ഥാനം കിട്ടാത്തതില്‍ പ്രതിഷേധിച്ച് ചില മുതിര്‍ന്ന നേതാക്കളുടെ അനുയായികള്‍ നഗരത്തില്‍ കഴിഞ്ഞ ദിവസം പ്രതിഷേധം പ്രകടനം നടത്തിയത് അക്രമാസക്തമായി. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടവരുടെ പ്രതിഷേധത്തിനു പുറമേയാണിത്. എട്ടു എംഎല്‍എമാര്‍ രാജി ഭീഷണിമുഴക്കിയിട്ടുമുണ്ട്. ഖമറുല്‍ ഇസ്ലാം,നടന്‍ അംബരീഷ്,സതീഷ് ജാര്‍ക്കിഹോളി,ഷാമന്നൂര്‍ ശിവശങ്കരപ്പ,വി ശ്രീനിവാസ തുടങ്ങിയ പ്രമുഖര്‍ക്ക് മന്തിസ്ഥാനം നഷ്ടമായപ്പോള്‍ തന്‍വീര്‍ സേട്ട്,എസ് എസ് മല്ലികാര്‍ജ്ജുന,എം ആര്‍ സീതാറാം,സന്തോഷ് ലാഡ് എന്നിവര്‍ മന്ത്രിസഭയിലിടം നേടി.

പുതുതായി സ്ഥാനമേറ്റ മന്ത്രിമാര്‍ക്ക് ഗവര്‍ണ്ണര്‍ വാജുബായ് വാല സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിമാരുടെ വകുപ്പുകള്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. വരുന്ന നിയമസഭാതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സിദ്ധരാമയ്യയുടെ ഈ ചുവടുവെപ്പ്. മന്ത്രി സഭയിലെ അഴിച്ചുപണി പാര്‍ട്ടിക്കകത്തും പുറത്തും ഒട്ടേറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. മുഖ്യമന്ത്രി പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് പ്രധാന ആരോപണം. എന്നാല്‍ പ്രവര്‍ത്തന മികവില്ലാത്തവരെയും ആരോപണ വിധേയരായവരെയുമാണ് മന്ത്രി സ്ഥാനത്തു നിന്നു നീക്കം ചെയ്തതെന്നാണ് സിദ്ധരാമയ്യ പറയുന്നത്.
കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയുടെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും അനുവാദത്തോടെയായിരുന്നു മുഖ്യന്റെ അഴിച്ചു പണി. സംസ്ഥാന കോണ്‍ഗ്രസ്സ് അധ്യക്ഷ സ്ഥാനത്തു നിന്നും ജി പരമേശ്വരയെമാറ്റി മുതിര്‍ന്ന നേതാവും മന്ത്രിയുമായ ഡികെ ശിവകുമാറിനെ നിയമിക്കാനും ആലോചനയുണ്ട്. മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്ന ചില നേതാക്കള്‍ ഒടുവില്‍ ലിസ്റ്റ് വന്നപ്പോള്‍ പുറത്തായതറിഞ്ഞതോടെ അവരവരുടെ നിയമസഭാമണ്ഡലങ്ങളില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളെ പോലീസെത്തിയാണ് നിയന്ത്രിച്ചത്. വിജയനഗര്‍ മണ്ഡലത്തില്‍ മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്ന മുതിര്‍ന്ന നേതാവ് കൃഷ്ണപ്പയുടെ അനുയായികള്‍ മെട്രോ ട്രെയിന്‍ സ്റ്റേഷനിലേയ്ക്ക് ഇരച്ചുകയറുകയും ട്രെയിന്‍ തടയുകയും ചെയ്തു .കല്‍ബുര്‍ഗിയില്‍ പ്രവര്‍ത്തകര്‍ കെ.എസ്ആര്‍ടിസി ബസ്സിനു തീവെച്ചു.












Click it and Unblock the Notifications