അസമില്‍ 63,000 കോടിയുടെ നിക്ഷേപവുമായി അദാനി: 30000 ലേറെ തൊഴിലവസരങ്ങള്‍
അസമില്‍ വമ്പന്‍ നിക്ഷേപ പദ്ധതിയുമായി അദാനി ഗ്രൂപ്പ്. 63,000 കോടി രൂപയുടെ നിക്ഷേപമാണ് ട്രാന്‍സ്‌ഫോര്‍മേറ്റീവ് എനര്‍ജി പദ്ധതികളില്‍ നടത്തുന്നത്. ഇന്ത്യയുടെ വടക്കു കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ നിക്ഷേപമാണിത്. ഏകദേശം മുപ്പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതാണ് ഈ പദ്ധതി.
3200 മെഗാവാട്ട് ഗ്രീന്‍ഫീല്‍ഡ് അള്‍ട്രാ സൂപ്പര്‍ ക്ലിനിക്കല്‍ പവര്‍ പ്ലാന്റ്, 2700 മെഗാവാട്ട് പമ്പ്ഡ് സ്റ്റോറേജ് പദ്ധതികള്‍ എന്നിവ ഉള്‍പ്പെടുന്ന പദ്ധതികളാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്. 3200 മെഗാവാട്ട് താപ വൈദ്യുതി നിലയത്തില്‍ അദാനി പവര്‍ 48,000 കോടിയോളം രൂപ നിക്ഷേപിക്കും. 2700 മെഗാവാട്ട് ഊര്‍ജ സംഭരണ ശേഷിയുള്ള രണ്ട് പിഎസ്പി (പമ്പ്ഡ് സ്റ്റോറേജ് പ്ലാന്റുകള്‍) പദ്ധതികളില്‍ അദാനി ഗ്രീന്‍ എനര്‍ജി 15000 കോടി രൂപയുടെ നിക്ഷേപമിറക്കും.
ഇന്ത്യയുടെ ഊര്‍ജ സുരക്ഷ വര്‍ദ്ധിപ്പിക്കുക, ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയുടെ വികസനം വേഗത്തിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതിക്കായുള്ള ലെറ്റര്‍ ഓഫ് അവാര്‍ഡ് അസം സര്‍ക്കാരില്‍ നിന്ന് ലഭിച്ചുകഴിഞ്ഞു.

ഇന്ത്യയുടെ വളര്‍ച്ചയില്‍ ഒരു സുപ്രധാന മേഖലയായി വടക്കു കിഴക്കന്‍ മേഖല ഉയര്‍ന്നു വരികയാണ്. ഈ മേഖലയുടെ പരിവര്‍ത്തനത്തിന് ഗണ്യമായ സംഭാവന നല്‍കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനം ഉണ്ടെന്ന് അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി പറഞ്ഞു. 3200 മെഗാവാട്ട് താപവൈദ്യുതി പദ്ധതിയും 2700 മെഗാവാട്ട് പിഎസ്പി പദ്ധതികളും വടക്ക് കിഴക്കന്‍ മേഖലയുടെ പുരോഗതിയെ ഉത്തേജിപ്പിക്കും. ഊര്‍ജ സുരക്ഷ, വ്യവസായിക വികസനം, വന്‍ തൊഴിലവസരങ്ങള്‍ എന്നിവ പദ്ധതി കൊണ്ടുണ്ടാകുന്ന ഗുണങ്ങളാണെന്നും ഗൗതം അദാനി ചൂണ്ടിക്കാട്ടി.
ശക്തമായ മത്സരം ഉണ്ടായിരുന്ന ബിഡ്ഡിങ് പ്രക്രിയയിലൂടെയാണ് അദാനി പവര്‍ ഈ പദ്ധതി നേടിയെടുത്തത്. കിലോവാട്ടിന് 6.30 രൂപ എന്ന ഏറ്റവും കുറഞ്ഞ താരീഫ് ആണ് വാഗ്ദാനം ചെയ്തത്. ഇനി അസം വൈദ്യുതി നിയന്ത്രണ കമ്മീഷനില്‍ നിന്നാണ് ആവശ്യമായ അംഗീകാരങ്ങള്‍ ലഭിക്കേണ്ടത്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ശക്തി നയത്തിന് കീഴിലാണ് പവര്‍ പ്ലാന്റിനുള്ള കല്‍ക്കരി ലിങ്കേജ് അനുവദിച്ചിരിക്കുന്നത്.
നിര്‍മ്മാണ ഘട്ടത്തില്‍ ഏകദേശം ഇരുപതിനായിരം മുതല്‍ 25,000 വരെ ആളുകള്‍ക്ക് നേരിട്ടും അല്ലാതെയും തൊഴില്‍ ലഭിക്കും. പിന്നീട് പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ ഏകദേശം 3500 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. പദ്ധതി 2030 മുതല്‍ ഘട്ടം ഘട്ടമായി കമ്മിഷന്‍ ചെയ്യും.
വൈദ്യുതി പദ്ധതി അസമിന്റെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുകയും സംസ്ഥാനത്തിന്റെ വ്യാവസായിക ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്യും. പരിസ്ഥിതി സംരക്ഷണത്തില്‍ പുതിയ മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നതിനും കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തും.
500 മെഗാവാട്ട് ഊര്‍ജ്ജസംഭരണ ശേഷിക്ക് ഏറ്റവും കുറഞ്ഞ ലേലത്തില്‍ അദാനി ഗ്രീന്‍ എനര്‍ജിയാണ് എത്തിയത്. പീക്ക് സമയങ്ങളിലെ വൈദ്യുതി ആവശ്യകത നിറവേറ്റാനുള്ള നൂതന പരിഹാരങ്ങള്‍ ഈ പദ്ധതി അവതരിപ്പിക്കും. അതിലൂടെ സുസ്ഥിരമായ വൈദ്യുതി വിതരണം ഉറപ്പാക്കും. അസമിന്റെ ഹരിത ഭാവിയിലേക്കുള്ള യാത്രയെ പിന്തുണയ്ക്കുകയും ചെയ്യും.


Click it and Unblock the Notifications