ഹണിമൂണിനായി ബ്രാഞ്ജലീന ഒരു ദ്വീപ് ഒഴിപ്പിച്ചു
ഒമ്പതുവര്‍ഷക്കാലം ഒരുമിച്ചു താമസിച്ചതാണെങ്കിലും വിവാഹത്തിനുശേഷമുള്ള ഹണിമൂണ്‍, അത് ആഘോഷിക്കുക തന്നെവേണം എന്ന തീരുമാനത്തിലാണ് ഹോളിവുഡിലെ താര ദമ്പതികളായ ബ്രാഡ് പിറ്റും ആഞ്ജലീന ജോളിയും. മെഡിറ്ററേനിയന്‍ മേഖലയിലെ ഗോസോ ദ്വീപുകളിലാണ് ഹണിമൂണ്‍ ആഘോഷിക്കാന്‍ ഇരുവരും തീരുമാനിച്ചിരിക്കുന്നത്.
തങ്ങളുടെ സ്വകാര്യതയ്ക്കായി ദ്വീപു വാസികളെ മുഴുവന്‍ താത്കാലികമായി ഒഴിപ്പിക്കുകയാണ് ദമ്പതികള്‍. എല്ലാവര്‍ക്കും കൈനിറയെ പണവും നല്‍കി. ഇതേ ദ്വീപില്‍ വെച്ചുതന്നെ പുതിയ ചിത്രമായ ബൈ ദ് സീയുടെ ചിത്രീകരണവും നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹണിമൂണില്‍ ഇവരുടെ ആറു മക്കളും ഒപ്പമുണ്ടാകും.

ഒരു ചെറു ദ്വീപു മുഴുവന്‍ ആറു മക്കളും അച്ചനും അമ്മയും കയ്യടക്കുന്ന ഹണിമൂണ്‍ ആഘോഷമാണ് നടക്കുക എന്നര്‍ത്ഥം. ഓഗസ്ത് 23ന് മാധ്യമങ്ങളെ മാറ്റി നിര്‍ത്തി വളരെ രഹസ്യമായിട്ടായിരുന്നു ഇരുവരും വിവാഹിതരായത്. ഇവരുടെ ആറു മക്കളും വിവാഹത്തില്‍ പങ്കുചേര്‍ന്നത് കാഴ്ചക്കാരില്‍ കൗതുകമുണ്ടാക്കി. ഇതില്‍ മൂന്നു മക്കളെ ഇവര്‍ ദത്തെടുത്ത് വളര്‍ത്തുന്നതാണ്.
വളരെ അപൂര്‍വമായി മാത്രമേ ഹോളിവുഡില്‍ താരദമ്പതിമാരുടെ സൗഹൃദം നീണ്ടു നില്‍ക്കുകയും അത് വിവാഹത്തില്‍ അവസാനിക്കുകയും ചെയ്യുകയുള്ളൂ. ഇവര്‍ പിരിയുകയാണെന്ന് പാപ്പരാസികള്‍ പലപ്പോഴും വാര്‍ത്ത ചമച്ചെങ്കിലും കൂടുതല്‍ ആഹ്ലാദകരമായി മുന്നോട്ടു പോവുകയായിരുന്നു ഇവരുടെ പ്രണയം. അതിനിടെ, ബ്രസ്റ്റ് കാന്‍സറിനുള്ള സാധ്യത ഒഴിവാക്കാന്‍ ആഞ്ജലീന സ്തനങ്ങള്‍ നീക്കം ചെയ്തത് വാര്‍ത്തയായിരുന്നു.












Click it and Unblock the Notifications