ഈ സ്വര്‍ണം വാങ്ങിയാല്‍ 10000 രൂപ ലാഭം!! എന്നിട്ടും മടിക്കാന്‍ കാരണം രണ്ട്, വില കുറഞ്ഞ പൊന്നിന്റെ മേന്മ
ഏറിയും കുറഞ്ഞും സ്വര്‍ണം പവന്‍ വില 57000ത്തിന് അടുത്തെത്തിയിരിക്കുന്നു. ഒരു വേള 60000 തൊടാന്‍ തുനിഞ്ഞ് പിന്നോട്ടടിച്ചതായിരുന്നു മഞ്ഞലോഹം. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ വില കുറയുന്നതായിരുന്നു വിപണിയിലെ ട്രെന്‍ഡ്. എന്നാല്‍ ഇപ്പോള്‍ കൂടി വരുന്നതാണ്. പ്രവചിക്കാന്‍ പറ്റാത്ത പല ഘടകങ്ങളും സ്വര്‍ണവിപണിയിലുണ്ട്. സ്വര്‍ണവില കൂടുമ്പോള്‍ താല്‍പ്പര്യം അല്‍പ്പം മാറ്റിപ്പിടിക്കുകയാണ് ഉപഭോക്താക്കള്‍.
സമ്പാദ്യമായും അലങ്കാരമായും പ്രതാപം കാണിക്കാനുമെല്ലാം സ്വര്‍ണം വാങ്ങുന്നവരാണ് മലയാളികള്‍. മിക്കവരും ആഭരണമായി ഉപയോഗിക്കാം എന്ന് കരുതിയാണ് വാങ്ങുന്നത്. 22 കാരറ്റ് സ്വര്‍ണമാണ് കേരളത്തില്‍ കൂടുതല്‍ പ്രചാരത്തില്‍. അതുകൊണ്ടുതന്നെ ഈ പരിശുദ്ധിയിലുള്ള സ്വര്‍ണവിലയാണ് എല്ലാ ദിവസവും വ്യാപാരികള്‍ പരസ്യപ്പെടുത്താറ്. വില കുറഞ്ഞ മറ്റു സ്വര്‍ണങ്ങളുമുണ്ട്. അതിന്റെ ഗുണവും ദോഷവും അറിയേണ്ടതാണ്...

22 കാരറ്റ് സ്വര്‍ണം പവന് ഇന്നത്തെ വില 56800 രൂപയാണ്. ഗ്രാമിന് 7100 രൂപയും. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5865 രൂപയാണ് ഇന്ന് നല്‍കേണ്ടത്. 22 കാരറ്റിന് പകരം 18 കാരറ്റിന്റെ ഒരു പവന്‍ ആണ് വാങ്ങുന്നതെങ്കില്‍ 9880 രൂപയുടെ ലാഭം ലഭിക്കും. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നതിന് തുല്യമായി 18 കാരറ്റ് സ്വര്‍ണത്തിലും വില മാറ്റം സംഭവിക്കുന്നുണ്ട്.
ഈ സ്വര്‍ണം വാങ്ങുമ്പോഴുള്ള മെച്ചം അറിയാമോ...
വില കുറവുണ്ട് എന്നതാണ് ആദ്യം എടുത്തു പറയേണ്ട മെച്ചം. മറ്റൊരു കാര്യം പണിക്കൂലിയിലെ ലാഭമാണ്. അഞ്ച് ശതമാനം മുതല്‍ തുടങ്ങുന്നു ആഭരണങ്ങളുടെ പണിക്കൂലി. വാങ്ങുന്ന സ്വര്‍ണത്തിന്റെ അഞ്ച് ശതമാനം പണിക്കൂലിയാണ് മിക്ക ആഭരണങ്ങള്‍ക്കും നല്‍കേണ്ടത്. ഡിസൈന്‍ കൂടുമ്പോള്‍ പണിക്കൂലി കൂടും. സ്വര്‍ണവില കൂടുമ്പോള്‍ പണിക്കൂലിയില്‍ മാറ്റംവരും. അതുകൊണ്ടുതന്നെ കുറഞ്ഞ വിലയിലുള്ള സ്വര്‍ണം വാങ്ങുമ്പോള്‍ പണിക്കൂലിയും കുറയും.
സ്വര്‍ണവില, പണിക്കൂലി എന്നിവയുടെ മൂന്ന് ശതമാനമാണ് നികുതി. കുറഞ്ഞ വിലയുടെ സ്വര്‍ണമാണെങ്കില്‍ പണിക്കൂലി മാത്രമല്ല, ജിഎസ്ടിയും കുറയും. 18 കാരറ്റ് സ്വര്‍ണത്തിന് കരുത്തു കൂടുമെന്നതാണ് എടുത്തു പറയേണ്ട കാര്യം. 75 ശതമാനം സ്വര്‍ണവും ബാക്കി ചെമ്പോ വെള്ളിയോ ആയിരിക്കും ഈ കാരറ്റിലെ ആഭരണങ്ങള്‍ നിര്‍മിക്കുന്നതിന് ഉപയോഗിക്കുക. അതുകൊണ്ടുതന്നെ വേഗത്തില്‍ കേടുവരുമെന്ന ആശങ്ക വേണ്ട.
മികച്ച ഡിസൈനിലുള്ള ആഭരണങ്ങള്‍ കൂടുതല്‍ വരുന്നത് 18 കാരറ്റിലാണ് എന്നത് മിക്ക ഉപഭോക്താക്കള്‍ക്കും അറിയില്ല. ഈ ആഭരണം വില്‍ക്കുന്ന വേളയില്‍ അതില്‍ അടങ്ങിയ സ്വര്‍ണത്തിന്റെ അളവിന് അനുസരിച്ചുള്ള വില കിട്ടും. പ്രമുഖ ജ്വല്ലറികളിലെല്ലാം 18 കാരറ്റ് സ്വര്‍ണത്തിന് പ്രത്യേക കൗണ്ടറുകള്‍ തന്നെയുണ്ട്. ഈ ഇനം സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറിയിട്ടുണ്ടെന്നും ജ്വല്ലറി വ്യാപാരികള്‍ പറയുന്നു.
ഗുണം മാത്രമല്ല, ഇക്കാര്യം കൂടി അറിയണം
എന്നിട്ടും എന്തുകൊണ്ട് ആളുകള്‍ വാങ്ങാന്‍ മടിക്കുന്നു എന്ന ചോദ്യത്തിന് രണ്ട് കാരണമാണ് ചൂണ്ടിക്കാട്ടാനുള്ളത്. മലയാളികള്‍ അലങ്കാരമായി മാത്രമല്ല സ്വര്‍ണാഭരണത്തെ കാണുന്നത്. പ്രതിസന്ധി വേളയില്‍ ബാങ്കില്‍ പണയം വയ്ക്കാനും ഇവ ഉപയോഗിക്കുന്നുണ്ട്. 18 കാറ്റിലെ സ്വര്‍ണം ബാങ്കുകള്‍ ലോണിന് ഈടായി സ്വീകരിക്കില്ല എന്നതാണ് വെല്ലുവിളി. എന്നാല്‍ വില കൂടുകയും ഉപയോഗം വര്‍ധിക്കുകയും ചെയ്താല്‍ ബാങ്കുകള്‍ നിലപാട് മാറ്റിയേക്കാം.
ഉപഭോക്താക്കള്‍ അകലാന്‍ മറ്റൊരു കാരണം, ഉപയോഗിച്ച് കുറച്ചുകഴിഞ്ഞാല്‍ തിളക്കം കുറയുമെന്നതാണ്. മഞ്ഞ നിറം കുറയുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ തിളക്കം കുറയുമെന്ന പ്രചാരണത്തില്‍ വസ്തുതയില്ലെന്ന് വ്യാപാരികള്‍ പ്രതികരിക്കുന്നു. ആഭരണമായി അണിയുക മാത്രമാണ് ലക്ഷ്യമെങ്കില്‍ ഏറ്റവും ലാഭകരം 18 കാരറ്റ് തന്നെയാണ്.












Click it and Unblock the Notifications