വികാരനിർഭരമായി സച്ചിൻ ബൻസാലിന്റെ പടിയിറക്കം! ഫ്ലിപ്കാർട്ട് സ്ഥാപകന്റെ വിടവാങ്ങൽ പോസ്റ്റ് വൈറൽ...
സച്ചിൻ ബൻസാലും ബിന്നി ബൻസാലും ചേർന്നാണ് 2007ൽ ബെംഗളൂരു ആസ്ഥാനമായി ഫ്ലിപ്കാർട്ട് ആരംഭിച്ചത്.
ദില്ലി: ഇ-കൊമേഴ്സ് മേഖലയിലെ ഏറ്റവും വലിയ ഏറ്റെടുക്കലിന് പിന്നാലെ ഫ്ലിപ്കാർട്ട് സ്ഥാപകൻ സച്ചിൻ ബൻസാൽ കമ്പനി വിടുന്നു. ആഗോള റീട്ടെയ്ൽ ഭീമനായ വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ ഏറ്റെടുത്തതിന് പിന്നാലെയാണ് താൻ ഫ്ലിപ്കാർട്ട് വിടുന്നതായി സച്ചിൻ ബൻസാൽ ഫേസ്ബുക്കിൽ കുറിച്ചത്.
സച്ചിൻ ബൻസാലും ബിന്നി ബൻസാലും ചേർന്നാണ് 2007ൽ ബെംഗളൂരു ആസ്ഥാനമായി ഫ്ലിപ്കാർട്ട് ആരംഭിച്ചത്. ഓൺലൈൻ വഴിയുള്ള പുസ്തക വിൽപനയിലൂടെ ഇ-കൊമേഴ്സ് രംഗത്ത് ചുവടുറപ്പിച്ച ഫ്ലിപ്കാർട്ടിന്റെ വളർച്ച അതിവേഗത്തിലായിരുന്നു. പിന്നീട് ഇലക്ടോണിക്ക് ഉപകരണങ്ങളുടെ വിൽപ്പനയും ആരംഭിച്ചതോടെ ഫ്ലിപ്കാർട്ട് കതിച്ചുയർന്നു. ഇതോടെ ലോകത്തെ പ്രമുഖ കമ്പനികൾ ഫ്ലിപ്കാർട്ടിൽ നിക്ഷേപം നടത്താൻ തുടങ്ങി.

ഫ്ലിപ്കാർട്ട്...
നേരത്തെ ആമസോൺ ഫ്ലിപ്കാർട്ടിനെ ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഫ്ലിപ്കാർട്ടിലെ നിക്ഷേപകരായ സോഫ്റ്റ്ബാങ്കുമായുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളാണ് ആമസോൺ-ഫ്ലിപ്കാർട്ട് ഇടപാടിന് തടസമായത്. എന്നാൽ ഈ നീക്കം പരാജയപ്പെട്ടതിന് പിന്നാലെ ആഗോള റീട്ടെയ്ൽ ഭീമനായ വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ ഏറ്റെടുക്കാനെത്തി. വാൾമാർട്ടും ഗൂഗിൾ ഉടമസ്ഥരായ ആൽഫബെറ്റും ചേർന്ന് ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികളാണ് കഴിഞ്ഞദിവസം സ്വന്തമാക്കിയത്.

വിടപറയുന്നു...
20 ബില്യൺ ഡോളറിന് മുകളിലുള്ള ഇടപാടിന് പിന്നാലെയാണ് കമ്പനിയുടെ സ്ഥാപകരിൽ ഒരാളായ സച്ചിൻ ബൻസാൽ ഫ്ലിപ്കാർട്ട് വിടുകയാണെന്ന് പ്രഖ്യാപിച്ചത്. വാൾമാർട്ടുമായുള്ള ഇടപാടിൽ സച്ചിൻ ബൻസാലിന്റെ കൈവശമുള്ള 5% ഓഹരികളും കൈമാറുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, വാൾമാർട്ട്-ഫ്ലിപ്കാർട്ട് ഇടപാട് പൂർത്തിയായതിന് പിന്നാലെ സച്ചിൻ ബൻസാൽ വിടവാങ്ങൽ പ്രഖ്യാപനം നടത്തിയത് ഓഹരികളെല്ലാം കൈമാറിയതിന്റെ തെളിവാണെന്നാണ് ബിസിനസ് നിരീക്ഷകരുടെ അഭിപ്രായം.

എങ്ങോട്ട്...
നിലവിൽ ഫ്ലിപ്കാർട്ടിന്റെ എക്സിക്യൂട്ടിവ് ചെയർമാനായ സച്ചിൻ ബൻസാൽ പുതിയ സ്റ്റാർട്ടപ്പുകളുമായി സഹകരിക്കുമെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓഹരികൾ വിറ്റതിലൂടെയുള്ള തുക ഉപയോഗിച്ച് അദ്ദേഹം കൂടുതൽ പുതിയ സ്റ്റാർട്ടപ്പുകൾ ആരംഭിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. 2016ലാണ് സച്ചിൻ ബൻസാൽ സിഇഒ സ്ഥാനം ബിന്നി ബൻസാലിന് കൈമാറിയത്. തുടർന്ന് ഫ്ലിപ്കാർട്ടിന്റെ എക്സിക്യൂട്ടിവ് ചെയർമാൻ പദവിയിലിരുന്ന അദ്ദേഹം വാൾമാർട്ട് ഏറ്റെടുത്തതോടെ കമ്പനിയിൽ നിന്നും പടിയിറങ്ങുകയാണ്. ഇനിമുതൽ ബിന്നി ബൻസാലാണ് ഫ്ലിപ്തകാർട്ടിന്റെ സിഇഒയും എക്സിക്യൂട്ടിവ് ചെയർമാനും.

പോസ്റ്റ്...
തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വികാരനിർഭരമായ കുറിപ്പിലൂടെയാണ് സച്ചിൻ ബൻസാൽ വിടവാങ്ങൽ പ്രഖ്യാപിച്ചത്. പത്ത് വർഷത്തിന് ശേഷം വളരെ വിഷമത്തോടെ ഇവിടത്തെ ജോലികൾ പൂർത്തിയായിരിക്കുകയാണ്. ഫ്ലിപ്കാർട്ടിന്റെ ബാറ്റൺ കൈമാറാനും ഇവിടെനിന്ന് പടിയിറങ്ങാനുമുള്ള സമയമായിരിക്കുന്നു. പക്ഷേ, പുറമേ നിന്ന് ഞാൻ എല്ലായ്പ്പോഴും കമ്പനിയോടൊപ്പമുണ്ടാവും. നിങ്ങളുടെ ജോലികൾ നല്ലതുപോലെ തുടരുക- സച്ചിൻ ഫേസ്ബുക്കിൽ കുറിച്ചു.

ഗെയിമിങ്...
വ്യക്തിപരമായ ചില പ്രോജക്ടുകൾ പൂർത്തിയാക്കുന്നതിലാണ് ഇനി കുറച്ചുകാലം സമയം നീട്ടിവയ്ക്കുന്നതെന്നും, അതിനുശേഷം ഗെയിമിങും, കോഡിങും അടക്കമുള്ള കാര്യങ്ങൾ പൊടിതട്ടിയെടുക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. ഫ്ലിപ്കാർട്ടിന് ടീമിന് എല്ലാവിധ ആശംസകളും നേർന്നാണ് സച്ചിൻ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്. സച്ചിൻ ബൻസാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ അദ്ദേഹത്തിന് പ്രത്യഭിവാദ്യം നേർന്നുള്ള ബിന്നി ബൻസാലിന്റെ ഇമെയിൽ സന്ദേശവും മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.












Click it and Unblock the Notifications