ഈ നേട്ടത്തിന് പിന്നില്‍ പ്രവാസിയുടെ കണ്ണീരുമില്ലേ? എമിറേറ്റ്സ് 6 മാസത്തില്‍ സ്വന്തമാക്കിയത് 10.4 ബില്യൺ ദിർഹം
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഏവിയേഷന്‍ കമ്പനിയാണ് എമിറേറ്റ്സ്. 1985 ല്‍ സർക്കാർ ഉടമസ്ഥതയില്‍ സ്ഥാപിതമായ കമ്പനി ഇന്ന് ലോകത്തിലെ വിവിധ നഗരങ്ങള്‍ക്കിടയില്‍ സർവ്വീസ് നടത്തുന്നത്. കേരളത്തില്‍ നിന്നും പ്രധാനമായും ഗള്‍ഫ് മേഖലയിലേക്കാണ് എമിറേറ്റസ് സർവ്വീസ് നടത്തുന്നത്. മികച്ച സേവനം നല്‍കുന്ന എമിറേറ്റ്സിന്റെ സർവ്വീസ് യാത്രക്കാർക്ക് ഏറെ പ്രിയപ്പെട്ടതുമാണ്.
പല വിമാന കമ്പനികളും നഷ്ടത്തിലേക്ക് പോകുമ്പോള്‍ അർദ്ധവർഷ സാമ്പത്തിക റിപ്പോർട്ടില്‍ എക്കാലത്തേയും ഉയർന്ന് നേട്ടമാണ് എമിറേറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. 2024 ലെ ആദ്യ ആറ് മാസത്തില്‍ നികുതിക്ക് മുമ്പുള്ള കമ്പനിയുടെ ലാഭം 10.4 ബില്യൺ ദിർഹമാണെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. അതായത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുയാണെങ്കില്‍ 238834544000 രൂപയാണ്.

ഇത്തരമൊരു നേട്ടം സ്വന്തമാക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നാണ് എമിറേറ്റ്‌സ് എയർലൈൻ ആൻഡ് ഗ്രൂപ്പിൻ്റെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം എക്സിലെ ഒരു പോസ്റ്റില്‍ കുറിച്ചത്. '2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ മികച്ച നേട്ടം സ്വന്തമാക്കിയതിലൂടെ എമിറേറ്റ്‌സ് ഗ്രൂപ്പ് കഴിഞ്ഞ വർഷത്തെ റെക്കോർഡ് പ്രകടനത്തെ മറികടന്നുവെന്ന് പ്രഖ്യാപിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു' ഷെയ്ഖ് അഹമ്മദ് ബിൻ സഈദ് അൽ മക്തൂം കുറിച്ചു.
ദുബായിയുടെ വളർച്ചയ്ക്ക് അനുസൃതമായി തങ്ങളും വളരുകയാണ്. ജീവിക്കാനും ജോലി ചെയ്യാനും വിനോദ സഞ്ചാരത്തിനായും ബിസിനസ് ചെയ്യാനുമായി നിരവധി ആളുകള്‍ ദുബായിലേക്ക് എത്തുന്നു. ദുബായിയുടെ ഇത്തരത്തിലുള്ള വളർച്ചാ നിരക്കുമായി സംയോജിച്ച് പ്രവർത്തിക്കുന്ന ഞങ്ങളുടെ ബിസിനസ്സ് മോഡലിൻ്റെ ശക്തിയെ ഈ നേട്ടം വീണ്ടും വ്യക്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
9 ശതമാനം നികുതി അടച്ചതിന് ശേഷം എമിറേറ്റ്‌സ് ഗ്രൂപ്പ് 9.3 ബില്യൺ ദിർഹത്തിൻ്റെ (213568083000 രൂപ)ലാഭമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024-25 ലെ ആദ്യ ആറ് മാസങ്ങളിൽ കമ്പനിയുടെ ആകെ വരുമാനം 70.8 ബില്യൺ ദിർഹമായിരുന്നു. കഴിഞ്ഞ വർഷത്തെ 7.3 ബില്യണ്‍ ദിർഹത്തില്‍ നിന്ന് അഞ്ച് ശതമാനം വർധനവാണ് ഇത്തവണയുണ്ടായത്.
എമിറേറ്റ്സ് ഗ്രൂപ്പിന്റെ ഈ നേട്ടത്തില്‍ അതിലെയാത്രക്കാർ എന്ന നിലയില്‍ പ്രവാസികള്‍ക്കും നിർണ്ണായക പങ്കുണ്ടെന്ന് പറയാം. സീസണില്‍ വന്‍ തോതില്‍ ടിക്കറ്റ് നിരക്ക് ഉയർത്തുന്നതില്‍ പുറകിലല്ലാത്ത കമ്പനിയാണ് എമിറേറ്റസും. അതുകൊണ്ട് തന്നെ മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈ നേട്ടത്തില്‍ പ്രവാസികളുടെ കണ്ണീരുമുണ്ട്. എന്ത് തന്നെയായാലും ഒരു സ്ഥാപനം എന്ന നിലയില്‍ എമിറേറ്റസിന്റെ നേട്ടം പ്രശംസനീയമാണ്.












Click it and Unblock the Notifications