സ്വർണം തകർത്താടി: ലാഭം 20 ശതമാനത്തിലേറെ; വാങ്ങിയവരുടെ പോക്കറ്റ് നിറഞ്ഞു, 2025 ലും നേട്ടമോ?
സ്വർണവില പലതവണ റെക്കോർഡുകള്‍ തിരുത്തിയ വർഷമാണ് 2024. സ്വർണാഭരണ പ്രേമികളെ സംബന്ധിച്ച് ഈ വില വർധനവ് വലിയ തിരിച്ചടിയും പ്രതിസന്ധിയും സൃഷ്ടിച്ചപ്പോള്‍ സ്വർണത്തില്‍ നിക്ഷേപിച്ചവർക്ക് വന്‍ ലാഭമാണുണ്ടായത്. അതായത് 20 ശതമാനം ലാഭമാണ് സ്വർണം കടന്നുപോകുന്ന വർഷം സ്വർണം നിക്ഷേപകർക്ക് നല്‍കിയതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതേകാലയളവില്‍ തന്നെ ഓഹരി വിപണി നല്‍കിയ റിട്ടേണിനേക്കാള്‍ വളരെ അധികമാണ് സ്വർണത്തിലെ റിട്ടേണ്‍ എന്നതും ശ്രദ്ധേയമാണ്.
2024 സ്വർണ വിലയുടെ വർധനവിന് വിവിധ കാരണങ്ങള്‍ പ്രധാന ഘടകമായിട്ടുണ്ട്. സംഘർഷഭരിതമായ ഭൗമരാഷ്ട്രീയ പശ്ചാത്തലം, ലോകമെമ്പാടും അനുഭവപ്പെട്ട സാമ്പത്തിക അസ്ഥിരത, വന്‍ തോതില്‍ സ്വർണം വാങ്ങിക്കൂട്ടിയ കേന്ദ്ര ബാങ്കുകളുടെ നടപടി എന്നിവയെല്ലാം സ്വർണം വില മുന്നോട്ട് കുതിക്കുന്നതില്‍ നിർണ്ണായകമായി. റെക്കോർഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വർണ വിലയ്ക്ക് നേരിയ തോതിലെങ്കിലും കടിഞ്ഞാണ്‍ വീണത് അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയം ഉറപ്പിച്ചതോടെയാണ്.

നിഫ്റ്റിയും സെൻസെക്സും ഈ വർഷം ഇതുവരെ 12 ശതമാനം നേട്ടമാണുണ്ടാക്കിയത്. സ്ഥിര നിക്ഷേപങ്ങൾ (6%), ബോണ്ടുകൾ (7-8%) എന്നിവയെ അപേക്ഷിച്ച് സ്വർണത്തിൻ്റെ റിട്ടേൺ വളരെ ഉയർന്നതായിരുന്നുവെന്ന് എൽകെപി സെക്യൂരിറ്റീസിലെ ജതീൻ ത്രിവേദിയെ ഉദ്ധരിച്ച് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആഭ്യന്തര വിപണിയിൽ 20 ശതമാനത്തിന്റെ നേട്ടമാണ് സ്വർണമുണ്ടാക്കിയതെങ്കില്‍ അന്താരാഷ്ട്ര വിപണിയില്‍ ഇത് 27 ശതമാനത്തോളമാണ്.
2024 ല്‍ സ്വർണത്തില്‍ 12 മുതല്‍ 14 ശതമാനം വരെ റിട്ടേണ്‍ ഉണ്ടാകുമെന്നായിരുന്നു വർഷത്തിന്റെ തുടക്കത്തില്‍ വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ ആ വിലയിരുത്തലുകളെയെല്ലാം മറികടന്ന് സ്വർണം മുന്നോട്ട് കുതിച്ചു. കഴിഞ്ഞ ഏഴ് പാദങ്ങളിലാണ് വിലയില്‍ വന്‍ മുന്നേറ്റമുണ്ടായത്. ഇക്കാലയളവില്‍ വില ഏതാണ്ട് 25 ശതമാനത്തിലേറെ ഉയർന്നു.
2023 ൽ ഏകദേശം 15 ശതമാനം റിട്ടോണാണ് സ്വർണത്തില്‍ നിക്ഷേപിച്ചവർക്ക് ലഭിച്ചത്. അതായത് വില 15 ശതമാനത്തോളം ഉയർന്നു. 2022 ൽ 14.38 ശതമാനവും 2019 ലും 2020 ലും സ്വർണ്ണ വില 24.59 ശതമാനവും 28.24 ശതമാനവും ഉയർന്നപ്പോൾ 2021 ൽ വില താഴേക്ക് പോയി. 4.09 ശതമാനത്തിന്റെ ഇടിവായിരുന്നു ആ വർഷം രേഖപ്പെടുത്തിയത്. കോവിഡ് വ്യാപനം അടക്കമുള്ള വെല്ലുവിളികളാണ് ആ വർഷം സ്വർണ്ണത്തിന് തിരിച്ചടിയായത്.
അതേസമയം, രണ്ട് പ്രധാന സംഭവങ്ങൾ സ്വർണത്തിൻ്റെ മുന്നോട്ടുള്ള കുതിപ്പിന് തടസ്സം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും കസ്റ്റംസ് തീരുവ 6% ആയി വെട്ടിക്കുറച്ച നടപടിയാണ് ഇതില്‍ പ്രധാനം. ഇതോടെ സ്വർണ വിലയില്‍ 6 ശതമാനത്തിന്റേയും വെള്ളി വിലയില്‍ 5.5 ശതമാനത്തിന്റേയും ഇടിവുണ്ടായി. രണ്ടാമത്തെ പ്രധാന കാരണം തുടക്കത്തില്‍ സൂചിപ്പിച്ചത് പോലെ അമേരിക്കന്‍ തിരഞ്ഞെടുപ്പാണ്.
2025 ലും സ്വർണ വില മുന്നോട്ട് കുതിക്കുമെങ്കിലും അത് 2024 ലേത് പോലെ അത്ര ശക്തമായിരിക്കില്ലെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്. യുഎസ് ഡോളറും ക്രിപ്‌റ്റോകറൻസികളും ശക്തിപ്പെടുന്നത് അടക്കമുള്ള കാര്യങ്ങളായിരിക്കും സ്വർണ വിലയുടെ മുന്നോട്ടുള്ള കുതിപ്പില്‍ പ്രതിസന്ധി സൃഷ്ടിക്കുക. അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കും ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കുന്ന നിലപാടുകളും ഈ വിഷയത്തില്‍ നിർണ്ണായകമായിരിക്കും.












Click it and Unblock the Notifications