20,000 ഷവോമി സ്മാര്‍ട് ഫോണ്‍ വിറ്റുതീര്‍ന്നത് 3 സെക്കന്റുകള്‍ക്കുള്ളില്‍
ദില്ലി: സ്മാര്‍ട്‌ഫോണ്‍ വിപണി അടക്കിഭരിച്ചിരുന്ന സാംസങിന്റെ വില്‍പ്പനയും ലാഭവും കുറയുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ രണ്ടാംനിരയില്‍പ്പെട്ട ചൈനീസ് സ്മാര്‍ട് ഫോണുകള്‍ക്ക് വന്‍ ഡിമാന്‍ഡ്. ഫ്ളിപ്കാര്‍ട്ടിലൂടെ വില്‍പ്പനയ്ക്കു വച്ച ചൈനീസ് ഫോണായ ഷവോമി എംഐ3 വെറും 2.4 സെക്കന്റുകള്‍ക്കുള്ളില്‍ 20,000 എണ്ണമാണ് വിറ്റു തീര്‍ന്നത്.
ഓണ്‍ലൈനിലൂടെ മാത്രമാണ് ഷവോമി ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാകുന്നത്. ഫ്ളാഷ് സെയിലിലൂടെ മൂന്നു തവണ വില്‍പ്പനയ്ക്കു വച്ചപ്പോഴും ഫോണുകള്‍ മിനിറ്റുകള്‍ക്കകം വിറ്റു തീര്‍ന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കായിരുന്നു നാലാമത്തെ തവണ ഫോണ്‍ ഫ്ളാഷ് സെയിലിനു വെച്ചത്. എന്നാല്‍ ആദ്യ മൂന്നു സെക്കന്റുകള്‍ക്കുള്ളില്‍ ബുക്ക് ചെയ്യാന്‍ പറ്റിയവര്‍ക്കു മാത്രമാണ് ഫോണ്‍ ലഭിച്ചത്.

ജൂലായ് 22നായിരുന്നു ആദ്യ ഫ്ളാഷ് സെയില്‍, അന്ന് 10,000 മൊബൈല്‍ ഫോണുകള്‍ വിറ്റു തീരാന്‍ 39 മിനിറ്റെടുത്തു. ഫോണിന് അത്രയധികം പബ്ലിസിറ്റി ലഭിക്കും മുന്‍പായിരുന്നു ഇത്. രണ്ടാം തവണ ആകുമ്പോഴേക്കും സ്ഥിതി മാറി. ജൂലായ് 29ന് നടന്ന വില്‍പ്പനയില്‍ 10,000 ഫോണുകള്‍ അഞ്ചു സെക്കന്റുകള്‍ക്കുള്ളില്‍ വിറ്റു തീര്‍ന്നു. ആഗസ്ത് 5ന് നടന്ന മൂന്നാം വില്‍പ്പനയില്‍ 15,000 ഫോണുകള്‍ വിറ്റു തീരാനും 5 സെക്കന്റേ വേണ്ടിവന്നുള്ളൂ.
ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് പ്ലാറ്റ്‌ഫോമില്‍ ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ, 13 മെഗാപിക്‌സല്‍ ക്യാമറ, 16 ജിബി ഇന്റേണല്‍ മെമ്മറി, 2.3 ജിഎച്ച്‌സെഡ് സ്‌നാപ്പ്ഡ്രാഗണ്‍ പ്രൊസസര്‍, 2 ജിബി റാം എന്നിവയാണ് ഷവോമി എംഐ3 ഫോണിന്റെ മുഖ്യ സവിശേഷത. വിലയാകട്ടെ വെറും 13,999 രൂപ മാത്രം. ആഗസ്ത് 19ന് നടക്കുന്ന അടുത്ത വില്‍പ്പനയില്‍ കൂടുതല്‍ ഫോണുകള്‍ ഉപഭോക്താക്കളിലെത്തിക്കാന്‍ കഴിയുമെന്നാണ് കമ്പനിയുടെ കണക്കു കൂട്ടല്‍.












Click it and Unblock the Notifications