മകന്റെ പ്രണയവിവാഹം ; അമ്മ സ്വയം വെടിവച്ചു ജീവനൊടുക്കി
ബാംഗ്ലൂര്‍ : മകന്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് മനംനൊന്ത അമ്മ സ്വയം വെടിവച്ചു ജീവനൊടുക്കി. ബാംഗ്ലൂര്‍ മുരുകേഷ് പാളയത്തിന് സമീപമുളള വീട്ടില്‍ ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം.
പ്രഭ വെങ്കിടേഷ് (51) ആണ് റിവോള്‍വര്‍ ഉപയോഗിച്ച് വയറ്റിലേക്ക് വെടിവച്ച് ആത്മഹത്യ ചെയ്തത്. നൂറുകോടിയോളം സാമ്പത്തിക ആസ്തിയുളള കുടുംബത്തിലെ അംഗമാണിവര്‍. മുരുകേഷ് പാളയത്തിനടുത്തുളള വലിയ വീട്ടില്‍ ഭര്‍ത്താവ് വെങ്കിടേഷിനും മക്കള്‍ക്കുമൊപ്പമായിരുന്നു ഇവരുടെ താമസം. ഭര്‍ത്താവ് വെങ്കിടേഷിനാണ് റിവോള്‍വറിന്റെ ലൈസന്‍സ്. ഞായറാഴ്ച രാവിലെ മുതല്‍ പ്രഭ അസ്വസ്ഥയായിരുന്നു. വൈകിട്ടായപ്പോള്‍ അലമാരയില്‍ നിന്നും റിവോള്‍വര്‍ എടുക്കുകയും വയറ്റിലേക്ക് വെടിവെയ്ക്കുകയുമായിരുന്നു. ശബ്ദം കേട്ടയുടന്‍ മൂത്ത മകന്‍ ഡോ. കിരണും ഭര്‍ത്താവ് വെങ്കിടേഷും സമീപത്ത് ഓടിയെത്തിയിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തന്റെ ഇളയമകന്റെ രഹസ്യവിവാഹത്തില്‍ മനം നൊന്താണ് താന്‍ ജീവനൊടുക്കുന്നതെന്ന് പ്രഭ ആത്മഹത്യാ കുറിപ്പില്‍ എഴുതിവച്ചിരുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ ഇക്കാര്യം പുറത്തറിയിക്കരുതെന്നും അത് കുടുംബത്തിന്റെ പേരിന് ദോഷം ചെയ്യുമെന്നുകൂടി ഇവര്‍ കുറിച്ചിരുന്നു.
''മൂത്ത മകന്‍ കിരണിന്റെ വിവാഹശേഷം മതി വിവാഹമെന്ന് ഇളയമകന്‍ ഗൗതമിനോട് ഇവര്‍ ഉപദേശിച്ചിരുന്നു. എന്നാല്‍ ഇതു വകവയ്ക്കാതെ ഗൗതം വിവാഹിതനാവുകയായിരുന്നു. ഇതില്‍ പ്രഭ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.ഗൗതമിന്റെ ഭാര്യയെ വീട്ടിലേക്ക് പ്രവേശിപ്പിക്കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. ഭര്‍ത്താവ് വെങ്കിടേഷിന്റെ ആരോഗ്യപ്രശ്‌നങ്ങളും പ്രഭയെ അലട്ടിയിരുന്നു. കുടുംബത്തില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്ന കാര്യം ഞങ്ങള്‍ അന്വേഷിച്ചുവരികയാണ്. '' - പോലീസ് പറയുന്നു.












Click it and Unblock the Notifications