ലോകത്തിലെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ സ്റ്റീല്‍ സ്ലാഗ് റോഡ് ഹാസിറയില്‍ അദാനി പോര്‍ട്‌സ് അനാച്ഛാദനം ചെയ്തു
ന്യൂഡല്‍ഹി: പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ പുതിയൊരു നാഴികക്കല്ല് സൃഷ്ടിച്ച് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ്. ലോകത്തിലെ ആദ്യത്തെ തുറമുഖ സ്റ്റീല്‍ സ്ലാഗ് റോഡ് ഗുജറാത്തിലെ അദാനി പോര്‍ട്‌സിനു കീഴിലുള്ള തുറമുഖമായ ഹാസിറ പോര്‍ട്ടില്‍ ഉദ്ഘാടനം ചെയ്തു. ഹാസിറ തുറമുഖത്തിനുള്ളില്‍ 1.1 കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ റോഡ് കപ്പലുകള്‍ നങ്കൂരമിടുന്ന മള്‍ട്ടി പര്‍പ്പസ് ബെര്‍ത്തിനെ കല്‍ക്കരി യാര്‍ഡുമായി ബന്ധിപ്പിക്കുന്നു.
വ്യാവസായിക മാലിന്യങ്ങള്‍ കൊണ്ടാണ് ഈ റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഉരുക്ക് നിര്‍മ്മാണത്തിന്റെ ഉപോല്‍പ്പന്നമായ സംസ്‌കരിച്ച സ്റ്റീല്‍ സ്ലാഗ് അഗ്രഗേറ്റുകളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. വ്യാവസായിക മാലിന്യങ്ങള്‍ എങ്ങനെ സുസ്ഥിര അടിസ്ഥാന സൗകര്യ വികസനത്തില്‍ പുനരുപയോഗിക്കാം എന്നതിന്റെ മാതൃകയാണ് ഈ റോഡ്. ദീര്‍ഘകാലം ഈട് നില്‍ക്കുന്ന ഈ റോഡ് നിര്‍മ്മാണ ചെലവും പാരിസ്ഥിതിക ആഘാതവും കുറയ്ക്കുന്നു.

പരിസ്ഥിതി കേന്ദ്രീകൃത തുറമുഖ വികസനത്തിനായുള്ള അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിന്റെ പ്രതിബദ്ധതയെ ഉയര്‍ത്തിക്കാട്ടുന്നതാണ് ഈ നിര്‍മ്മാണം. ഇത് ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ട മൂന്നാമത്തെ സ്റ്റീല്‍ സ്ലാഗ് റോഡാണ്. അതേസമയം ആഗോള തലത്തില്‍ ഒരു തുറമുഖത്തിനുള്ളില്‍ നിര്‍മ്മിച്ച ആദ്യത്തെ റോഡാണിത്.
ഈ നൂതനവും പരിസ്ഥിതി സൗഹൃദവുമായ സംരംഭം സുസ്ഥിര അടിസ്ഥാന വികസനത്തിന്റെ കാര്യത്തില്‍ ഇന്ത്യയെയും അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡിനെയും ആഗോള തലത്തില്‍ മുന്‍പന്തിയില്‍ നിര്‍ത്തുന്നു. ഇന്ത്യയുടെ ലോജിസ്റ്റിക്‌സ് മേഖലയുടെ പരിവര്‍ത്തനത്തിലും പരിസ്ഥിതി സൗഹൃദ വികസനത്തിലും നിര്‍ണായക പങ്കാണ് അദാനി പോര്‍ട്‌സ് വഹിക്കുന്നത്.
ബള്‍ക് ആന്‍ഡ് ജനറല്‍ കാര്‍ഗോ ടെര്‍മിനല്‍ (ബിജിസിടി) വിപുലീകരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായാണ് റോഡ് വികസിപ്പിച്ചത്. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് - സെന്‍ട്രല്‍ റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സിഎസ്‌ഐആര്‍-സിആര്‍ആര്‍ഐ), കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം എന്നിവയുടെ സാങ്കേതിക സഹായത്തോടെയാണ് ഈ പദ്ധതിയുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
'മാലിന്യത്തില്‍ നിന്ന് സമ്പത്തിലേക്ക്' (വേസ്റ്റ് ടു വെല്‍ത്ത്) എന്ന ആശയത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണ് ഈ സ്റ്റീല്‍ സ്ലാഗ് റോഡ് പദ്ധതി. ഹാസിറ തുറമുഖത്ത് നടന്ന ചടങ്ങില്‍ നീതി ആയോഗ് അംഗം (ശാസ്ത്ര സാങ്കേതിക വിദ്യ) ഡോ. വിജയ് കുമാര്‍ സരസ്വത് റോഡ് ഉദ്ഘാടനം ചെയ്തു.
സിഎസ്‌ഐആര്‍ ഡയറക്ടര്‍ ജനറലും ഡിഎസ്‌ഐആര്‍ സെക്രട്ടറിയുമായ ഡോ. എന്‍. കലൈസെല്‍വി, സിഎസ്‌ഐആര്‍-സിആര്‍ആര്‍ഐ ഡയറക്ടറും ഇന്ത്യന്‍ റോഡ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റുമായ ഡോ. മനോരഞ്ജന്‍ പരിദ, സീനിയര്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും സ്റ്റീല്‍ സ്ലാഗ് റോഡ് സാങ്കേതിക വിദ്യയുടെ പിന്നിലെ ബുദ്ധികേന്ദ്രവുമായ സതീഷ് പാണ്ഡെ, അദാനി ഹാസിറ പോര്‍ട്ട് ലിമിറ്റഡിന്റെ സിഒഒ ആനന്ദ് മറാഠെ, മുതിര്‍ന്ന ശാസ്ത്രജ്ഞര്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications