പികെ സിനിമയ്‌ക്കെതിരെ ആഞ്ഞടിച്ച് ശ്രീ ശ്രീ രവിശങ്കര്‍
ബെംഗളൂരു: കള്ള ദൈവങ്ങളെ പരിഹസിക്കുന്ന ആമിര്‍ ഖാന്റെ പികെ എന്ന സിനിമയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി യോഗാചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ രംഗത്തെത്തി. പികെ എന്ന സിനിമ കണ്ടെന്നും ആധ്യാത്മിക മൂല്യങ്ങള്‍ക്കെതിരായ ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് സിനിമ നിര്‍മിച്ചതെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
എല്ലാ ആശ്രമങ്ങളെയും മോശമാക്കാനാണ് സിനിമ ശ്രമിക്കുന്നത്. ക്ഷേത്രങ്ങള്‍ ജനങ്ങളുടെ പണം കൊള്ളടിക്കുകയാണെന്നാണ് സിനിമ പറയുന്ന മറ്റൊരു കാര്യം. സിനിമ നിര്‍മിച്ചവരും അതേ കാര്യമാണ് ചെയ്യുന്നത്. കോടിക്കണക്കിന് രൂപ ജനങ്ങളില്‍ നിന്നും ഉണ്ടാക്കി അവര്‍ വീട്ടിലേക്ക് പോവുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വിഗ്രഹാരാധനും ദൈവമുമൊന്നുമില്ലാത്ത ഇന്ത്യയെക്കുറിച്ച് ചിന്തിക്കാനാവില്ല. ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമാണത്. അത് ഇല്ലാതായാല്‍ ഇന്ത്യ ഇല്ലെന്നു തന്നെ പറയാം. നമ്മുടെ സംസ്‌കാരം നശിച്ച് ജീര്‍ണതയുടെ അവസ്ഥയിലെത്തുമെന്നും രവിശങ്കര്‍ പറഞ്ഞു.
നമ്മുടെ സംസ്‌കാരത്തെയും ചരിത്രത്തെയുമെല്ലാം വഴിതിരിച്ചുവിടാനാണ് സിനിമയുടെ ശ്രമം. നമ്മുടെ സാംസ്‌കാരിക മൂല്യങ്ങള്‍ തകര്‍ന്നാല്‍ യുവതലമുറയെത്തുന്നത് മദ്യ മയക്കുമരുന്നു ലോബിയുടെ കയ്യിലേക്കാവും. നെറ്റിയില്‍ കുറിയിട്ടവരെ വില്ലനായി അവതരിപ്പിക്കുക ബോളിവുഡിലെ ശീലമായിരിക്കുന്നു. മതത്തെ അവഹേളിക്കുന്നത് അഗീകരിക്കാനാകില്ലെന്നും ആശ്രമത്തിലെ പ്രതിദിനസംവാദത്തില്‍ രവിശങ്കര്‍ പറഞ്ഞു.


Click it and Unblock the Notifications