സ്വർണം വരവ് കുറയുന്നു; നവംബറിലെ ആവേശം ഡിസംബറിലില്ല, പകുതിയിലേറെ ഇടിഞ്ഞേക്കും: രൂപയ്ക്ക് നല്ല കാലം
ഡല്‍ഹി: രാജ്യത്തെ സ്വർണ ഇറക്കുമതിയില്‍ നവംബറില്‍ രേഖപ്പെടുത്തിയത് റെക്കോർഡ് വർധനവ്. നവംബർ മാസത്തിൽ സ്വർണ ഇറക്കുമതിയില്‍ 132 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയത്. അതായത് കഴിഞ്ഞ മാസം ആകെ 130 ടണ്‍ സ്വർണം വിവിധ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്തുവെന്നാണ് കണക്കുകള്‍. ജനുവരി-നവംബർ കാലയളവിൽ സ്വർണ ഇറക്കുമതി 10 ശതമാനം ഉയർന്നപ്പോൾ വെള്ളി ഇറക്കുമതി 121 ശതമാനം ഉയർന്നുവെന്നതും ശ്രദ്ധേയമാണ്.
നവംബറിലെ ഉയർന്ന തോതിലുള്ള ഇറക്കുമതി ഡിസംബറിലെ ഇറക്കുമതിയിടിവിനും കാരണമായി. സ്വർണത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഭോക്താവായ ഇന്ത്യയുടെ കുറഞ്ഞ ഇറക്കുമതി അന്താരാഷ്ട്ര തലത്തില്‍ വിലയെ നിയന്ത്രിക്കുന്ന ഘടകമായും മാറിയേക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇറക്കുമതിയിലെ ഇടിവ് ഇന്ത്യയുടെ വ്യാപാരക്കമ്മി കുറയ്ക്കാനും രൂപയുടെ തിരിച്ച് വരവിന് വഴിയൊരുക്കുകയും ചെയ്യും.

നിക്ഷേപത്തിനും ആഭരണങ്ങൾക്കുമുള്ള ശക്തമായ ഡിമാൻഡ് കാരണമാണ് കഴിഞ്ഞ മാസം ഇറക്കുമതി വർധിച്ചതെന്നാണ് ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ (ഐ ബി ജെ എ) പ്രസിഡൻ്റ് പൃഥ്വിരാജ് കോത്താരി റോയിട്ടേഴ്സിനോട് വ്യക്തമാക്കുന്നു. "നവംബറില്‍ സ്വർത്തിന്റെ ഇറക്കുമതി വർധനവിന് കാരണമായി ഉയർന്ന് ഡിമാന്‍ഡ് ഇപ്പോഴില്ല. ഈ സാഹചര്യത്തില്‍ ഇറക്കുമതി മന്ദഗതിയിലാണ്. ഡിസംബറിൽ 50 ശതമാനത്തിലധികം ഇടിവ് വരെ സ്വർണ ഇറക്കുമതിയിലുണ്ടായേക്കും." പൃഥ്വിരാജ് കോത്താരി പറഞ്ഞു.
നവംബറില്‍ 14.8 ബില്യൺ ഡോളറിന്റെ സ്വർണ്ണമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇത് രാജ്യത്തിന്റെ വ്യാപാര കമ്മി റെക്കോർഡ് തലത്തിലേക്ക് ഉയർത്തുകയും രൂപയെ എക്കാലത്തെയും താഴ്ന്ന നിലയിലേക്ക് തള്ളി വിടുകയും ചെയ്തു. ഒക്ടോബറിലെ ഉയർന്ന നിരക്കും നവംബറിലെ ഡിമാന്‍ഡ് വർധിപ്പിച്ചു. ഒക്ടോബറില്‍ വില റെക്കോർഡ് തരത്തിലേക്ക് ഉയർന്നതോടെ അടുത്ത ഇടിവിനായി കാത്തിരിക്കുകയായിരുന്നു ആളുകള്‍. നവംബറില്‍ അമേരിക്ക തിരഞ്ഞെടുപ്പ് അടക്കുള്ള ഘടകങ്ങളാല്‍ വില വലിയ തോതില്‍ ഇടിയുകയും വില്‍പ്പന ഉയരുകയും ചെയ്തു.
ഒക്ടോബറിൽ രാജ്യത്ത് ഗ്രാം വില 7977 വരെ ഉയർന്നിരുന്നുവെങ്കില്‍ നവംബർ പകുതിയോടെ ഇത് 7330 ലേക്ക് എത്തി. എന്നാല്‍ നവംബറിലെ അപേക്ഷിച്ച് ഡിസംബറില്‍ വില വീണ്ടും ഉയർന്നു. സ്വാഭാവികമായും ഇത് ആളുകളെ നിരുത്സാഹപ്പെടുത്തും. നിലവിലെ രീതിയിലാണ് വില്‍പ്പന മുന്നോട്ട് പോകുന്നതെങ്കില്‍ ഡിസംബറില്‍ 5 ബില്യൺ ഡോളറിന്റെ സ്വർണമായിരിക്കും ഇന്ത്യ ഇറക്കുമതി ചെയ്യുകയെന്നും പൃഥ്വിരാജ് കോത്താരി കൂട്ടിച്ചേർത്തു.
രാജ്യത്തേക്ക് എത്തുന്ന സ്വർണത്തിന്റെ അളവില്‍ കുറവുണ്ടായതായി കസ്റ്റംസും വ്യക്തമാക്കുന്നു. 'കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം ഇതുവരെ, ഞങ്ങൾക്ക് ക്ലിയറിംഗിനായി കുറച്ച് സ്വർണ്ണം മാത്രമേ ലഭിച്ചിട്ടുള്ളൂ.' " പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ഒരു കസ്റ്റംസ് ഉദ്യോഗസ്ഥൻ റോയിട്ടേഴ്സിനോടായി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. 120 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57 080 രൂപയിലേക്ക് എത്തി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞതോടെ 7135 രൂപയിലാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില്‍പ്പന. ഡിസംബർ 2 ന് രേഖപ്പെടുത്തിയ 56720 രൂപയാണ് ഈ മാസത്തെ കുറഞ്ഞ വില. കൂടിയ നിരക്കാകട്ടെ 11ന് രേഖപ്പെടുത്തിയ 58280 രൂപയും.












Click it and Unblock the Notifications