ശ്രദ്ധയോടെ എടുക്കേണ്ട തീരുമാനം, വീട് വാങ്ങണോ? വാടകയ്ക്ക് എടുക്കണോ ?
വീടെന്നത് പലരുടെയും മനസിൽ പാർപ്പിടം എന്നതിനപ്പുറം അവരുടെ അഭിമാനത്തിന്റെയും, വൈകാരികതയുടെയും ഒക്കെ കാര്യമാണ്. പലരും വീടിനെ നിക്ഷേപമായിപ്പോലും കാണുന്നുണ്ട്. നിങ്ങളുടെ സാമ്പത്തിക സാഹചര്യം, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളാണ് ഇവിടെ പരിഗണിക്കേണ്ടത്. ജീവിതത്തിൽ ഏറ്റവും ശ്രദ്ധയോടെ എടുക്കേണ്ട തീരുമാനങ്ങളിൽ ഒന്നാണിത്. വീട് എടുക്കും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
വീട് വാങ്ങുമ്പോൾ
സ്വന്തമായി വീട് വാങ്ങുക അല്ലെങ്കിൽ പണിയുക എന്നത് നിങ്ങളുടെ ആസ്തിയുടെ കണക്കിലേക്ക് ഉൾപ്പെടുത്താവുന്ന ഒരു കാര്യമാണ്. അത് കൊണ്ട് വീടെന്ന നിക്ഷേപ സാധ്യത പരിഗണിച്ച് സ്ഥലം, ബജറ്റ്, കെട്ടിടത്തിന്റെ സൗകര്യങ്ങൾ, നിയമപരമായ കാര്യങ്ങൾ എന്നിവയെല്ലാം വളരെ ശ്രദ്ധിക്കണം. വീട് വാങ്ങാൻ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ഉടമസ്ഥാവകാശ രേഖകൾ, പ്രോപ്പർട്ടി ടാക്സ് രസീതുകൾ എന്നിവയെല്ലാം കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തണം.

വീട് വാങ്ങാൻ തീരുമാനിക്കുന്നതിനു മുമ്പും ശേഷവും ഉളള കാര്യങ്ങൾക്ക് കൃത്യമായ ബജറ്റിംഗ് നടത്തണം. ലോൺ എടുത്താണ് വീട് വാങ്ങുന്നതെങ്കിൽ വായ്പാ കാലാവധി, ഇഎംഐ തുക, പ്രൊസസിംഗ് ചാർജ് എന്നിവ കൃത്യമായി കണക്കാക്കണം. നിങ്ങളുടെ ബജറ്റിൽ ഇല്ലാത്ത അപ്രതീക്ഷിത ചിലവുകളും പ്രതീക്ഷിയ്ക്കാം. ചെറിയ പ്രായത്തിലാണ് വീട് വയ്ക്കുന്നതെങ്കിൽ കുടുംബം വലുതാകുന്ന സാഹചര്യവും പരിഗണിക്കാം.
വാടകയ്ക്ക് എടുക്കുമ്പോൾ
വീട് വാടകയ്ക്ക് എടുക്കുമ്പോൾ അത് നിങ്ങളുടെ ആസ്തിയല്ല എന്നുള്ളതാണ് ആദ്യം തിരിച്ചറിയേണ്ട കാര്യം. സുരക്ഷിതമായ ഒരു പാർപ്പിടമാണ് ലക്ഷ്യമെങ്കിൽ വീട് വാടകയ്ക്ക് എടുക്കുമ്പോൾ തന്നെ അത് സാധ്യമാകും. റിയൽ എസ്റ്റേറ്റ് വില വർധവ്, മറ്റ് ചെലവുകൾ എന്നിവ പരിഗണിക്കുമ്പോൾ പലരും ഇന്ന് വീട് വാടകയ്ക്ക് എടുക്കുന്നതിനാണ് പ്രാധാന്യം നൽകുന്നതും.വാടകയ്ക്ക് എടുക്കുമ്പോൾ വീട് വയ്ക്കുന്നതിനേക്കാൾ വ്യത്യസ്ത സൗകര്യങ്ങൾ താമസ കാലയളവിൽ അധികമായി ലഭിച്ചേക്കാം. അതേ സമയം വീടിന്റെ മെയിന്റനൻസ് സംബന്ധിച്ച കാര്യങ്ങൾ എല്ലാം വീടിന്റെ യഥാർത്ഥ ഉടമസ്ഥൻ നിറവേറ്റും.
ഇക്കാര്യങ്ങളൊക്കെ പരിഗണിച്ച് വീട് സ്വന്തമാക്കണോ അതോ വാടകയ്ക്ക് എടുത്താൽ മതിയോ എന്ന് തെരഞ്ഞെടുക്കാം. വീട് വാങ്ങുന്നതു വഴി റിയൽ എസ്റ്റേറ്റ് സാധ്യതകൾ നിങ്ങളുടെ ഭാവി നിക്ഷേപത്തിന് മുതൽക്കൂട്ടായേക്കും. അതേ സമയം ചെറിയ സ്ഥലത്ത് അനാവശ്യ ആഡംബരം കാണിച്ച് വീട് വയ്ക്കുന്നത് ഒരിക്കലും ഒരു നിക്ഷേപമാർഗം എന്ന രീതിയിൽ നിങ്ങളെ സഹായിക്കില്ല.












Click it and Unblock the Notifications