ടെക് ഭീമന്‍മാര്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു; ആപ്പിളും ഇന്റലും ലിസ്റ്റില്‍
ടെക് മേഖലയില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് കമ്പനികള്‍. ഇക്കഴിഞ്ഞ ആഗസ്റ്റില്‍ മാത്രം 40 ലധികം കമ്പനികളാണ് ജോലി വെട്ടിക്കുറച്ചത്. ഇന്റല്‍, ഐ ബി എം, സിസ്‌കോ തുടങ്ങിയ വന്‍കിട കമ്പനികളും ഇതില്‍ ഉള്‍പ്പെടും. ഇതിനെ തുടര്‍ന്ന് 27000 ത്തിലധികം ജീവനക്കാര്‍ക്കാണ് ജോലി നഷ്ടമായത്. 2024-ല്‍ ഇതുവരെ 422 കമ്പനികള്‍ 136,000-ലധികം ടെക് തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ട്.
ഇന്റലില്‍ മാത്രം 15000 പേര്‍ക്കാണ് തൊഴില്‍ നഷ്ടമുണ്ടായിരിക്കുന്നത്. നിരാശാജനകമായ രണ്ടാം പാദ വരുമാന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്പനി തൊഴില്‍ വെട്ടിക്കുറയ്ക്കല്‍ പ്രഖ്യാപിച്ചത്. 2025 ലെ 10 ബില്യണ്‍ ഡോളര്‍ ചെലവ് കുറയ്ക്കല്‍ പദ്ധതിയുടെ ഭാഗമാണിത്. 2020 നും 2023 നും ഇടയില്‍ കമ്പനിയുടെ വാര്‍ഷിക വരുമാനം 24 ബില്യണ്‍ ഡോളറായി കുറഞ്ഞുിരുന്നു.

എ ഐ, സൈബര്‍ സുരക്ഷ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ഏകദേശം 6,000 ജീവനക്കാരെ പിരിച്ചുവിടുന്നതായി 2. സിസ്‌കോ സിസ്റ്റംസും പ്രഖ്യാപിച്ചു. കമ്പനിയുടെ ആഗോള തൊഴിലാളികളുടെ 7% ആണിത്. ഈ വര്‍ഷം കമ്പനിയുടെ രണ്ടാമത്തെ പ്രധാന ജോലി വെട്ടിക്കുറയ്ക്കലാണിത്. ഐ ബി എം 1,000ത്തിലധികം ജീവനക്കാരെ പിരിച്ചുവിട്ടു കൊണ്ട് ചൈനയിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ജര്‍മ്മന്‍ ചിപ്പ് മേക്കറായി ഇന്‍ഫിനിയോണ്‍ 1,400 ജോലികള്‍ വെട്ടിക്കുറച്ചു. ദുര്‍ബലമായ സാമ്പത്തിക വേഗതയും അധിക ഇന്‍വെന്ററി ലെവലുമാണ് തീരുമാനത്തിന് പിന്നില്‍ എന്നാണ് കമ്പനിയുടെ വിശദീകരണം. പ്രവര്‍ത്തന ചെലവ് 50 മില്യണ്‍ ഡോളര്‍ കുറയ്ക്കുന്നതിനായി ഗോപ്രോ അതിന്റെ ജീവനക്കാരുടെ 15% വെട്ടിക്കുറയ്ക്കുകയാണ്. 140 ജീവനക്കാരെയാണ് ഇത് ബാധിക്കുന്നത്.
ആപ്പിളിലും തൊഴില്‍ പ്രതിസന്ധി നേരിടുന്നുണ്ട്. ആപ്പിള്‍ ബുക്ക്സ് ആപ്പും ആപ്പിള്‍ ബുക്ക്സ്റ്റോര്‍ ടീമുകളും ഉള്‍പ്പെടുന്ന സേവന ഗ്രൂപ്പില്‍ നിന്ന് ഏകദേശം 100 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടു. മുമ്പ്, കമ്പനി അതിന്റെ സ്‌പെഷ്യല്‍ പ്രോജക്ട് ഗ്രൂപ്പില്‍ നിന്ന് 600 ജീവനക്കാരെ പിരിച്ചുവിടുകയും ജനുവരിയില്‍ സാന്‍ ഡീഗോയിലെ 121 പേരുടെ എ ഐ ടീമിനെ നിയോഗിക്കുകയും ചെയ്തിരുന്നു.
ഡെല്‍ ടെക്‌നോളജീസും വ്യാപകമായി തൊഴില്‍ വെട്ടിക്കുറയ്ക്കുകയാണ്. കമ്പനി ഏകദേശം 12,500 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. ആഗോള തൊഴിലാളികളുടെ 10% ആണിത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച് കമ്പനി ഔദ്യോഗിക സ്ഥിരീകരണം പുറത്തുവിട്ടിട്ടില്ല.












Click it and Unblock the Notifications