സിദ്ധരാമയ്യയുടെ കാര്‍ തടഞ്ഞ് വയോധികന്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ ഞെട്ടി, ആവശ്യം ഇങ്ങനെ
ബെംഗളൂരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനം തടഞ്ഞ് അയല്‍വാസിയായ വയോധികന്‍. സുരക്ഷാ ഉദ്യോഗസ്ഥര്‍ അടക്കം അമ്പരന്ന് പോയ നീക്കമായിരുന്നു നടന്നത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. പാര്‍ക്കിംഗ് പ്രശ്‌നങ്ങളെ തുടര്‍ന്നാണ് വയോധികന്‍ സിദ്ധരാമയ്യയുടെ കാര്‍ തടഞ്ഞത്. മുഖ്യമന്ത്രിയുടെ വീട്ടില്‍ നിരന്തരം സന്ദര്‍ശകര്‍ വരുന്നതിനെ തുടര്‍ന്ന് പാര്‍ക്കിംഗ് പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നു എന്നായിരുന്നു വയോധികന്റെ പരാതി.
കര്‍ണാടകയിലെ കുമാര കൃപ റോഡിലാണ് സിദ്ധരാമയ്യയുടെ വസതിയുള്ളത്. മുഖ്യമന്ത്രിയുടെ വീട്ടിന് സമീപത്തായിട്ടാണ് ഇയാള്‍ താമസിക്കുന്നത്. ട്രാഫിക്ക് ബ്ലോക്കിന് പരിഹാരം കണ്ട ശേഷം വാഹനം മുന്നോട്ട് പോയല്‍ മതിയെന്നായിരുന്നു വയോധികന്റെ നിലപാട്. തനിക്കും, കുടുംബത്തിനും ഈ ട്രാഫിക്ക് പ്രശ്‌നങ്ങള്‍ കാരണം വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്നും നരോത്തം എന്ന ഈ വയോധികന്‍ പറഞ്ഞു.

ഇത് എന്തൊരു അസംബന്ധമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം ഞങ്ങള്‍ ഇത് സഹിച്ചു. മടുത്തെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ വരുന്നവര്‍ സമീപത്തെല്ലാം വാഹനം നിര്‍ത്തിയിട്ടാണ് വരുന്നത്. അത് തനിക്കും കുടുംബത്തിനും തടസ്സങ്ങളുണ്ടാക്കുന്നു. വീട്ടിന് പുറത്തേക്ക് വാഹനം ഓടിച്ച് പോകാന്‍ പോലും സാധിക്കുന്നില്ലെന്നും നരോത്തം പറഞ്ഞു. ഗേറ്റ് അടക്കം തുറക്കാന്‍ പറ്റുന്നില്ലെന്ന് വയോധികന്‍ ചൂണ്ടിക്കാണിച്ചു. ആദ്യം സുരക്ഷാ ഉദ്യോഗസ്ഥരോടായിരുന്നു നരോത്തം തന്റെ രോഷം തീര്‍ത്തത്.
സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ശേഷം പോലീസ് ഉദ്യോഗസ്ഥരോടായിരുന്നു പിന്നീട് അദ്ദേഹം തര്‍ക്കിച്ചത്. തുടര്‍ന്നാണ് സിദ്ധരാമയ്യയുടെ കാര്‍ തടഞ്ഞത്. അതേസമയം ഉടന്‍ തന്നെ കാറിന്റെ ഗ്ലാസ് താഴ്ത്തിയ സിദ്ധരാമയ്യ നരോത്തമിന്റെ പരാതി കേള്‍ക്കാന്‍ തയ്യാറായി. സുരക്ഷാ ഉദ്യോഗസ്ഥരോട് ഈ വിഷയത്തെ ഗൗരവത്തില്‍ കണ്ട്, വേഗത്തില്‍ പരിഹരിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തന്റെ വീടിന് ചുറ്റുമുള്ള കുറച്ച് സ്ഥലം ഒഴിച്ചിട്ട് തരണമെന്നാണ് ആളുകളോട് പറയാനുള്ളത്. ഗേറ്റ് അടക്കം തടസ്സപ്പെട്ട് നില്‍ക്കുന്നത് കൊണ്ട് പുറത്തിറങ്ങാനാവുന്നില്ല. എല്ലാ ദിവസവും രാവിലെ ഇതാണ് സംഭവിക്കുന്നത്. ആരാണ് വാഹനത്തിന്റെ ഉടമയെന്ന് കണ്ടുപിടിച്ച്, അവരോട് മാറ്റാന്‍ പറയുകയാണ് കഴിഞ്ഞ അഞ്ച് വര്‍ഷവും നടന്നിരിക്കുന്നതെന്നും നരോത്തം പറഞ്ഞു.
സിദ്ധരാമയ്യ മുഖ്യമന്ത്രിയായതോടെ ഈ വീട്ടിലേക്ക് വരുന്ന ആളുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. അതുപോലെ വാഹനങ്ങളുടെ എണ്ണവും വര്‍ധിച്ചു. ഇപ്പോള്‍ വലിയ ബുദ്ധിമുട്ടാണെന്ന് നരോത്തം വ്യക്താക്കി. മുഖ്യമന്ത്രിയുമായി വളരെ അടുപ്പമുള്ളവരോ, അതല്ലെങ്കില്‍ സ്വാധീനമേറിയ മന്ത്രിമാരോ ആയിരിക്കും വാഹനം പാര്‍ക്ക് ചെയ്യുന്നത്. അവരുടെ പദവി അറിയുന്നത് കൊണ്ട് വാഹനം മാറ്റാന്‍ പറയാനാവില്ല. വാഹനങ്ങള്‍ വീടിന്റെ ഗേറ്റ് അടക്കം തടസ്സപ്പെടുത്തിയാണ് നില്‍ക്കുന്നതെന്ന കാര്യം സത്യമാണെന്നും പോലീസ് പറയുന്നു. അതേസമയം മുഖ്യമന്ത്രി തന്നെ നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടേക്കും.












Click it and Unblock the Notifications