ലുലു ഗ്രൂപ്പില്‍ അബുദാബി സർക്കാറിന്റെ പങ്കാളിത്തം 20 ശതമാനം: അറിയാത്ത പണി ചെയ്യാനില്ലെന്നും യൂസഫലി
കൊച്ചി: ബിസിനസ് പുതിയ തലങ്ങളിലേക്ക് വളർത്തുന്നതിന്റെ ഭാഗമായി ഓഹരി വില്‍പ്പനയിലൂടെ വലിയ ധനസമാഹരണത്തിന് ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ്. അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചിലൂടെയാണ് കമ്പനിയുടെ 25 ശതമാനം ഓഹരികള്‍ കമ്പനി വിറ്റഴിക്കാന്‍ പോകുന്നത്. പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 170 കോടി ഡോളർ മുതല്‍ 180 കോടി വരെ സമാഹരിക്കാനാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. അതായത് 14280 കോടി രൂപ മുതല്‍ 16120 കോടി വരെ ഇന്ത്യന്‍ രൂപ.
റീട്ടെയില്‍ ബിസിനസ് ആരംഭിച്ച ലുലു ഗ്രൂപ്പ് ഇന്ന് ആ രംഗത്ത് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഗ്രൂപ്പുകളില്‍ ഒന്നാണ്. ഓഹരി വിപണിയിലേക്ക് കടക്കുന്നതിനോടൊപ്പം തന്നു ലുലു പുതിയ ബിസിനസ് മേഖലകളിലേക്കും കടക്കുമോയെന്ന ചോദ്യവും നിരവധിപേർ ഉയർത്തിയിരുന്നു. ഇതിന് കൃത്യമായ ഉത്തരം ലുലു ഗ്രൂപ്പ് ചെയർമാനും എംഡിയുമായ എം എ യൂസഫലി നല്‍കുകയും ചെയ്തു.

നിലവില്‍ തുടരുന്ന ഗ്രോസറി ബിസിനസ് തന്നെ തല്‍ക്കാലം തുടരുമെന്നാണ് എം എ യൂസഫലി പറഞ്ഞത്. മറ്റ് മേഖലകളിലേക്ക് എന്തുകൊണ്ട് കടക്കുന്നില്ല എന്നതിനുള്ള കൃത്യമായ കാരണവും അദ്ദേഹത്തിനുണ്ട്. അറിയാത്ത മേഖലകളിലേക്ക് കടക്കുന്നതിനേക്കാള്‍ നല്ലത്, അറിയാവുന്ന ബിസിനസ് ചെയ്യുന്നതാണ് നല്ലതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഒരു ഗ്രോസറിയില്‍ നിന്നാണല്ലോ ഇതിലേക്ക് എത്തിയത്. നമുക്ക് അരിയും ആട്ടയും പഴവും പച്ചക്കറിയുമൊക്കെ മതി. മറ്റ് ബിസിനസുകളില്‍ ഇപ്പോള്‍ സാങ്കേതിക അറിവില്ല. അതുകൊണ്ട് തന്നെ അറിയാത്ത പണി ചെയ്യാനില്ല. ലുലു എന്ന് പറയുന്നത് ഒരു ടീം വർക്കാണ്. അതുകൊണ്ട് കമ്പനിയുടെ വിജയം ഒരാളുടെ വിജയം അല്ല. ഈ വിജയത്തില്‍ ഒരോ ജീവനക്കാരും ജനങ്ങളും അവരുടേതായ സംഭാവന നല്‍കിയിട്ടുണ്ട്.
അബുദാബിയിലാണ് ലുലു പ്രവർത്തനം ആരംഭിക്കുന്നത്. ഇവിടുത്തെ സർക്കാറിന് 20 ശതമാനം പങ്കാളിത്തമുള്ള കമ്പനിയാണ് ലുലു ഗ്രൂപ്പ്. അക്കാരണങ്ങള്‍ കൊണ്ടാണ് ഓഹരി വില്‍പ്പന ആദ്യം അബുദാബിയിലാകണമെന്ന് തീരുമാനിച്ചത്. എന്നാല്‍ ഇവിടം മാത്രം ഒതുങ്ങില്ല. അടുത്ത കാലങ്ങളില്‍ തന്നെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലേക്കും ലുലു വിന്റെ ഓഹരികള്‍ വരുമെന്നും എം എ യൂസഫലി കൂട്ടിച്ചേർത്തു.
ലുലുവിന്റെ വിജയത്തില്‍ പങ്കാളികളായ ഒട്ടനവധി ജീവനക്കാരും ജനങ്ങളുമുണ്ട്. ഒരു ഘട്ടം എത്തുമ്പോള്‍ ജനങ്ങളേയും നമ്മുടെ ഒപ്പം കൂട്ടേണ്ടതുണ്ട്. അതുകൊണ്ടാണ് കമ്പനിയുടെ 25 ശതമാനം ഒഹരി അവരുമായി പങ്കിടാന്‍ തീരുമാനിച്ചത്. ഓരോ ഗള്‍ഫ് രാജ്യത്തേയും ജനങ്ങള്‍ക്ക് ലുലു ഗ്രൂപ്പില്‍ അവകാശമുണ്ട്.
ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക് കടക്കുന്നതില്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും വളരെ അധികം സന്തോഷമുണ്ട്. ലോകത്തെ എല്ലാ കമ്പനികളും ഈ തരത്തിലാണ് പ്രവർത്തിക്കുന്നത്. ഒരു ഘട്ടം എത്തുമ്പോള്‍ അവർ ഓഹരികള്‍ വില്‍ക്കും. അതുപോലെ ഞങ്ങളും ഓഹരികള്‍ വില്‍ക്കുന്നു.
ഇന്ത്യയിലേക്ക് വരികയാണെങ്കില്‍ എല്ലാ പ്രമുഖ കമ്പനികളും പബ്ലിക് ലിമിറ്റഡ് കമ്പനികളാണ്. കമ്പനികള്‍ വളരുമ്പോള്‍ പൊതുമേഖല സ്ഥാപനമാകുന്നത് സ്വാഭാവികമായ കാര്യമാണ്. ലുലു വിന്റെ ഓഹരികള്‍ പ്രവാസികളായി ഇന്ത്യക്കാർക്കും വാങ്ങാന്‍ സാധിക്കും. എന്നാല്‍ അലോക്കേഷന് നിയന്ത്രങ്ങള്‍ ഉണ്ടായേക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.












Click it and Unblock the Notifications