പണമുണ്ടാക്കണം, ബിസിനസ് വളരണം; എന്താണ് മാര്‍ഗം... മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്റെ ഉപദേശം
കോഴിക്കോട്: വളരെ ചെറുപ്പത്തില്‍ ബിസിനസ് രംഗത്ത് ഇറങ്ങിയ വ്യക്തിയാണ് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ടിന്റെ ചെയര്‍മാന്‍ എംപി അഹമ്മദ്. കോഴിക്കോട് പാളയത്ത് ചെറിയ സ്വര്‍ണക്കട തുടങ്ങുമ്പോള്‍ തന്നെ അദ്ദേഹം ജ്വല്ലറി രംഗത്തിന്റെ ഭാവി സാധ്യതകള്‍ മനസിലാക്കിയിരുന്നു. പിന്നീട് കര്‍ണാടകയിലേക്കും ദുബായിലേക്കും ബിസിനസ് വ്യാപിപ്പിച്ച മലബാര്‍ ഗ്രൂപ്പ് ഇന്ന് 13 രാജ്യങ്ങളിലുണ്ട്.
ബിസിനസ് വിജയത്തിന്റെ പടവുകള്‍ കയറുമ്പോഴും അദ്ദേഹം പുതിയ അവസരങ്ങള്‍ തേടിപ്പോയി. ഏറ്റവും പുതിയ മാറ്റങ്ങള്‍ അറിയാന്‍ ശ്രമിച്ചു. വിദഗ്ധരെ കൂടെ ചേര്‍ത്തു. സാങ്കേതിക രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങള്‍ വേഗത്തില്‍ ഉള്‍ക്കൊണ്ടു... വണ്‍ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പുതിയ സംരംഭകര്‍ക്ക് നല്‍കാനുള്ള ഉപദേശം അദ്ദേഹം പങ്കുവച്ചു...

പുതിയ സംരംഭകര്‍ വളരെ ഫോക്കസ്ഡ് ആയിരിക്കണം എന്നാണ് എംപി അഹമ്മദിന് ആദ്യമായി പറയാനുള്ളത്. വൈഡ് ആകരുത്. മെല്ലെ മെല്ലെ തുടങ്ങി വലുതാകുക. ഒരാള്‍ക്ക് ഇക്കാലത്ത് ഒന്നും ചെയ്യാന്‍ സാധിക്കില്ല. നല്ല ടീം ഉണ്ടായിരിക്കണം. ടീം വര്‍ക്ക് വേണം. ലോകത്ത് വലിയ മല്‍സരങ്ങള്‍ നടക്കുന്നുണ്ട്. അത് മനസിലാക്കി മല്‍സരിക്കാന്‍ തയ്യാറാകണം...
നല്ല സേവനം നല്‍കണം. ഗുണമുള്ള ഉല്‍പ്പന്നമായിരിക്കണം. കുറഞ്ഞ വിലയ്ക്ക് നല്‍കാന്‍ സാധിക്കണം. ഇതെല്ലാമാണ് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നത്. പെട്ടെന്നുള്ള ലാഭം പ്രതീക്ഷിക്കരുത്. ആ പ്രതീക്ഷ നിങ്ങളെ കൊല്ലും. പെട്ടെന്ന് പൈസയുണ്ടാക്കാന്‍ ആഗ്രഹിക്കരുത്. ഓരോ ചുവടുകളും കയറിപ്പോകണം. ആത്മാര്‍ഥമായി ജോലി ചെയ്യുകയും വേണം...
ഈസി മണി സാധ്യമല്ല. ലോകത്ത് ഓണ്‍ലൈനിലും ഓഫ് ലൈനിലുമെല്ലാം വന്‍കിട ബിസിനസുകാര്‍ വരികയാണ്. കാലഘട്ടവും വിപണിയും മനസിലാക്കണം. സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഉള്‍ക്കൊള്ളാന്‍ സാധിക്കണം. ടെക്‌നോളജി ബിസിനസിന്റെ പ്രധാന ഘടകമാണെന്നും എംപി അഹമ്മദ് പറഞ്ഞു.
ബിസിനസ് തുടങ്ങാന്‍ എളുപ്പം ദാ ഇവിടെ...
13 രാജ്യങ്ങളില്‍ 300ഓളം ജ്വല്ലറി ഷോറൂമുകള്‍ ഉള്ള എംപി അഹമ്മദിന് ബിസിനസ് സൗഹൃദമായ രാജ്യമായി തോന്നിയത് സിംഗപ്പൂരിനെയാണ്. അമേരിക്ക, ഓസ്‌ട്രേലിയ, മലേഷ്യ, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം മലബാര്‍ ഗോള്‍ഡ് നിലവിലുണ്ട്. ലോസ് ആഞ്ചലസിലെ കാട്ടുതീ ഏറെ ആശങ്കപ്പെടുത്തുന്നതാണെന്നും എംപി അഹമ്മദ് പറഞ്ഞു.
സിംഗപ്പൂരിലാണ് ബിസിനസ് തുടങ്ങാന്‍ വളരെ എളുപ്പമെന്ന് അദ്ദേഹം പറയുന്നു. ഓണ്‍ലൈനിലാണ് എല്ലാ നടപടികളും. സര്‍ക്കാര്‍ നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ യാതൊരു തടസവുമില്ലാതെ ബിസിനസ് തുടങ്ങാന്‍ സാധിക്കും. ഡിജിറ്റല്‍ അഡ്മിനിസ്‌ട്രേഷനാണ് സിംഗപ്പൂരിന്റെ പ്രത്യേകത. സിംഗപ്പൂരിലെത്തുന്ന ഓരോ വ്യക്തിയും ഡിജിറ്റല്‍ നിരീക്ഷണത്തിലാകുമെന്നത് ആ രാജ്യത്തിന്റെ പ്രത്യേകതയാണെന്നും അഹമ്മദ് വിശദീകരിച്ചു.
കൊവിഡ് കാലത്ത് ഷോപ്പ് അടച്ചിടാന്‍ സിംഗപ്പൂര്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. ജീവനക്കാരുടെ ശമ്പളം നല്‍കാന്‍ പറഞ്ഞപ്പോഴും തങ്ങള്‍ അനുസരിച്ചു. പിന്നീട് ജീവനക്കാരുടെ ശമ്പളവും വാടകയുമെല്ലാം തങ്ങളുടെ അക്കൗണ്ടില്‍ എത്തി. മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് എല്ലാവിധ സഹകരണവും സിംഗപ്പൂരില്‍ ലഭിക്കുമെന്നും ചെറിയ രാജ്യമായതിനാല്‍ ഭരണകൂടത്തിന് നിയന്ത്രിക്കാന്‍ എളുപ്പമാണെന്നും അഹമ്മദ് പറഞ്ഞു.












Click it and Unblock the Notifications