ജിയോയ്ക്ക് പണി കൊടുത്ത് ബിഎസ്എൻഎൽ; ഡാറ്റ മാത്രമല്ല, വോയ്സ്കോളും പിറകെ വരുന്നു
ദില്ലി: ലാൻഡ്ലൈൻ ഉപയോക്താക്കൾക്ക് കിടിലൻ വാഗ്ദാനങ്ങളുമായി ബിഎസ്എൻഎൽ. ലാൻഡ് ലൈനിൽ നിന്ന് ഏത് നെറ്റ് വർക്കിലേയ്ക്കും ഞായറാഴ്ചകളിലും രാത്രിയും നൽകിവരുന്ന ഓഫറിന്റെ ചാർജ്ജാണ് ബിഎസ്എൻഎൽ 99ൽ നിന്ന് 49ആയി കുറച്ചത്. തിങ്കളാഴ്ചയാണ് ബിഎസ്എൻഎല്ലിന്റെ പ്രഖ്യാപനം. പുതിയ ഉപയോക്താക്കളെ ആകർഷിക്കുന്നതിന് വേണ്ടിയാണ് ബിഎസ്എൻഎല്ലിന്റെ നീക്കം.
പുതിയ ഉപയോക്താക്കൾക്ക് വയർലെസ് സേവനങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് എക്സ്പീരിയൻസ് എൽഎൽ 49 എന്ന പേരിൽ ആറ് മാസത്തേയ്ക്കാണ് പ്രമോഷണൽ ഓഫർ നൽകുന്നത്. ബിഎസ്എൻഎൽ പുറത്തിറക്കിയ ഓഫറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പുതിയ പ്ലാനിന് കീഴിൽ 49 രൂപയ്ക്ക് ആറ് മാസത്തേയ്ക്കാണ് ഓഫർ. ഇതിന് പുറമേ ആ പ്രദേശത്തെ ജനറൽ പ്ലാനും ഉപയോക്താക്കൾക്ക് ബാധകമാണ്. ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് രാത്രി 9 മുതൽ രാവിലെ ഏഴ് വരെ ഉപയോഗിക്കാവുന്നതാണ് ഓഫർ.

റിയലൻസ് ജിയോയുടെ ഹാപ്പി ന്യൂ ഇയർ ഓഫറിന് പച്ചക്കൊടി ലഭിച്ചതോടെ കഴിഞ്ഞ ആഴ്ച ബിഎസ്എൻഎൽ 3ജി ഇന്റർനെറ്റ് ചാർജ്ജ് മൂന്നിലൊന്നായി കുറച്ചിരുന്നു. 36 ജിബി ലഭ്യമാക്കിക്കൊണ്ടുള്ള പ്രഖ്യാപനവും ബിഎസ്എൻഎൽ നടത്തിയിരുന്നു. രാജ്യത്ത് ഏറ്റവും കുറഞ്ഞ നിരക്കിൽ ലാൻഡ് ലൈൻ സേവനങ്ങൾ നൽകുന്നത് ബിഎസ്എൻഎൽ ആണെന്ന് ബിഎസ്എൻഎൽ ബോർഡ് ഡയറക്ടർ എൻകെ ഗുപ്ത പറഞ്ഞു. നിലവിൽ വിപണിയിൽ ലഭ്യമായിട്ടുള്ള ഡാറ്റ എസ്ടിവിയിൽ നാലിരട്ടി അധികമാണ് ബിഎസ്എൻഎൽ മുന്നോട്ടുവയ്ക്കുന്നത്. 291 രൂപയുടെ പ്ലാനിൽ 28 ദിവസത്തേയ്ക്ക് എട്ട് ജിബിയാണ് ബിഎസ്എൻഎല്ലിന്റെ പുതിയ പ്ലാനിൽ നൽകുന്നത്. 78 രൂപയ്ക്ക് രണ്ട് ജിബിയുമാണ് നൽകുന്നത്.












Click it and Unblock the Notifications