ലോക സമ്പന്നരില്‍ ഒരാള്‍; ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ശമ്പളം വെളിപ്പെടുത്തി... ഇത്രേയുള്ളൂ!!
വാഷിങ്ടണ്‍: ലോകത്തെ അതിസമ്പന്നരില്‍ ഒരാളാണ് ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ്. 1964ല്‍ അമേരിക്കയിലെ ന്യൂമെക്‌സിക്കോയില്‍ ജനിച്ച അദ്ദേഹം ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇന്നത്തെ നിലയിലേക്ക് എത്തിയത്. പഠനകാലത്ത് നേരിട്ട വിഷമതകള്‍ ബെസോസ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ വെളിപ്പെടുത്തിയിരുന്നു.
കോടീശ്വരനായതിനാല്‍ തന്നെ ബെസോസിന് കോടിക്കണക്കിന് രൂപ ശമ്പളം ലഭിക്കുമെന്ന് കരുതിയവര്‍ക്ക് തെറ്റി. താരതമ്യേന കുറഞ്ഞ ശമ്പളമാണ് ബെസോസ് വാങ്ങുന്നത്. അതിന് അദ്ദേഹത്തിന്റേതായ കാരണങ്ങളുമുണ്ട്. 1998ല്‍ നിശ്ചയിച്ച അടിസ്ഥാന ശമ്പളത്തില്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ലത്രെ. ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെഫ് ബെസോസ് ശമ്പളം വെളിപ്പെടുത്തിയത്...

80000 ഡോളര്‍ ആണ് പ്രതിവര്‍ഷം തനിക്ക് ശമ്പളമായി ലഭിക്കുന്നതെന്ന് ബെസോസ് പറയുന്നു. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ 67 ലക്ഷം. ഏറെ കാലമായി ഇതേ ശമ്പളമാണ് തുടരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ ആസ്തി 24100 കോടി ഡോളറാണ് എന്നത് മറ്റൊരു കാര്യം. കുറഞ്ഞ ശമ്പളം വാങ്ങുന്നത് ബോധപൂര്‍വമാണ് എന്ന് ബെസോസ് പറയുന്നു.
ആമസോണ്‍ കമ്പനിയുടെ സ്ഥാപകനാണ് താന്‍. കമ്പനിയുടെ വലിയൊരു ഭാഗം തന്റേതാണ്. അതിന് പുറമെ ശമ്പളമായി കൂടുതല്‍ തുക വാങ്ങുന്നതില്‍ താല്‍പ്പര്യമില്ലെന്നാണ് ബെസോസിന്റെ പക്ഷം. ആണസോണിലെ ഓഹരിയില്‍ നിന്ന് മണിക്കൂറില്‍ 80 ലക്ഷം ഡോളര്‍ വരെ ബെസോസിന് ലഭിക്കുന്നുണ്ടെന്ന് ഇന്‍ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2021ല്‍ കമ്പനിയുടെ സിഇഒ പദവി ഒഴിഞ്ഞ ബെസോസ് ആമസോണിന്റെ ഓഹരികള്‍ വിറ്റിരുന്നു. 2025 അവസാനമാകുമ്പോള്‍ കമ്പനിയുടെ രണ്ടര കോടി ഓഹരികള്‍ വില്‍ക്കാന്‍ ബെസോസിന് പദ്ധതിയുണ്ട് എന്നാണ് ഫോര്‍ച്യുണ്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. തനിക്ക് കൂടുതല്‍ ശമ്പളം വേണ്ട എന്ന് ബെസോസ് ആമസോണിന്റെ ബന്ധപ്പെട്ട കമ്മിറ്റിയെ അറിയിച്ചിരുന്നു.
കുറഞ്ഞ ശമ്പളം വാങ്ങുന്നതില്‍ പല നേട്ടങ്ങളുമുണ്ട് എന്നാണ് വിപണി നിരീക്ഷകര്‍ പറയുന്നത്. പ്രത്യേകിച്ച് നികുതിയുടെ ഭാഗം പരിശോധിക്കുമ്പോള്‍. 2007, 2011 വര്‍ഷങ്ങളില്‍ ബെസോസ് ആദായ നികുതി കൊടുത്തിരുന്നില്ലെന്ന് പ്രോപബ്ലിക്ക 2021ലെ റിവ്യൂവില്‍ വിശദീകരിക്കുന്നുണ്ട്. ശമ്പളത്തേക്കാള്‍ കൂടുതല്‍ നിക്ഷേപ നഷ്ടം നേരിട്ടതിനാലാണ് ആ വര്‍ഷങ്ങളില്‍ നികുതി കൊടുക്കാതിരുന്നത്.
മിക്ക കോടീശ്വരന്മാരും ബെസോസിന്റെ വഴി തന്നെയാണ് സ്വീകരിക്കാറ്. ശമ്പളം ഇനത്തില്‍ കുറഞ്ഞ സംഖ്യയാകും കൈപ്പറ്റുക. നികുതി അടയ്ക്കുന്നതില്‍ നിന്ന് രക്ഷപ്പെടാന്‍ മാത്രമാണ് ഇത്തരക്കാര്‍ തന്ത്രങ്ങള്‍ മെനയുന്നത് എന്ന വിമര്‍ശനവും മറ്റൊരു ഭാഗത്തുണ്ട്. എന്നാല്‍ ഓഹരികളില്‍ നിന്ന് വലിയ തുക കിട്ടുന്നതിന് പുറമെ എന്തിന് കോടികളുടെ ശമ്പളം എന്നാണ് ബെസോസ് ചൂണ്ടിക്കാട്ടുന്ന കാര്യം.












Click it and Unblock the Notifications