കർണാടകയില്‍ ക്ഷേത്ര പരിസരത്ത് മുസ്ലിം കച്ചവടക്കാരന് നേരെ അക്രമം: സാധനങ്ങള്‍ നശിപ്പിച്ചു
ധാർവാഡ്: കർണാടകയിലെ ധാർവാഡിലെ നുഗ്ഗേകേരി ഹനുമാൻ ക്ഷേത്രത്തിന് സമീപം മുസ്ലിം കച്ചവടക്കാരനെ അക്രമിച്ച് തീവ്ര ഹിന്ദു അനുകൂലന സംഘടനകള്‍. ശനിയാഴ്ചയാണ് സംഭവം. അക്രമി സംഘം മുസ്ലീം സമുദായത്തില്‍പ്പെട്ട കച്ചവടക്കാരന്‍ വില്‍പ്പനയ്ക്കായി എത്തിച്ച തണ്ണിമത്തന്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ് നശിപ്പിക്കുകായിരുന്നു. മുദ്രാവാക്യം വിളികളുമായി എത്തിയ അംഗങ്ങൾ മുസ്ലീം സമുദായക്കാരുടെ ഉന്തുവണ്ടികളിലെ പഴങ്ങളും മറ്റും യാതൊരു പ്രകോപനവും കൂടാതെ വലിച്ചെറിയുകയായിരുന്നു.
ഇതേ തുടർന്ന് ഇരുക്കൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും പിന്നീട് പോലീസ് ഇടപെട്ട് സംഭവങ്ങൾ നിയന്ത്രിക്കുകയും ചെയ്യുകയായിരുന്നു. സംഘർഷാവസ്ഥ കണക്കിലെടുത്ത് , ക്ഷേത്രപരിസരത്ത് പോലീസ് സേന ക്യാമ്പ് ചെയ്യുന്നുണ്ട്. ക്ഷേത്ര പരിസരത്ത് മറ്റ് മതസ്ഥരെ കച്ചവടം ചെയ്യാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പതിനഞ്ച് ദിവസം മുമ്പ് ക്ഷേത്ര അധികാരികൾക്ക് കത്ത് നൽകിയിരുന്നുവെന്നും ഇത് ക്ഷേത്ര പരിസരത്ത് കച്ചവടം നടത്തുന്നവർക്കും ബോധ്യപ്പെട്ടതാമെന്നുമാണ് ഹിന്ദു അനുകൂല പ്രവർത്തകർ അവകാശപ്പെടുന്നത്. എന്നാൽ കച്ചവടം ചെയ്യുന്ന ആളുകൾ അഭ്യർത്ഥനകൾ അവഗണിച്ചു. ഇതോടെയാണ് അവർക്ക് അനുഭവിക്കേണ്ടി വന്നതെന്നും അവർ കൂട്ടിച്ചേർത്തും.

അതേസമയം കഴിഞ്ഞ 15 വർഷമായി താൻ ഇതേ കച്ചവടമാണ് ചെയ്യുന്നതെന്നും ഹിന്ദു സഹോദരങ്ങളുമായി യാതൊരും പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് മുസ്ലീം സമുദായത്തിൽ നിന്നുള്ള നബീസാബ് എന്ന വ്യാപാരി അഭിപ്രായപ്പെടുന്നത്. എന്നാൽ ഏതാനും പേരുടെ പെട്ടെന്നുള്ള മാറ്റം തന്നെ ആശങ്കാകുലനാക്കിയെന്നും അദ്ദേഹം വ്യക്തമാക്കുന്നു. "സ്ഥലം ഒഴിയാൻ ക്ഷേത്ര അധികാരികളോ മറ്റാരെങ്കിലുമോ ഞങ്ങളോട് നിർദ്ദേശിച്ചിട്ടില്ല, ഞങ്ങൾക്ക് ആയിരക്കണക്കിന് രൂപയുടെ നഷ്ടം നേരിട്ടു, ആരാണ് ഉത്തരവാദികൾ, ഒരു പോലീസ് കോൺസ്റ്റബിൾ സ്ഥലത്തുണ്ടായിരുന്നു, പക്ഷേ ആളുകൾ കൂട്ടം ചേർന്ന് ബഹളം വെച്ചതിനാൽ അദ്ദേഹം നിസ്സഹായനായിരുന്നു. " അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം നാടകീയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ യോഗം ചേർന്നു. സംഭവത്തെക്കുറിച്ച് അറിയില്ലെന്നും എന്താണ് സംഭവിച്ചതെന്ന് അറിയാനാണ് ഇപ്പോൾ യോഗം ചേരുന്നതെന്നും ക്ഷേത്രത്തിലെ മുതിർന്ന അഡ്മിനിസ്‌ട്രേറ്റർ പറഞ്ഞു. ക്ഷേത്രം അധികൃതരുമായി ചർച്ച നടത്തുമെന്നും വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും പറഞ്ഞു. കച്ചവട സ്ഥാപനങ്ങള്‍ നശിപ്പിച്ച പ്രവർത്തകർക്കെതിരെ ധാർവാഡ് റൂറൽ പോലീസ് കേസെടുത്തു. നേരത്തെ ഉഡുപ്പിയിലും അന്യസമുദായത്തിലെ അംഗങ്ങള്‍ക്ക് കച്ചവടം വിലക്കിക്കൊണ്ടുള്ള ബോർഡുകള്‍ ക്ഷേത്രത്തിന് സമീപം സ്ഥാപിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications