അഞ്ച് പൈസ കയ്യില്‍ നില്‍ക്കാത്ത പ്രശ്നമുണ്ടോ? പരിഹാരം വീട്ടില്‍ നിന്ന് തുടങ്ങാം, ഇതാ 5 വിദ്യകള്‍
എത്ര അധ്വാനിച്ചാലും അഞ്ച് പൈസ പോലും കയ്യില്‍ നില്‍ക്കാത്ത ഓട്ടക്കൈ ആയിരിക്കും നമ്മളില്‍ പലരുടേയും. യഥാർത്ഥത്തില്‍ ഇവിടെ പ്രശ്നക്കാർ നമ്മള്‍ തന്നെയാണ്. പൈസ ഉണ്ടാക്കാന്‍ മാത്രമല്ല, അത് സൂക്ഷിക്കാനും ആവശ്യത്തിന് ചിലവഴിച്ച് ബാക്കി സമ്പാദിച്ച് വെക്കുമ്പോഴും മാത്രമാണ് നമുക്ക് സാമ്പത്തിക സ്വാതന്ത്രം അനുഭവിക്കാന്‍ കഴിയുന്നത്. അതും ഇല്ലെങ്കില്‍ അല്‍പമൊരു സമ്പാദ്യമെങ്കിലും സൃഷ്ടിക്കാന്‍ സാധിക്കുന്നത്.
ഇന്നുവരെ പണം സേവ് ചെയ്ത് തുടങ്ങാത്തവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്കുള്ള ഏടാനും ടിപ്സാണ് ഇവിടെ പറയാന്‍ പോകുന്നത്. ആദ്യത്തെ ഒരു മാസത്തില്‍ തന്നെ നിങ്ങള്‍ക്ക് ചിലവിലെ വ്യത്യാസം കാണാന്‍ കഴിയുന്നതാണ്. പ്രധാനമായും വീട്ടിലേക്ക് അവശ്യ സാധനങ്ങള്‍ വാങ്ങുന്നതാണല്ലോ ചിലവ്. അതുകൊണ്ട് അതില്‍ എങ്ങനെ സേവ് ചെയ്യാം എന്നതില്‍ തുടങ്ങാം..

1- മൊത്തമായി വാങ്ങുക
വീട്ടിലേക്കുള്ള സാധനങ്ങള്‍ ചില്ലറയായി വാങ്ങാതെ മൊത്തമായി വാങ്ങാന്‍ എപ്പോഴും ശ്രദ്ധിക്കണം. ഇതിനായി ഓഫറുകള്‍ നല്‍കുന്ന ഹൈപ്പർ മാർക്കറ്റുകളും മറ്റും തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ നാട്ടില്‍ തന്നെയാണെങ്കിലും വിലക്കുറവുള്ള കടകളില്‍ നിന്നും സ്ഥിരമായി വാങ്ങുക. സ്ഥിരമായി ഒരു ബന്ധം സ്ഥാപിക്കുന്നതിലൂടെ കൂടുതല്‍ ഇളവുകള്‍ ലഭിക്കാനും സാധ്യതയുണ്ട്.
2. ഭക്ഷണം
പുറത്ത് നിന്ന് ഭക്ഷണം കഴിക്കാന്‍ താല്‍പര്യപ്പെടുന്നവർ ആയിരിക്കും നമ്മളില്‍ പലരും.ഇടക്കൊക്കെ ഇത് നല്ലതാണെങ്കിലും സ്ഥിരമാക്കുമ്പോള്‍ അത് വരുത്തിവെക്കുന്ന ചിലവ് വലിയ തോതിലാണ്. അതുകൊണ്ട് സ്ഥിരമായി വീട്ടില്‍ തന്നെ ഭക്ഷണം തയ്യാറാക്കാനും. ആവശ്യമെങ്കില്‍ മാത്രം പുറത്ത് നിന്ന് കഴിക്കുകയും ചെയ്യുക. സ്വന്തമായി ഭക്ഷണം തയ്യാറാക്കി ജോലി സ്ഥലത്തേക്കൊക്കെ കൊണ്ടുപോകുന്നതാണ് നിങ്ങളുടെ ആരോഗ്യത്തിനും നല്ലത്.
3- എപ്പോള്‍ ഷോപ്പ് ചെയ്യണം
ചൊവ്വ, ബുധൻ അല്ലെങ്കിൽ വ്യാഴം ദിവസങ്ങളിൽ ഷോപ്പിംഗ് നടത്തുന്നത് പലചരക്ക് സാധനങ്ങളിൽ കൂടുതൽ കിഴിവുകൾ നേടാന്‍ നിങ്ങളെ സഹായിച്ചേക്കാം. പല സൂപ്പർ മാർക്കറ്റുകളും പലപ്പോഴും ഓഫർ സെയിൽസ് ഈ ദിനങ്ങളിലായിരിക്കും നടത്തുക. കൂടാതെ പ്രവൃത്തിദിവസങ്ങളിൽ കൂപ്പണുകളോ സേവിംഗുകളോ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.
4. ക്യാഷ്ബാക്ക് ക്രെഡിറ്റ് കാർഡ്
നിങ്ങള്‍ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേഴ് നടത്തുന്നവർ ആണെങ്കില്‍ ക്യാഷ്-ബാക്ക് ക്രെഡിറ്റ് കാർഡ് വേണം ഉപയോഗിക്കാന്‍. പലചരക്ക് സാധനങ്ങൾ, എല്‍പിജി, പെട്രോള്‍ പോലുള്ള ഏറ്റവും വലിയ ചെലവ് വരുന്നത് ഏത് ഇനങ്ങള്‍ക്ക് വേണ്ടിയാണോ അതിന് അനുസരിച്ച് ക്യാഷ്ബാക്ക് വാഗ്ദാനം ചെയ്യുന്ന കാർഡുകള്‍ വേണം തിരഞ്ഞെടുക്കാന്‍. കൂടാതെ പലിശ നിരക്കുകൾ ഒഴിവാക്കാൻ ഓരോ മാസവും ബില്ല് അടക്കുന്നുവെന്നും ഉറപ്പ് വരുത്തുക.
5. ലിസ്റ്റ്
നിങ്ങള്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോകാന്‍ ഉദ്ധേശിക്കുകയാണെങ്കില്‍ വീട്ടില്‍ നിന്ന് തന്നെ ഒരു ലിസ്റ്റ് തയ്യാറാക്കുക. ഷോപ്പില്‍ എത്തിയാല്‍ അനാവശ്യ സാധനങ്ങള്‍ വാങ്ങാതെ ഈ സാധനങ്ങള്‍ മാത്രം വാങ്ങുക. ചില സമയത്ത് വിലകൂടിയ സാധനങ്ങള്‍ക്ക് പകരം വെക്കാവുന്ന സാധനങ്ങളും നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.












Click it and Unblock the Notifications