മലയാളി യുവാവിനെ ബെംഗളൂരു പോലീസ് സ്‌റ്റേഷനില്‍ കാണാതായി
ബെംഗളൂരു: കൊല്ലം സ്വദേശിയായ 24 കാരനെ ബെംഗളൂരുവിലെ പോലീസ് സ്‌റ്റേഷനില്‍ വെച്ച് കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു. മാര്‍ച്ച് 25 ബുധനാഴ്ചയാണ് ബെംഗളൂരു മഹാദേവപുര പോലീസ് സ്‌റ്റേഷനില്‍ വെച്ച് നബീല്‍ നഫുല്‍ എന്ന ചെറുപ്പക്കാരനെ കാണാതായത്. കൊല്ലം സ്വദേശിയാണ് ഇയാള്‍. ഇയാളുടെ മാതാപിതാക്കള്‍ ദുബായിലാണ്.
ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയായ ഇയാള്‍ ജോലി തേടിയാണ് ബെംഗളൂരുവില്‍ എത്തിയത്. ദുബായിലെ ജോലി ഉപേക്ഷിച്ചാണ് ഇയാള്‍ വന്നതെന്ന് വീട്ടുകാര്‍ പറയുന്നു. തിങ്കളാഴ്ച ബെംഗളൂരുവില്‍ എത്തിയ നബീല്‍ ബുധനാഴ്ച ഒരു ഓട്ടോറിക്ഷ ഡ്രൈവറുമായുണ്ടായ കശപിശയെ തുടര്‍ന്നാണ് മഹാദേവപുര പോലീസ് സ്‌റ്റേഷനില്‍ എത്തിയത്.

ടിന്‍ ഫാക്ടറിയില്‍ നിന്നും ഓട്ടോ പിടിച്ച നബിലിന് പോകേണ്ട സ്ഥലം കൃത്യമായി അറിയില്ലായിരുന്നത്രെ. കന്നഡ അറിയാത്തതിനാല്‍ ഓട്ടോഡ്രൈവറോട് കാര്യങ്ങള്‍ കൃത്യമായി പറയാനും കഴിഞ്ഞില്ല. തുടര്‍ന്നാണ് ഇവര്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. വാക്ക് തര്‍ക്കം ഉണ്ടായെങ്കിലും നബീലിനെതിരെ ഡ്രൈവര്‍ പരാതി നല്‍കിയിരുന്നില്ലത്രെ. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ ഉണ്ടായിരുന്നത്.
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കണം എന്ന് പറഞ്ഞ് പുറത്ത് പോയതാണ് ഇയാള്‍. ആറായിരം രൂപ നബിലിന്റെ പക്കലുണ്ടായിരുന്നു എന്ന് പോലീസുകാര്‍ പറഞ്ഞു. എന്നാല്‍ ഇയാള്‍ പിന്നീട് തിരിച്ചുവന്നില്ല. മൊബൈല്‍ ഫോണും ബാഗും അടക്കമുള്ള സാധനങ്ങള്‍ എടുക്കാന്‍ പോലും നബീല്‍ വരാതായതോടെയാണ് പോലീസ് ഇയാളുടെ വീട്ടുകാരെ വിവരം അറിയിച്ചത്. ദുബായില്‍ നിന്നും ബെംഗളൂരുവിലെത്തിയ വീട്ടുകാര്‍ നബീലിന് വേണ്ടി തിരച്ചില്‍ തുടരുകയാണ്.












Click it and Unblock the Notifications